തീവ്ര വോട്ടർ പട്ടിക പരിഷ്കരണ പുരോഗതി വിലയിരുത്താൻ തെരഞ്ഞെടുപ്പ് കമ്മീഷൻ വിളിച്ച രാഷ്ട്രീയപാർട്ടികളുടെ പ്രതിവാര യോഗത്തിലും പരാതിപ്രവാഹം. തദ്ദേശ വോട്ടെടുപ്പ് ദിവസം തന്നെ കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിക്കാൻ വാശിയെന്തെന്ന് കോൺഗ്രസും ഇടതുപാർട്ടികളും ചോദിച്ചു. ഫോം ഒപ്പിട്ടവരെല്ലാം കരട് പട്ടികയിൽ വരുമെങ്കിൽ എസ്ഐആറിന്‍റെ പ്രസക്തി എന്തെന്ന സംശയം ബിജെപി ഉന്നയിച്ചു. ഒഴിവാക്കപ്പെടുമെന്ന് ആശങ്കയുളളവരെ കമ്മീഷൻ സഹായിക്കുമെന്ന് സിഇഒ രത്തൻ ഖേൽക്കർ മറുപടി നൽകി.

 

ശബരിമല സ്വർണക്കൊള്ളയിൽ മുൻ തിരുവാഭരണം കമ്മീഷണർ കെ.എസ്.ബൈജു വീണ്ടും റിമാൻഡിൽ. 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തിരിക്കുന്നത്. ബൈജുവിന്റെ ജാമ്യാപേക്ഷ കൊല്ലം വിജിലൻസ് കോടതി തള്ളിയിരുന്നു. ഇന്ന് കോടതിയിൽ ഹാജരാക്കിയ കെ.എസ്.ബൈജുവിനെ 4 മണിവരെ എസ് ഐ ടിയുടെ സ്റ്റഡിയിൽ നൽകിയിരുന്നു. കസ്റ്റഡി സമയം അവസാനിച്ചതോടെയാണ് കോടതിയിൽ ഹാജരാക്കി വീണ്ടും റിമാൻഡ് ചെയ്തത്.

 

ശബരിമലയിൽ മൃതദേഹങ്ങൾ സ്ട്രെച്ചറിൽ ചുമക്കുന്നത് നിർത്തലാക്കി ഹൈക്കോടതി. മൃതദേഹങ്ങൾ കൊണ്ടുപോകുന്നതിന് ആംബുലൻസ് സൗകര്യം നിർബന്ധമാക്കണം. നിലവിൽ സന്നിധാനത്ത് വെച്ച് മരിച്ചവരുടെ മൃതദേഹങ്ങൾ സ്ട്രെച്ചറിലാണ് പമ്പയിലേക്ക് മാറ്റുന്നത്. ഇത്തരം രീതിയിൽ മൃതദേഹങ്ങൾ മാറ്റുന്നതിൽ ഞെട്ടലും അതൃപ്തിയും രേഖപ്പെടുത്തി ഹൈക്കോടതി. ഈ കാഴ്ച മലകയറി വരുന്നവർക്ക് കടുത്ത മാനസിക വിഷമമുണ്ടാക്കുന്നുവെന്ന് കോടതി നിരീക്ഷിച്ചു.

 

രാഹുൽ മാങ്കൂട്ടത്തിലിന്റെ കാര്യത്തിൽ കോൺ​ഗ്രസിൽ ഭിന്നാഭിപ്രായമാണെന്നും കോൺ​ഗ്രസ് പാർട്ടി ആടിയുലയുകയാണെന്നും മന്ത്രി വി ശിവൻകുട്ടി. അതേസമയം, രാഹുലിനെതിരായ കേസ് രാഷ്ട്രീയമാണെന്ന ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെ പരാമർശത്തിലും ശിവൻകുട്ടി പ്രതികരിച്ചു. രാഹുൽ മാങ്കൂട്ടത്തിലും രാജീവ് ചന്ദ്രശേഖറും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ എന്നറിയില്ലെന്നും ഇത്ര ആത്മവിശ്വാസത്തോടെ ഇങ്ങനെ പറയണമെങ്കിൽ ആ വ്യക്തിയെ കുറിച്ച് നന്നായി അറിയുന്ന ആളായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

 

