സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട പോളിംഗ് പുരോഗമിക്കുന്നു. ആദ്യ രണ്ട് മണിക്കൂര്‍ പിന്നിട്ടപ്പോൾ പോളിംഗ് പത്ത് ശതമാനത്തോളമെത്തി. പാലക്കാടും മലപ്പുറത്തും കോഴിക്കോടും കണ്ണൂരുമാണ് പോളിംഗ് ശതമാനത്തില്‍ മുന്നിലുള്ളത്. രാവിലെ ഒമ്പത് മണി വരെയുള്ള കണക്കുകള്‍ അനുസരിച്ച് 8.82 ശതമാനമാണ് പോളിംഗ്.
ലൈംഗിക വൈകൃത കുറ്റവാളികളെ ‘വെൽ ഡ്രാഫ്റ്റഡ്’ എന്ന് പറഞ്ഞ് ന്യായീകരിക്കാൻ വന്നാൽ പൊതുസമൂഹം അംഗീകരിക്കില്ലെന്നും ഇപ്പോള്‍ വന്നതിനേക്കാള്‍ അപ്പുറമുള്ള കാര്യങ്ങള്‍ ഇനിയും പുറത്തുവന്നേക്കാമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാം ബലാത്സംഗ കേസുമായി ബന്ധപ്പെട്ട കെപിസിസി സണ്ണി ജോസഫിന്‍റെ പ്രതികരണത്തിലാണ് കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി രംഗത്തെത്തിയത്. കോണ്‍ഗ്രസിലെ സ്ത്രീ ലമ്പടന്മാര്‍ എന്താണ് കാട്ടിക്കൂട്ടുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ തുറന്നടിച്ചു.
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗ കേസുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാക്കളെ സ്ത്രീലമ്പടന്മാരെന്ന് പറഞ്ഞ് കടന്നാക്രമിച്ച മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി രമേശ് ചെന്നിത്തല. സംവിധായകൻ പിടി കുഞ്ഞുമുഹമ്മദിനെതിരായ പരാതി രണ്ടാഴ്ച കയ്യിൽ വെച്ചിട്ടാണ് മുഖ്യമന്ത്രി ഈ വീമ്പു പറയുന്നതെന്നും തങ്ങളെ കൊണ്ട് കൂടുതൽ പറയിപ്പിക്കരുതെന്നും രമേശ് ചെന്നിത്തല തുറന്നടിച്ചു.
പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആദ്യ ബലാത്സംഗക്കേസില്‍ രണ്ടാം പ്രതിയുടെ രാഹുലിന്‍റെ സുഹൃത്തുമായ ജോബി ജോസഫും മുൻകൂർ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. യുവതിക്ക് ഗര്‍ഭഛിദ്രത്തിനുള്ള മരുന്ന് എത്തിച്ചത് ജോബി ജോസാണ് എന്നായിരുന്നു പരാതിക്കാരി ഉന്നയിച്ചിരുന്നത്. പരാതിക്കാരി ആവശ്യപ്പെട്ടതിന് അനുസരിച്ചാണ് മരുന്ന് എത്തിച്ചതെന്നാണ് ജോബിയുടെ വാദം. മരുന്നുകളുടെ ഗുരുതര സ്വഭാവത്തെക്കുറിച്ച് തനിക്കറിയില്ലെന്നും ജോബി ഹര്‍ജിയില്‍ പറയുന്നു.
ഒളിവുജീവിതം 15ാം ദിവസത്തിൽ എത്തിയിരിക്കെ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ എത്തിയേക്കും. രണ്ടാമത്തെ ബലാത്സംഗ കേസിൽ ഉപാധികളോടെ തിരുവനന്തപുരം പ്രിന്‍സിപ്പൽ സെഷൻസ് കോടതി മുൻകൂര്‍ ജാമ്യം അനുവദിച്ചതിനാൽ രാഹുൽ ഇന്ന് പാലക്കാട് എത്തുമെന്നാണ് സൂചന. പാലക്കാട് നഗരസഭയിലെ കുന്നത്തൂര്‍മേട് സെന്‍റ് സെബാസ്റ്റ്യൻ സ്കൂളിലെ രണ്ടാം നമ്പർ ബൂത്തിലാണ് വോട്ട്.