ലൈംഗിക പീഡന കേസില്‍ പരാതിക്കാരിയായ യുവതിക്കെതിരെ കൂടുതൽ തെളിവുകളുമായി പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തില്‍. തിരുവനന്തപുരം ജില്ലാ കോടതിയിലാണ് സീൽഡ് കവറിൽ രേഖകൾ നൽകിയത്. ഒമ്പത് തെളിവുകളാണ് കോടതിയിലെത്തിച്ചിരിക്കുന്നത്. യുവതി ജോലിചെയ്തിരുന്ന ചാനലിന്‍റെ മേധാവി രാഹുലിനെതിരെ പരാതി കൊടുക്കാൻ യുവതിയെ പ്രേരിപ്പിച്ചു എന്നതിനുള്ള തെളിവുകള്‍ പെൻഡ്രൈവില്‍ നല്‍കിയിട്ടുണ്ട് എന്നാണ് റിപ്പോർട്ട്.

 

വിനോദസഞ്ചാരികൾ കുടുങ്ങിയ മൂന്നാർ ആനച്ചാലിലെ സ്കൈ ഡൈനിംഗിന് കളക്ടറുടെ സ്റ്റോപ്പ് മെമ്മോ. സ്ഥാപനത്തിന് റെസ്റ്റോറൻറ് ലൈസൻസില്ല. നടത്തിപ്പുകാരായ 2 പേർക്കെതിരെ കേസെടുത്തിട്ടുണ്ട്. ലൈസൻസ് ഇല്ലാത്ത എല്ലാ സാഹസിക വിനോദങ്ങൾക്ക് എതിരെയും കർശന നടപടി സ്വീകരിക്കുമെന്ന് കളക്ടർ പറഞ്ഞു. സ്കൈ ഡൈനിങ്ങിന് ആകെയുണ്ടായിരുന്നത് കേരള അഡ്വഞ്ചർ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ മാത്രം അനുമതിയാണെന്ന് കണ്ടെത്തി.

 

ഭൂമി തരംമാറ്റലിന് കൈക്കൂലി വാങ്ങിയ വില്ലേജ് ഓഫീസർ പിടിയിലായി. ഒളവണ്ണ വില്ലേജ് ഓഫിസർ ഉല്ലാസ്‌മോൻ ആണ് വിജിലൻസ് പിടിയിലായത്. എറണാകുളം കോതമംഗലം സ്വദേശിയാണ് ഉല്ലാസ്മോൻ. ഭൂമി തരം മാറ്റി നൽകുന്നതിനായി എട്ട് ലക്ഷം രൂപയാണ് ഇയാൾ ആവശ്യപ്പെട്ടത്. കോഴിക്കോട് സ്വദേശിയാണ് പരാതിക്കാരൻ. 1.62 ഏക്കർ ഭൂമി തരം മാറ്റാനാണ് കൈക്കൂലി ആവശ്യപ്പെട്ടത്.

 

കാസർകോട് ജില്ല കളക്ടർ കെ ഇമ്പ ശേഖറിന്റെ പേരിൽ വ്യാജ വാട്സ്ആപ്പ് അക്കൗണ്ട്. വിയറ്റ്നാമിലെ ഫോൺ നമ്പർ ഉപയോഗിച്ചാണ് വ്യാജ വാട്സ്ആപ്പ് അക്കൗണ്ട് തയാറാക്കിയിരിക്കുന്നത്. ഈ അക്കൗണ്ടിൽ നിന്നും പണം ആവശ്യപ്പട്ടുകൊണ്ടുള്ള സന്ദേശം പലർക്കും ലഭിച്ചിട്ടുണ്ട്. ജില്ലാ കളക്ടറുടെ പേരിലാണ് പണം ആവശ്യപ്പെടുന്നത്. സംഭവത്തെ തുടർന്ന് ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ കെ ഇമ്പശേഖർ അറിയിച്ചു.