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കെപിസിസിക്ക് ലഭിച്ച പരാതി ആസൂത്രിതമാണെന്നാണ് യുഡിഎഫ് വിലയിരുത്തുന്നതെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. പരാതിക്ക് പിന്നിൽ ഒരു ‘ലീഗൽ ബ്രെയിൻ’ ഉണ്ടെന്നും, ആ പരാതി എന്തിനാണ് തനിക്ക് കിട്ടുന്ന സമയത്ത് തന്നെ മാധ്യമങ്ങൾക്ക് കിട്ടിയതെന്നും അദ്ദേഹം ചോദിച്ചു. നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടേയെന്നും അദ്ദേഹം പറഞ്ഞു.
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ പരാതി രാഷ്ട്രീയ പ്രേരിതമാണെന്ന് വിലയിരുത്തേണ്ടിവരുമെന്ന കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിന്‍റെ പ്രസ്താവന തള്ളി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. രാഹുലിനെതിരായ രണ്ടാമത്തെ പരാതി വെൽ ഡ്രാഫ്റ്റഡ് പരാതി തന്നെയാണെന്നും അത് അങ്ങനെ തന്നെയാണ് നൽകേണ്ടതെന്നും അതിൽ ഒരു തെറ്റില്ലെന്നും വിഡി സതീശൻ പറഞ്ഞു. പരാതി രാഷ്ട്രീയ പ്രേരിതമാണെന്ന് കരുതുന്നില്ലെന്നും വിഡി സതീശൻ പറഞ്ഞു.
യുഡിഎഫ് വേട്ടക്കാർക്കൊപ്പമാണെന്ന് കുറ്റപ്പെടുത്തി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. രാഹുൽ മാങ്കൂട്ടത്തിലിനെ കെ പി സി സി പ്രസിഡന്റ് ന്യായീകരിക്കുകയാണ്. നടിയ്ക്ക് നേരെയുണ്ടായ ആക്രമണക്കേസിലും യുഡിഎഫ് അതിജീവിതയ്ക്ക് ഒപ്പമല്ലെന്ന് എം വി ഗോവിന്ദൻ വിമര്‍ശിച്ചു. രാഹുല്‍ വിഷയത്തില്‍ സണ്ണി ജോസഫിന്‍റെ പരാമര്‍ശനത്തില്‍ പ്രതികരിക്കുകയായിരുന്നു ഗോവിന്ദന്‍.
തദ്ദേശ തെരഞ്ഞെടുപ്പ് സാമ്പിൾ വെടിക്കെട്ടെന്ന് മന്ത്രി കെ രാജൻ. പൂരം വരാനിരിക്കുന്നതേ ഉള്ളൂവെന്ന് അദ്ദേഹം പറഞ്ഞു. നടിയെ ആക്രമിച്ച കേസിൽ അടൂർ പ്രകാശ് പറഞ്ഞത് യുഡിഎഫിന്റെ നയം അല്ല എന്ന് എങ്ങനെ പറയാൻ പറ്റുമെന്ന് കെ രാജൻ ചോദിക്കുന്നു. യുഡിഎഫിന്‍റെ നയമല്ല പറഞ്ഞതെങ്കിൽ യുഡിഎഫ് നടപടി എടുക്കണ്ടേയെന്ന് മന്ത്രി പ്രതികരിച്ചു.
സംവിധായകൻ പി.ടി.കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമ പരാതിയിൽ ഒളിച്ചുകളിച്ച് ചലച്ചിത്ര അക്കാദമി. സംവിധായികയുടെ പരാതി അക്കാദമിക്ക് കിട്ടിയിരുന്നെന്ന് സമ്മതിച്ചെങ്കിലും തുടർ നടപടി പരസ്യമാക്കാനാകില്ലെന്ന് വൈസ് ചെയർപേഴ്സൺ കുക്കു പരമേശ്വരൻ പ്രതികരിച്ചു. കേസിൽ പരാതിക്കാരിയുടെ രഹസ്യമൊഴിയെടുക്കാൻ പൊലീസ് കോടതിയിൽ അപേക്ഷ നൽകി.