 

മുനമ്പത്ത് ഭൂമിയുടെ റവന്യു അവകാശങ്ങൾ തിരികെ കിട്ടണമെന്നാവശ്യപ്പെട്ട് നടത്തുന്ന സമരം അവസാനിപ്പിക്കാനുളള തീരുമാനത്തിനു പിന്നാലെ ഭൂ സംരക്ഷണ സമിതിയില്‍ ഭിന്നത. മന്ത്രി പി രാജീവ് സമരക്കാര്‍ക്ക് നാരങ്ങാനീര് നല്‍കി നാളെ സമരം അവസാനിപ്പിക്കുമെന്നായിരുന്നു ഭൂസംരക്ഷണ സമിതി കോര്‍ കമ്മിറ്റിയുടെ പ്രഖ്യാപനം. എന്നാല്‍, സംസ്ഥാന സര്‍ക്കാര്‍ വഞ്ചിക്കുകയാണെന്ന ആരോപണവുമായി സമര സമിതിയിലെ ബിജെപി അനുകൂലികള്‍ നാളെ മുതല്‍ ബദല്‍ സമരം തുടങ്ങുമെന്ന് പ്രഖ്യാപിച്ചു.

 

മലപ്പുറം കൊളത്തൂരിൽ സിദ്ധൻ ചമഞ്ഞ് പീഡനം നടത്തിയ യൂട്യൂബ് ചാനൽ ഉടമ പിടിയിൽ. ദിവ്യ ഗർഭം വാഗ്‌ദാനം ചെയ്ത് യുവതിയെ ബലാൽസംഗം ചെയ്യുകയായിരുന്നു. മലപ്പുറം ഉദിരം പൊയിൽ സ്വദേശി സജിൽ ചെറുപാണക്കാടിനെയാണ് തിരുവനന്തപുരം നെടുമങ്ങാട് നിന്നും കൊളത്തൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ‘മിറാക്കിൾ പാത്ത്’ എന്ന യൂട്യൂബ് ചാനലിന്‍റെ ഉടമയാണ് പ്രതി.

 

തിരുവനന്തപുരം പാങ്ങോട് മിലിറ്ററി സ്റ്റേഷനിലേക്ക് അതിക്രമിച്ചു കയറിയ യുവാവിനെ കസ്റ്റഡിലെടുത്തു. കൊൽക്കത്ത സ്വദേശിയായ ബൽമാണി ബെറാമുവിനെയാണ് കസ്റ്റഡിലെടുത്തത്. ഇന്നലെ രാത്രിയാണ് സുരക്ഷ സംവിധാനങ്ങളുടെ കണ്ണിൽപ്പെടാതെ യുവാവ് മിലിറ്ററി ക്യാമ്പിനുള്ളിൽ കടന്നത്. കിലോമീറ്ററോളം ഉള്ളിൽ ചെന്ന ശേഷമാണ് മിലിറ്ററി പൊലീസ് കസ്റ്റഡിലെടുത്തത്. പൂജപ്പുര സ്റ്റേഷനിലെത്തിച്ച യുവാവിനെ രഹസ്യന്വേഷണ വിഭാഗം ചോദ്യം ചെയ്യുകയാണ്.

 

വരും വർഷങ്ങളിൽ സംസ്ഥാന സ്കൂൾ കലോത്സവവും സ്പെഷ്യൽ സ്കൂൾ കലോത്സവവും ഒരുമിച്ച് നടത്തുന്ന കാര്യം സർക്കാർ ഗൗരവമായി പരിഗണിക്കുന്നുണ്ടെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി. ശിവൻകുട്ടി. തിരൂരിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം.

 

ഹീന കൃത്യത്തെ ന്യായീകരിക്കുന്നതിലൂടെ കോൺഗ്രസ് തകർന്നു കൊണ്ടിരിക്കുകയാണെന്നും തെറ്റിനെ അനുകൂലിക്കുന്ന ഒരു വിഭാഗം കോൺഗ്രസിൽ ഉണ്ടെന്നും സിപിഎം നേതാവ് ഇ പി ജയരാജൻ. രാഹുൽ മാങ്കൂട്ടത്തിലിനെ ന്യായീകരിക്കുന്ന നേതാക്കളുടെ വീട്ടിൽ ഭാര്യയും മക്കളും ഇല്ലേയെന്നും ഇപി ജയരാജൻ ചോദിച്ചു. വി ഡി സതീശൻ പറയുന്ന നിലപാട് അല്ല സുധാകരനും മറ്റുള്ളവരും സ്വീകരിക്കുന്നതെന്നും സതീശൻ ഒറ്റപ്പെട്ടു എന്ന് താൻ പറയുന്നില്ലെന്നും ഇപി ജയരാജൻ പറഞ്ഞു.

 

കാസർകോട് ശബരിമല തീർത്ഥാടകരുടെ ബസ് അപകടത്തിൽപ്പെട്ടു. മാലോം കാറ്റംകവല മറ്റപ്പള്ളി വളവിൽ വച്ചാണ് അപകടം ഉണ്ടായത്. അപകടത്തില്‍ ഒരാൾക്ക് ജീവൻ നഷ്ടമായി. നിരവധി പേർക്ക് പരിക്കേറ്റു എന്നാണ് റിപ്പോർട്ട്. മൈസൂർ ചിഞ്ചിലക്കട്ടെ സ്വദേശി ഹരീഷ് (36) ആണ് മരിച്ചത്. 45 പേർക്ക് പരിക്കേറ്റാണ് വിവരം. അപകടത്തിൽപ്പെട്ട എല്ലാവരും മൈസൂർ ചിഞ്ചിലക്കട്ടെ ഗ്രാമത്തിൽ നിന്നുള്ളവരാണ്.

 

കസ്റ്റഡിയിലെടുത്ത യുവതിയെ പീഡിപ്പിച്ച വടകര ഡിവൈഎസ്‍പിക്ക് എതിരെ ഗുരുതരമായ കണ്ടെത്തലുകളുമായി അന്വേഷണ റിപ്പോർട്ട് . വടക്കഞ്ചേരി സിഐയായിരുന്നപ്പോൾ മറ്റൊരു കേസിൽ കസ്റ്റഡിയിലെടുത്ത സ്ത്രീയെ പീഡിപ്പിച്ച്, കേസെടുക്കാതെ ഉമേഷ് വിട്ടയച്ചുവെന്നാണ് റിപ്പോർട്ടിലെ കണ്ടെത്തൽ. പൊലീസെന്ന ഔദ്യോഗിക പദവി ഉമേഷ് ദുരുപയോഗം ചെയ്തു എന്നും റിപ്പോർട്ടിൽ പറയുന്നു.

 

കൈനകരിയിൽ ഗർഭിണിയായ യുവതിയെ കൊന്നു കായലിൽ തള്ളിയ കേസിലെ രണ്ടാം പ്രതിയ്ക്കും വധശിക്ഷ. ആലപ്പുഴ ജില്ലാ സെഷൻസ് കോടതി മൂന്നാണ് ശിക്ഷ വിധിച്ചത്. കേസിലെ ഒന്നാം പ്രതിയായ പ്രബീഷിന് കഴിഞ്ഞ ദിവസം വധശിക്ഷ വിധിച്ചിരുന്നു. ഒഡീഷ ജയിലിലുള്ള പ്രതി രജനിയെ ഇന്ന് ആലപ്പുഴ ജില്ലാ സെഷൻസ് കോടതിയിൽ ഹാജരാക്കിയിരുന്നു. തുടര്‍ന്നാണ് കേസിലെ രണ്ടാം പ്രതിയുടെ ശിക്ഷ കോടതി വിധിച്ചത്.

 

റിയാദിൽ ജയിലിൽ മോചനം കാത്ത് കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൾ റഹീമിന്റെ കേസ് ഫയൽ ഗവർണറേറ്റിൽനിന്ന് ബന്ധപ്പെട്ട വകുപ്പുകളിലേക്ക് നീങ്ങിയതായി റിപ്പോർട്ട്. ഫയൽ അയച്ചതായുള്ള വിവരം അഭിഭാഷകർക്കും ഇന്ത്യൻ എംബസിക്കും പവർ ഓഫ് അറ്റോർണി സിദ്ദീഖ് തുവൂരിനും ലഭിച്ചതായി റിയാദിലെ അബ്ദുൾ റഹീം നിയമ സഹായ സമിതി ചെയർമാൻ അറിയിച്ചു.

 

ഡിറ്റ് വാ ചുഴലിക്കാറ്റ് ഭീകരനാശം വിതച്ച ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ഭരണകൂടം. നാശനഷ്ടം കനത്തോടെ ശ്രീലങ്കയിൽ ഡിസംബർ 4 വരെ ആരോഗ്യ അടിയന്തരാവസ്ഥയും പ്രഖ്യാപിച്ചിട്ടുണ്ട്. മരണസംഖ്യ നൂറ് കടന്നതായാണ് റിപ്പോർട്ടുകൾ. കെലനി നദിയിൽ ജലനിരപ്പ് ഉയർന്നതോടെ കൊളംബോ പ്രളയഭീതിയിലാണ്. ശ്രീലങ്കയില്‍ ഡിസംബർ 16 വരെ സ്കൂളുകൾ അടച്ചിടും. കൊളംബോ തുറമുഖം താത്കാലികമായി അടച്ചിരിക്കുകയാണ്.