ഇടതുസഹയാത്രികനും മുന്‍എംഎല്‍എയും സംവിധായകനുമായ പി.ടി. കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗികാതിക്രമ പരാതിയിൽ നിലപാട് വ്യക്തമാക്കി നടി മാലാ പാർവതി. ഇദ്ദേഹം സഖാവായതിനാലും ഇടതുപക്ഷമായതിനാലും കൂടുതൽ ശക്തമായി അപലപിക്കുന്നുവെന്ന് അവർ ഫെയ്സ്ബുക്കിൽ കുറിച്ചു.
ഇന്ത്യയുടെ ജനാധിപത്യത്തെ രക്ഷിക്കാൻ പുതിയൊരു മുന്നേറ്റം ഉണ്ടാകുമെന്ന് കോൺഗ്രസ് അംഗം കെ.സി. വേണുഗോപാൽ. ഏത് ആയുധമുപയോഗിച്ചും തങ്ങളെ അടിച്ചമർത്താനും ജയിലിലടയ്ക്കാനും ബിജെപി ശ്രമിക്കുമെങ്കിലും ജനകീയ മുന്നേറ്റം ഉയർന്നുവരികതന്നെ ചെയ്യുമെന്ന് ലോക്‌സഭയിൽ തിരഞ്ഞെടുപ്പ് പരിഷ്കാരങ്ങൾ സംബന്ധിച്ച ചർച്ചയിൽ പങ്കെടുത്ത് വേണുഗോപാൽ പറഞ്ഞു.
വിസി നിയമന തർക്കത്തിൽ കർശന ഇടപെടലുമായി സുപ്രീംകോടതി. സാങ്കേതിക, ഡിജിറ്റൽ സർവ്വകലാശാല വിസിമാരെ സുപ്രീം കോടതി തീരുമാനിക്കും. ജസ്റ്റിസ് ധൂലിയ സമിതിയോട് ഓരോ പേരുകൾ മുദ്രവച്ച കവറിൽ നൽകാൻ കോടതി നിർദേശിച്ചു. വിസി നിയമനത്തിൽ സമയവായത്തിൽ എത്തിയില്ല എന്ന് നേരത്തെ ഗവർണർ രാജേന്ദ്ര അർലേക്കറും കേരള സർക്കാരും കോടതിയെ അറിയിച്ചിരുന്നു.
മസാല ബോണ്ട് ഇടപാടിലെ ഇ ഡി അഡ്ജ്യൂഡിക്കേഷൻ കമ്മിറ്റി നോട്ടീസിനെതിരെ കിഫ്ബി ഹൈക്കോടതിയെ സമീപിച്ചു. പ്രാഥമിക വാദം കേട്ട കോടതി ഹർജി ഇടക്കാല ഉത്തരവിനായി ചൊവ്വാഴ്ചത്തേക്ക് മാറ്റി. ഹർജിയിൽ അന്തിമ തീരുമാനമാകുംവരെ നോട്ടീസ് നടപടികൾ സ്റ്റേ ചെയ്യണമെന്നാണ് ആവശ്യം. മസാല ബോണ്ട് വഴി സമാഹരിച്ച പണം സംസ്ഥാനത്തെ വികസന പദ്ധതികൾക്കാണ് ഉപയോഗിച്ചതെന്നാണ് കിഫ്ബി വാദം.
തദ്ദേശ തെരഞ്ഞെടുപ്പിൽ എൻഡിഎയ്ക്ക് ശക്തമായ മുന്നേറ്റമുണ്ടാകുമെന്ന് മുൻ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. വോട്ട് ചെയ്തശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു സുരേന്ദ്രൻ. ശബരിമലയിലെ സ്വർണക്കൊള്ളക്കാർക്ക് തിരിച്ചടിയാകും ഈ തെരഞ്ഞെടുപ്പ്. എൽഡിഎഫും യുഡിഎഫും തീവ്രവാദ ശക്തികളുമായിട്ടാണ് സഖ്യം ഉണ്ടാക്കിയിരിക്കുന്നത്. യുഡിഎഫിന്‍റെ ജമാഅത്തെ ഇസ്ലാമിയുമായുള്ള ബന്ധവും എൽ ഡി എഫിന്‍റെ പോപ്പുലർ ഫ്രണ്ടുമായുള്ള ബന്ധവും ജനം തിരിച്ചറിയും എന്നും പറഞ്ഞു.
തിരുവനന്തപുരം കടയ്ക്കാവൂർ തൊപ്പിച്ചന്ത കണ്ണങ്കരരയിൽ മനുഷ്യന്‍റെ അസ്ഥികൂടം കണ്ടെത്തി. ശരീരസ്ഥികൂടത്തിന് സമീപത്തായി തലയോട്ടിയും വസ്ത്രവും മുടിയും കണ്ടെത്തി. ശരീര അവശിഷ്ടങ്ങൾക്ക് പത്തു ദിവസത്തോളം പഴക്കം വരുമെന്ന് പൊലീസ് അറിയിച്ചു. 75 വയസുള്ള ദേവദാസൻ എന്നയാളെ പത്ത് ദിവസമായി കാണാനില്ലെന്ന പരാതിയുണ്ട്. സമീപത്തുണ്ടായിരുന്ന കണ്ണാടിയും ചെരുപ്പും മരുമകൻ തിരിച്ചറിഞ്ഞിട്ടുണ്ട്.
കൊല്ലം അഞ്ചലിൽ വാഹനാപകടത്തിൽ മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം. ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ്സും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. മരിച്ച മൂന്ന് പേരും ഓട്ടോറിക്ഷയിൽ യാത്ര ചെയ്തവരാണ്. കരവാളൂർ സ്വദേശികളായ ശ്രുതി ലക്ഷ്മി (16), ജ്യോതിലക്ഷ്മി (21), ഓട്ടോറിക്ഷ ഡ്രൈവർ അക്ഷയ് (23) എന്നിവരാണ് അപകടത്തില്‍ മരിച്ചത്.
ഇൻഡിഗോ സർവീസ് പ്രതിസന്ധി ആസൂത്രിതമാണെന്ന സൂചനകൾക്കിടെ കമ്പനിയുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ച് കേന്ദ്ര സർക്കാർ. കമ്പനിക്കെതിരെ കൂടുതൽ നടപടിയുണ്ടാകുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി മുന്നറിയിപ്പ് നൽകി.
ഇൻഡിഗോ വിമാന സർവീസ് പ്രതിസന്ധിയിൽ കേന്ദ്ര സർക്കാരിനോട് ചോദ്യങ്ങളുമായി ദില്ലി ഹൈക്കോടതി. പ്രതിസന്ധി രൂക്ഷമാകും വരെ കേന്ദ്രസർക്കാർ ഇടപെടാൻ വൈകിയതെന്തുകൊണ്ടെന്ന് കോടതി ചോദിച്ചു. ഈ പ്രതിസന്ധി രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥയെ ബാധിക്കില്ലേ എന്നും, മറ്റു വിമാനക്കമ്പനികൾ നാൽപ്പതിനായിരം രൂപ വരെ ടിക്കറ്റിന് ഈടാക്കുന്ന സാഹചര്യം ഉണ്ടായതെങ്ങനെയെന്നും കോടതി ഇൻഡിഗോയോട് ചോദിച്ചു. കൂടാതെ യാത്രക്കാർക്ക് പണം തിരിച്ചു നൽകുന്ന നടപടി കാര്യക്ഷമമാക്കണമെന്നും നഷ്ടപരിഹാരത്തിനായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) ഇടപെടണം എന്നും കോടതി വ്യക്തമാക്കി.
പാർലമെന്റിൽ ശൈത്യകാല സമ്മേളനം തുടരുന്നതിനിടെ പ്രതിപക്ഷനേതാവ് രാഹുൽഗാന്ധിയുടെ ബെർലിൻ യാത്രയെ വിമർശിച്ച് ബിജെപി. പ്രതിപക്ഷനേതാവെന്ന കടമ നിറവേറ്റുന്നതിനുപകരം വിദേശയാത്ര തിരഞ്ഞെടുക്കുന്ന രാഹുൽ പ്രതിപക്ഷ നേതാവല്ല, പര്യടനനേതാവാണെന്ന് ബിജെപി ദേശീയവക്താവ് ഷെഹ്സാദ് പൂനാവാല പരിഹസിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും തമ്മില്‍ കഴിഞ്ഞദിവസം നടന്ന 88 മിനിറ്റ് നീണ്ട കൂടിക്കാഴ്ച പാര്‍ലമെന്ററിനകത്ത് അഭ്യൂഹങ്ങള്‍ക്ക് തിരികൊളുത്തി. ശീതകാല സമ്മേളനം നടക്കുന്നതിനിടെയാണ് ഈ കൂടിക്കാഴ്ച നടന്നത്. ചീഫ് ഇന്‍ഫര്‍മേഷന്‍ കമ്മിഷണറെ തിരഞ്ഞെടുക്കാനാണ് നേതാക്കള്‍ ചര്‍ച്ച നടത്തിയതെങ്കിലും കൂടിക്കാഴ്ച ഇത്രയും നീണ്ടുനില്‍ക്കുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല.
ജഡ്ജിമാർ വ്യക്തിപരമായ കവചംതീർക്കാനോ വിമർശനങ്ങളെ നിശ്ശബ്ദമാക്കാനുള്ള വാളായോ കോടതിയലക്ഷ്യ അധികാരത്തെ ഉപയോഗിക്കരുതെന്ന് സുപ്രീംകോടതി. ജഡ്ജിമാരെ ‘ഡോഗ് മാഫിയ’ എന്നുവിളിച്ച് അധിക്ഷേപിച്ച സ്ത്രീക്ക് ഒരാഴ്ച തടവുശിക്ഷ വിധിച്ച ബോംബെ ഹൈക്കോടതി വിധി റദ്ദാക്കിക്കൊണ്ടാണ് ജസ്റ്റിസ് വിക്രംനാഥ് അധ്യക്ഷനായ ബെഞ്ചിന്റെ നിരീക്ഷണം.
ലോട്ടറി വ്യവസായി സാന്റിയാഗോ മാർട്ടിന്റെ മകൻ ജോസ് ചാൾസ് മാർട്ടിൻ പുതുച്ചേരി കേന്ദ്രീകരിച്ച് രാഷ്ട്രീയ പാർട്ടി തുടങ്ങി. ‘ജെസിഎം മക്കൾ മൻട്രം’ എന്ന സംഘടനയെ ‘ലക്ഷ്യ ജനനായക കക്ഷി’ എന്ന പേരിൽ പാർട്ടിയായി പ്രഖ്യാപിക്കുകയായിരുന്നു. നടൻ വിജയ്‌യുടെ തമിഴക വെട്രി കഴകവുമായി (ടിവികെ) സഖ്യസാധ്യതയാണ് ജോസ് ചാൾസ്തേടുന്നതെന്നാണ് സൂചന.
ഗോവയിലെ നിശാ ക്ലബ്ബിലുണ്ടായ അഗ്നിബാധയിൽ 25 പേർ കൊല്ലപ്പെട്ടതിന് പിന്നാലെ തായ്ലാൻഡിലേക്ക് മുങ്ങിയ ക്ലബ്ബ് ഉടമകൾ പിടിയിൽ. അഞ്ച് ദിവസത്തെ ഒളിവ് ജീവിതത്തിന് പിന്നാലെയാണ് സൗരഭ് ലുത്രയും സഹോദരൻ ഗൗരഭ് ലൂത്രയും തായ്ലാൻഡിലെ ഫുകേതിൽ അറസ്റ്റിലായത്. നോർത്ത് ഗോവയിൽ ബിർച്ച് ബൈ റോമിയോ ലേൻ എന്ന നിശാക്ലബ്ബിൽ ശനിയാഴ്ചയാണ് വലിയ അഗ്നിബാധയുണ്ടായത്.
2024-ലെ ജനകീയ പ്രക്ഷോഭത്തെ തുടർന്ന് ഷെയ്ഖ് ഹസീന സർക്കാർ പുറത്തായതിനുശേഷം ബംഗ്ലാദേശ് ആദ്യമായി തിരഞ്ഞെടുപ്പിന് തയ്യാറെടുക്കുന്നു. അടുത്ത ദേശീയ തിരഞ്ഞെടുപ്പിന്റെ തീയതി ബംഗ്ലാദേശ് മുഖ്യ ഇലക്ഷൻ കമ്മിഷണർ എ.എം.എം. നാസിറുദ്ദീൻ വ്യാഴാഴ്ച പ്രാദേശിക സമയം വൈകുന്നേരം 6 മണിക്ക് ദേശീയചാനൽ വഴി.പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ട്.
വെനസ്വേലയുടെ പ്രസിഡന്റ് നിക്കൊളാസ് മദുറോയ്ക്കെതിരായ നടപടികൾ ശക്തമാക്കുന്നതിന്റെ ഭാഗമായി കരീബിയൻ കടലിൽ വെനസ്വേലയുടെ വമ്പൻ എണ്ണക്കപ്പൽ പിടിച്ചെടുത്ത് അമേരിക്കൻ സേന. നാല് മാസമായി വെനസ്വേലയ്ക്ക് മേൽ പല രീതിയിൽ നിരന്തര സമ്മർദ്ദം ചെലുത്തിയ ശേഷമാണ് നിലവിലെ നടപടി. ബുധനാഴ്ചയാണ് എണ്ണക്കപ്പൽ പിടിച്ചെടുത്തതെന്നാണ് അമേരിക്കയുടെ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വിശദമാക്കിയത്.
അമേരിക്കയിൽ സ്ഥിര താമസത്തിന് ‘ട്രംപ് ഗോൾഡ് കാർഡ്’ വിസ പദ്ധതി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പുറത്തിറക്കി. വിദേശികൾക്ക് ഒരു മില്യൺ യുഎസ് ഡോളർ(നൽകി ട്രംപ് ഗോൾഡ് കാർഡ് സ്വന്തമാക്കിയാൽ അവരുടെ വിസ അപേക്ഷ വേഗത്തിലാക്കാം.
യുഎസിന്റെ നിലപാടുകൾ ഇന്ത്യയെ റഷ്യയുമായി കൂടുതൽ അടുപ്പിക്കുകയാണെന്ന് അമേരിക്കൻ കോൺഗ്രസ് അംഗം. പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യൻ പ്രസിഡൻ്റ് വ്ളാദിമിർ… പുതിനും ചേർന്നുള്ള കാർയാത്രയ്ക്കിടെ പകർത്തിയ സെൽഫിചിത്രം ഉയർത്തിക്കാണിച്ചാണ് കോൺഗ്രസ് അംഗം സിഡ്നി കാംലാഗർ ഡോവ് ഇത്തരത്തിൽ അഭിപ്രായം പ്രകടമാക്കിയത്.
പ്രശസ്ത ബ്രിട്ടീഷ് സീരീസ് ‘പീക്കി ബ്ലൈൻഡേഴ്സി’ലെ കഥാപാത്രങ്ങളെപ്പോലെ വസ്ത്രം ധരിച്ച് പൊതുസ്ഥലത്ത് നടന്നതിന് അഫ്ഗാനിസ്ഥാനിലെ നാല് യുവാക്കളെ പിടികൂടി തടവിലാക്കി. ഇവരെ പുനരധിവാസ തടങ്കലിലേക്കു മാറ്റി. നാല് പേരെയും ഔദ്യോഗികമായി അറസ്റ്റ് ചെയ്തിട്ടില്ല.