 

പഞ്ചായത്ത് ഓഫിസിൽ പരാതി പറയാനെത്തിയ അമ്മയെ മകൾ ക്രൂരമായി മർദ്ദിക്കുന്ന ദൃശ്യങങൾ പുറത്തായി. മൂഡുഷെഡ്ഡെ ഗ്രാമപഞ്ചായത്തിന്റെ പരിസരത്താണ് മകൾക്കെതിരെ പരാതി പറയാനെത്തിയ അമ്മ ക്രൂരമർദ്ദനത്തിനിരയായത്. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ വ്യാപകമായ രോഷം ഉയർന്നു. മൂഡുഷെഡ്ഡെയിലെ ശിവനഗരയിൽ താമസിക്കുന്ന അമ്മയും മകളും തമ്മിൽ പതിവായി വഴക്കുകൾ ഉണ്ടാകാറുണ്ടായിരുന്നുവെന്ന് റിപ്പോർട്ടുണ്ട്.

 

അൽ-ഫലാഹ് സർവകലാശാലയിലെ ഡോ. ഷഹീൻ ഷാഹിദിന്റെ ഹോസ്റ്റൽ മുറിയിൽ നിന്ന് 18 ലക്ഷം രൂപ കണ്ടെത്തിയതായി എൻഐഎ. വ്യാഴാഴ്ച രാത്രി ദേശീയ അന്വേഷണ ഏജൻസി സംഘം 18 ലക്ഷം രൂപ കണ്ടെത്തിയതായി റിപ്പോർട്ടുകൾ പുറത്തുവന്നു. 32-ാം നമ്പർ മുറിയിലെ അലമാരയിൽ ഒളിപ്പിച്ചുവച്ച നിലയിലാണ് പണം കണ്ടെത്തിയത്. സർവകലാശാലയ്ക്കുള്ളിൽ പ്രവർത്തിക്കുന്ന വൈറ്റ്-കോളർ ഭീകര മൊഡ്യൂളിന്’ പ്രവർത്തിക്കാനുള്ള പണമാണിതെന്നും സംശയിക്കുന്നു.

 

 

തീവ്രവോട്ടർ പട്ടിക പരിഷ്കരണത്തെ ചൊല്ലി തൃണമൂൽ കോൺ​ഗ്രസും തെരഞ്ഞെടുപ്പ് കമ്മീഷനും തമ്മിൽ വാക്പോര്. തെരഞ്ഞെടുപ്പ് കമ്മീഷൻ പക്ഷപാതപരമായി പ്രവർത്തിക്കുന്നുവെന്നും കള്ളം പറയുന്നുവെന്നും ടിഎംസി ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി വിമർശിച്ചു. ബിഎൽഒമാരെ ഭീഷണിപ്പെടുത്തരുതെന്ന് തൃണമൂൽ കോൺ​ഗ്രസിന് മുന്നറിയിപ്പ് നൽകിയ കമ്മീഷൻ ബം​ഗാളിൽ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്കുൾപ്പടെ സുരക്ഷ ശക്തമാക്കാൻ പൊലീസിന് നിർദേശം നൽകി.

 

 

രാജ്യത്തെ തത്സമയ കാലാവസ്ഥാ നിരീക്ഷണത്തിൽ നിർണായകമായ റഡാർ സംവിധാനം മംഗളൂരുവിൽ പ്രവർത്തനക്ഷമമായി. കർണാടകയിലെയും കേരളത്തിലെയും കാലാവസ്ഥാ പ്രവചനം കൂടുതൽ കൃത്യമാക്കുന്നതിന് വേണ്ടിയാണ് മംഗളൂരുവിൽ പുതിയ റഡാർ സ്ഥാപിച്ചത്. കേന്ദ്ര ശാസ്ത്ര സാങ്കേതിക സഹമന്ത്രി ഡോ. ജിതേന്ദ്ര സിങ് സംവിധാനം ഉദ്ഘാടനം ചെയ്തു. കർണാടകയിലെ ആദ്യ ഡോപ്ലർ റഡാർ ആണിത്.

 

ഡിറ്റ് വാ ചുഴലിക്കാറ്റ് ഇന്ത്യൻ തീരത്തേക്കെന്ന് റിപ്പോർട്ട്. നിലവിൽ നാഗപ്പട്ടണം വേദാരണ്യത്തിന് 80 കിലോമീറ്റർ അകലെയാണ്. പുലർച്ചയോടെ വടക്കൻ തമിഴ്നാട് തീരത്തെത്തും. മണിക്കൂറില്‍ 80 കിലോമീറ്റർ വരെ വേഗത്തിലുള്ള കാറ്റിന് സാധ്യതയുണ്ട്. തമിഴ്നാട് തീരത്തും പുതുച്ചേരിയിലും ശക്തമായ മഴയും കാറ്റും തുടരുകയാണ്. തിങ്കളാഴ്ച വരെ തമിഴ്നാട് -ആന്ധ്രാ തീരത്ത്‌ മഴ തുടരും.

 

ബംഗ്ലാദേശിലെ പുറത്താക്കപ്പെട്ട പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ ബാങ്ക് ലോക്കറിൽ നിന്ന് 10 കിലോ സ്വർണം കണ്ടെടുത്തതായി അഴിമതി വിരുദ്ധ അധികൃതർ. 1.3 മില്യൺ ഡോളർ (11.5 കോടി ഇന്ത്യൻ രൂപ) വിലമതിക്കുന്ന 10 കിലോഗ്രാം സ്വർണം പിടിച്ചെടുത്തതായി ഉദ്യോഗസ്ഥർ അറിയിച്ചു

 

 

ഹോങ്കോങ്ങിന്റെ ചരിത്രത്തിലെ ഏറ്റവും വിനാശകാരിയായ അഗ്നിബാധയിൽ കൊല്ലപ്പെട്ടവരോടുള്ള ബഹുമാനം പ്രകടിപ്പിച്ച് മൂന്ന് ദിവസത്തേക്കുള്ള ദുഖാചരണം ആരംഭിച്ചു. ഹോങ്കോങ് നഗരത്തിലെ 80 വർഷങ്ങൾക്കുള്ളിൽ സംഭവിച്ച ഏറ്റവും വലിയ അഗ്നിബാധയാണ് ബുധനാഴ്ച തായ്പോയിൽ സംഭവിച്ചത്. 128 പേരാണ് അഗ്നിബാധയിൽ കൊല്ലപ്പെട്ടത്. ബഹുനിലക്കെട്ടിട സമുച്ചയത്തിന്റെ ഏഴ് ബ്ലോക്കുകളാണ് കത്തിയമ‍ർന്നത്.

 

 

കുടുംബ രാഷ്ട്രീയവുമായി ബന്ധപ്പെട്ട് താൻ എഴുതിയ ലേഖനത്തിൽ വിമർശിച്ചത് സമൂഹത്തെയാണെന്ന് ശശി തരൂർ എംപി. ജനങ്ങൾക്കൊപ്പം നടക്കുന്ന, ജനങ്ങൾക്കുവേണ്ടി സംസാരിക്കുന്ന നേതാക്കളെയാണ് ആവശ്യം. അതാണ് ജനാധിപത്യത്തിന് ഗുണംചെയ്യുകയെന്നും തരൂർ പറഞ്ഞു.

 

കരുതല്‍ ശേഖരത്തില്‍നിന്ന് സ്വര്‍ണം ആഭ്യന്തരവിപണിയില്‍ വിറ്റഴിക്കാനൊരുങ്ങി റഷ്യയുടെ കേന്ദ്രബാങ്കായ സെന്‍ട്രല്‍ ബാങ്ക് ഓഫ് റഷ്യ(സിബിആര്‍). റഷ്യന്‍ കറന്‍സിയായ റൂബിളിന്റെ വിലയിടിവും ബജറ്റിലെ കമ്മിയും നേരിടുന്നതിന്റെ ഭാഗമായാണ് സിബിആര്‍ കരുതല്‍ ശേഖരത്തില്‍നിന്ന് സ്വര്‍ണം വിറ്റഴിക്കാന്‍ തീരുമാനിച്ചതെന്ന് യുക്രൈന്‍ ന്യൂസ് ഏജന്‍സിയായ യുഎന്‍എന്നിനെ ഉദ്ധരിച്ച് കിറ്റ്‌കോ ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്തു.

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *