20251107 140721 0000

നവംബർ 13 ന് സമ്പൂർണ്ണ പണിമുടക്ക് നടത്തുമെന്ന് ഗവൺമെന്റ് മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ സംഘടനയായ കെ.ജി.എം.സി.ടി.എ. അത്യാഹിത സേവനങ്ങൾ ഒഴികെ എല്ലാ പ്രവർത്തനങ്ങളിൽ നിന്നും വിട്ടുനിൽക്കുമെന്നും സമാധാനപരമായി സമരം ചെയ്തിട്ടും സർക്കാർ ചർച്ചയ്ക്ക് വിളിച്ചില്ലെന്നും സംഘടന അറിയിച്ചു. ആദ്യഘട്ടത്തിൽ രോഗികൾക്ക് ബുദ്ധിമുട്ടില്ലാതെയാണ് സമരം മുന്നോട്ട് കൊണ്ടു പോയതെന്നും എന്നാൽ സർക്കാർ മുഖം തിരിഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഒ.പി. ബഹിഷ്‌കരണത്തിലേക്ക് കടക്കാൻ നിർബന്ധിതരായതാണെന്നും കെ.ജി.എം.സി.ടി.എ പറയുന്നു.

 

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സ ലഭിക്കാത്തതിനെ തുടർന്ന് രോഗി മരിച്ചെന്ന കുടുംബത്തിന്റെ പരാതിയിൽ പ്രതികരണവുമായി ഡോക്ടർമാർ. എല്ലാ രോഗികളും ഒരുപോലെയാണെന്നും പ്രോട്ടോക്കോൾ അനുസരിച്ച് എല്ലാ ചികിത്സയും നൽകിയെന്നുമാണ് ഡോക്ടർമാരുടെ അവകാശ വാദം. തിരുവനന്തപുരം മെഡി. കോളേജ് കാർഡിയോളജി വിഭാഗം മേധാവി ഡോ.മാത്യു ഐപ്പ് ആണ് മാധ്യമങ്ങളോട് സംസാരിച്ചത്.

 

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സ ലഭിക്കാതെ ഹൃദ്രോഗി മരിച്ചെന്ന കുടുംബത്തിന്റെ പരാതിയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സിസ്റ്റം തകർത്ത അവസാനത്തെ ഇരയെന്നും ആരോഗ്യമന്ത്രി തൽസ്ഥാനത്ത് തുടരാൻ അർഹയല്ലെന്നും സതീശൻ പ്രതികരിച്ചു. ആരോഗ്യമന്ത്രി സ്വയം രാജിവെച്ച് പുറത്തുപോകണമെന്നും സതീശൻ ആവശ്യപ്പെട്ടു. നൂറ് കണക്കിന് ഒറ്റപ്പെട്ട സംഭവങ്ങളാണ് ഉണ്ടാകുന്നതെന്നും പ്രതിപക്ഷ നേതാവ് പരിഹാസരൂപേണ ചൂണ്ടിക്കാട്ടി.

 

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സ കിട്ടാതെ രോഗി മരിച്ച സംഭവത്തിൽ ആശുപത്രിയുടെ വീഴ്ച ആവര്‍ത്തിച്ച് കുടുംബം. ഹൃദയാഘാതമുണ്ടായ ആള്‍ക്ക് കിടക്ക പോലും കിട്ടിയില്ലെന്നും തുണിവിരിച്ചാണ് കിടന്നതെന്നും വേണുവിന്‍റെ ഭാര്യ സിന്ധു പറഞ്ഞു. പലതവണ ആവശ്യപ്പെട്ടശേഷമാണ് ഐസിയുവിലേക്ക് മാറ്റിയതെന്നും അവർ പറഞ്ഞു.

 

തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്ത് എല്ലാ മുസ്ലിം വീടുകളിലും സന്ദര്‍ശനം നടത്താനൊരുങ്ങി ബിജെപി. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്‍റ് ഡോ. അബ്ദുൽ സലാമിൻ്റെ നേതൃത്വത്തിൽ ഒരു മുസ്ലിം ഔട്ട്‌ റീച്ച് ആരംഭിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പ്രഖ്യാപിച്ചു. ന്യൂനപക്ഷങ്ങളെ ചേർത്തുനിർത്തുകയാണ് ലക്ഷ്യമെന്നും വോട്ട് പിടിക്കാൻ വേണ്ടിയല്ല ഇത് ആരംഭിക്കുന്നതെന്നും രാജീവ് ചന്ദ്രശേഖര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

 

തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ വീട്ടമ്മയുടെ ആത്മഹത്യയിൽ ആരോപണ വിധേയനായ കോൺഗ്രസ് നേതാവ് ജോസ് ഫ്രാങ്ക്ളിന്‍റെ സസ്പെൻഷൻ ഒഴിവാക്കാനുള്ള നീക്കത്തിൽ പ്രതിഷേധിച്ച് മഹിളാ കോൺഗ്രസ് പ്രവർത്തകർ കൂട്ടത്തോടെ ബിജെപിയിൽ ചേർന്നു. ജോസ് ഫ്രാങ്ക്ളിനെ പാർട്ടിയിൽ നിന്നും സസ്പെന്‍ഡ് ചെയ്ത നടപടി പിൻവലിക്കണമെന്നും ജോസ് ഫ്രാങ്ക്ളിനെ തിരികെ എടുക്കണമെന്നുമാവശ്യപ്പെട്ട് കോൺഗ്രസ് നേതാക്കളായ വി എസ് ശിവകുമാറും നെയ്യാറ്റിൻകര സനലും ഇന്നലെ കെപിസിസി പ്രസിഡന്റുമായി കൂടികാഴ്ച നടത്തിയിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് മഹിളാകോൺഗ്രസ് പ്രവർത്തകരുടെ രാജി.

 

തദ്ദേശ തെരഞ്ഞെടുപ്പിൽ സംസ്ഥാന തലത്തിൽ മുന്നണികളുമായി സഖ്യത്തിനില്ലെന്ന് വെൽഫയർ പാർട്ടി ജനറൽ സെക്രട്ടറി കെ. എ ഷഫീഖ്. സംസ്ഥാനതലത്തിൽ സഖ്യമില്ലെങ്കിലും പ്രാദേശികമായി മുന്നണികളുമായി സഖ്യമുണ്ടാക്കുമെന്നും ഷഫീഖ് പറഞ്ഞു. യുഡിഎഫുമായും എൽഡിഎഫുമായും സഖ്യമുണ്ടാക്കാൻ പ്രാദേശിക ഘടകങ്ങൾക്ക് അനുവാദം നൽകിയിട്ടുണ്ട്. പാർട്ടി നിശ്ചയിച്ച സീറ്റുകളിൽ വെൽഫെയർ പാർട്ടി മത്സരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

 

പെരിങ്ങോട്ടുകുറിശ്ശിയിൽ സിപിഎമ്മുമായി സഹകരിച്ച് പ്രവർത്തിക്കുമെന്ന് കോൺഗ്രസ് വിമത നേതാവ് എവി ഗോപിനാഥ്. തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിയോട് ചേർന്ന് മത്സരിക്കാനാണ് തീരുമാനം. പഞ്ചായത്തിൽ കഴിഞ്ഞ ആറ് പതിറ്റാണ്ടായി തുടരുന്ന കോൺഗ്രസ് ഭരണം അവസാനിപ്പിക്കും. കോൺഗ്രസ് അനുഭാവികളുടെ വോട്ട് ഇടതുപക്ഷത്തിന് ലഭിക്കും. സിപിഎം ആത്മമിത്രമെന്ന് പറഞ്ഞ ഗോപിനാഥ് സിപിഎമ്മിലേക്കുള്ള ക്ഷണം ഇപ്പോഴുമുണ്ടെന്നും താൻ ഇതുവരെ അത് തള്ളിക്കളഞ്ഞിട്ടില്ലെന്നും പറഞ്ഞു.

 

ശബരിമലയില്‍ വിലപ്പെട്ട വസ്തുക്കൾ അന്യാധീനപ്പെടാനുള്ള എല്ലാ സാഹചര്യവും ഉണ്ടെന്ന് തിരുവാഭരണ കമ്മീഷണര്‍ 2019ൽ നൽകിയ മുന്നറിയിപ്പ് ദേവസ്വം ബോർഡ് അവഗണിച്ചുവെന്ന് വിവരം. ദേവസ്വം ക്ഷേത്രങ്ങളിൽ ഒന്നും നിയമപരമായി നടക്കുന്നില്ലെന്ന് അന്നത്തെ തിരുവാഭരണം കമ്മീഷണർ ആർ ജി രാധാകൃഷ്ണൻ 2019 സെപ്തംബർ രണ്ടിന് ബോർഡിന് നൽകിയ കത്താണ് പുറത്തുവന്നത്.

 

ഗതാഗത മന്ത്രി കെ ബി ഗണേഷ്കുമാറിന് വേണ്ടി വോട്ട് അഭ്യർത്ഥിച്ച കോൺഗ്രസ് നേതാവായ വെട്ടിക്കവല ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അബ്ദുൾ അസീസിന് കാരണം കാണിക്കൽ നോട്ടീസ് നൽകി ഡിസിസി. തലച്ചിറ വാർഡ് പ്രസിഡൻ്റ് സ്ഥാനത്ത് നിന്ന് അബ്ദുൾ അസീസിനെ നീക്കിയിട്ടുണ്ട്. കെ ബി ഗണേഷ് കുമാറിനെ വീണ്ടും നിയമസഭയിലേക്ക് തെരഞ്ഞെടുക്കണമെന്നായിരുന്നു കോണ്‍ഗ്രസ് പഞ്ചായത്ത് പ്രസിന്‍റിന്‍റെ ആഹ്വാനം.

 

വാർത്താ സമ്മേളനത്തിൽ ശരീര അധിക്ഷേപം നടത്തിയ വ്ലോഗർക്ക് മറുപടിയുമായി നടി ഗൗരി കിഷൻ. ഭാരം എത്രയെന്ന യൂട്യൂബറുടെ ചോദ്യത്തിനോടാണ് ഗൗരി രൂക്ഷമായി പ്രതികരിച്ചത്. സിനിമയുടെ പ്രചാരണത്തിനായുള്ള വാർത്താസമ്മേളനത്തിനിടെയാണ് സംഭവം. ശരീര ഭാരത്തെക്കുറിച്ചുള്ള ചോദ്യം വിഡ്ഢിത്തരമാണെന്ന് പറഞ്ഞ ഗൗരി ജി കിഷൻ നായികമാരെല്ലാം മെലിഞ്ഞിരിക്കണോയെന്നും ചോദിച്ചു. എന്നാൽ, വാര്‍ത്താസമ്മേളനത്തിൽ ഗൗരിക്കൊപ്പമുണ്ടായിരുന്ന സംവിധായകൻ അബിൻ ഹരിഹരനും നായകൻ ആദിത്യ മാധവനും ഒന്നും പ്രതികരിക്കാതെ മൗനം പാലിച്ചു. അദേഴ്സ് എന്ന തമിഴ് സിനിമയുമായി ബന്ധപ്പെട്ട വാർത്താസമ്മേളനത്തിലാണ് സംഭവം.

 

 

ശരീര അധിക്ഷേപം നേരിട്ട നടി ഗൗരി കിഷന് പിന്തുണയുമായി ഗായിക ചിന്മയി. നടന്മാരോട് ഇത്തരം ചോദ്യം ആരും ചോദിക്കാറില്ലെന്നും എന്തുകൊണ്ടാണ് നടിമാരോട് ചോദിക്കുന്നതെന്ന് മനസിലാവുന്നില്ലെന്നുമാണ് ചിന്മയി എക്‌സിൽ പ്രതികരിച്ചത്. അതേസമയം നടിക്കെതിരെ

അധിക്ഷേപം നടത്തിയപ്പോൾ മിണ്ടാതിരുന്നത് എന്തുകൊണ്ടെന്ന് വിശദീകരിച്ച് നടൻ ആദിത്യ മാധവൻ. മൗനം ബോഡി ഷെയ്മിങിനുള്ള പിന്തുണ അല്ലെന്നും അരങ്ങേറ്റ ചിത്രം ആയതിനാൽ പകച്ചുപോയി. എല്ലാവരും ബഹുമാനം അർഹിക്കുന്നുണ്ട്. ഉടൻ പ്രതികരിക്കേണ്ടതായിരുന്നു. ക്ഷമ ചോദിക്കുന്നുവെന്ന് ആദിത്യ മാധവൻ പറഞ്ഞു.

 

 

യുവ സംവിധായകർ പ്രതികളായ ഹൈബ്രിഡ് കഞ്ചാവ് കേസിൽ കുറ്റപത്രം സമർപ്പിച്ച് എക്സൈസ്. ഖാലിദ് റഹ്മാൻ, അഷ്റഫ് ഹംസ, സമീർ താഹിർ എന്നിവരെ പ്രതികളാക്കിയാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. കഞ്ചാവ് എത്തിച്ച ഇടനിലക്കാരനെ കണ്ടെത്താനായില്ലെന്നും കുറ്റപത്രം പറയുന്നുണ്ട്. കഴിഞ്ഞ ഏപ്രിലിലാണ് 1.6 ഗ്രാം ഹൈബ്രിഡ് കഞ്ചാവുമായി സംവിധായകർ പിടിയിലായത്.

 

കേരളത്തിൽ അടുത്ത അ‌ഞ്ചുദിവസം മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് മുതൽ പത്താം തീയതി വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. നാളെ പത്തനംതിട്ട, ഇടുക്കി ജില്ലകളിലും 9ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലും 10ന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലുമാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.

 

പാലക്കാട് കണ്ണാടി സ്കൂളിൽ 14 കാരൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ സസ്പെൻഷനിലുള്ള പ്രധാന അധ്യാപികയെ തിരിച്ചെടുത്ത നടപടിയിൽ വിദ്യാഭ്യാസ മന്ത്രിക്ക് പരാതി നൽകി കുടുംബം. നിലവിലെ അന്വേഷണം പൂർത്തിയാക്കുന്നത് വരെ എങ്കിലും സസ്പെൻഷൻ തുടരണം എന്നാണ് ആവശ്യം. അധ്യാപിക അനുകൂലമായി മൊഴി നൽകാൻ കുട്ടികളെ പ്രേരിപ്പിച്ചതായി അറിയാൻ സാധിച്ചു എന്നും കുടുംബം പറയുന്നു.

 

കോഴിക്കോട് കോടഞ്ചേരി മുണ്ടൂരില്‍ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു. സ്വകാര്യ ഫാമിലെ പന്നികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഫാമിലെ ഇരുപത് പന്നികള്‍ കൂട്ടത്തോടെ ചത്തതിനെത്തുടര്‍ന്ന് ആന്തരിക അവയവങ്ങള്‍ ഭോപ്പാലിലെ ലാബില്‍ പരിശോധിച്ചപ്പോഴാണ് രോഗബാധ തിരിച്ചറിഞ്ഞത്. ഫാമിന്‍റെ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ പന്നിമാംസം വില്‍ക്കുന്നതിന് ജില്ലാ ഭരണ കൂടം നിരോധനമേര്‍പ്പെടുത്തി.

 

കണ്ണൂരിൽ ബോട്ടിന് തീപിടിച്ചു. അഴീക്കൽ ഹാർബറിലാണ് സംഭവം. മുനമ്പത്ത് നിന്ന് മത്സ്യബന്ധനത്തിനായി കടലിൽ പോയ ബോട്ടാണിത്. കടലിൽ വച്ച് സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടർന്ന് അഴീക്കലിലേക്ക് കൊണ്ടുവരികയായിരുന്നു. നാട്ടുകാരും സ്ഥലത്തുണ്ടായിരുന്നവരുമാണ് തീപിടിച്ചയുടൻ ആദ്യം രക്ഷാപ്രവർത്തനം നടത്തിയത്. പിന്നാലെ വിവരമറിഞ്ഞ് ഫയർ ഫോഴ്സും സ്ഥലത്തെത്തി.

 

പത്തനംതിട്ടയില്‍ പേവിഷ ബാധയേറ്റ് മരിച്ച 12 കാരിയുടെ അമ്മ സുപ്രീം കോടതിയിൽ. പെരിനാട്ടില്‍ 2022ല്‍ മരിച്ച അഭിരാമിയുടെ അമ്മ രജനിയാണ് കോടതിയെ സമീപിച്ചത്. തെരുവുനായ ആക്രമണത്തെതുടര്‍ന്ന് പേവിഷ ബാധയേറ്റ് മരിച്ച ഇരകൾക്ക് ധനസഹായം നൽകണമെന്നും ഹര്‍ജിയിൽ ആവശ്യപ്പെട്ടു. തെരുവുനായ പ്രശ്നത്തിലെ കേസില്‍ കക്ഷി ചേരാന്‍ അപേക്ഷ നല്‍കി. ജില്ലാതലത്തില്‍ സമിതികള്‍ രൂപീകരിക്കണമെന്നും റാബീസ് വാക്സീന്‍ ലഭ്യത ഉറപ്പാക്കണമെന്നുമാണ് ആവശ്യം.

 

തെരുവുനായ പ്രശ്നത്തിൽ സുപ്രധാന ഉത്തരവുമായി സുപ്രീം കോടതി. റോഡുകളിൽ നിന്നും പൊതുയിടങ്ങളിൽ നിന്നും തെരുവുനായ്ക്കളെ നീക്കണമെന്നും നിരീക്ഷണത്തിനായി പട്രോളിങ് സംഘത്തെ നിയോഗിക്കണമെന്നും സുപ്രീം കോടതി ഇടക്കാല ഉത്തരവിറക്കി. ദേശീയപാതയടക്കം റോഡുകളിൽ നിന്ന് കന്നുകാലികൾ, നായ്ക്കൾ എന്നിവയടക്കമുള്ള മൃഗങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റാനാണ് നിര്‍ദേശം.

 

വോട്ട് കൊള്ള ആരോപണത്തിൽ രാഹുൽ ഗാന്ധിയുടെ ആരോപണങ്ങളിൽ പിശകുണ്ടെന്ന മാധ്യമ റിപ്പോർട്ട് ആയുധമാക്കി ബിജെപി. രാഹുൽ ഗാന്ധിയേക്കാൾ ഒരാൾക്ക് എങ്ങനെ മണ്ടനാകാനാകുമെന്ന് അമിത് മാളവ്യ പ്രതികരിച്ചു. രാജകുമാരനോട് ആരാണ് സത്യം പറഞ്ഞു കൊടുക്കുകയെന്നും അദ്ദേഹം ചോദിക്കുന്നു. 22 തവണ വോട്ടർ പട്ടികയിൽ വന്ന ബ്രസീലിയൻ യുവതി ഇതുവരെ ഇന്ത്യയിൽ വന്നിട്ടില്ല. ബ്രസീൽ വിട്ട് പോയിട്ടില്ലെന്നും താൻ മോഡൽ അല്ലെന്നും ഹെയർ ഡ്രസ്സർ ആണെന്നും ലാരിസ്സ ഇംഗ്ലീഷ് മാധ്യമത്തോട് പറഞ്ഞിരുന്നു.

 

ഹരിയാനയിലെ ഒരു ബൂത്തിൽ ഒരാള്‍ 223 തവണ വോട്ടു ചെയ്തെന്ന് രാഹുൽ ഗാന്ധി ആരോപിച്ച സ്ത്രീ വോട്ടു ചെയ്തത് ഒരു തവണ മാത്രമെന്ന് റിപ്പോർട്ട്. 75കാരിയായ ചരൺജീത് കൗറിന്‍റെ ചിത്രം 223 തവണ വരുന്നതാണ് രാഹുൽ ചൂണ്ടികാണിച്ചത്. എന്നാൽ രാഹുലിന്‍റെ ആരോപണം തള്ളിയ വയോധിക താൻ ഒരു തവണ മാത്രമാണ് വോട്ട് ചെയ്തതെന്നാണ് ഇംഗ്ലീഷ് മാധ്യമത്തോട് വെളിപ്പെടുത്തി. വോട്ടർ പട്ടികയിൽ തന്‍റെ ചിത്രം ആവർത്തിച്ച് വരുന്നത് പത്തു കൊല്ലമായുള്ള പ്രശ്നമാണെന്നും കൗർ വ്യക്തമാക്കി.

 

ബീഹാറിൽ വലിയ രാഷ്ട്രീയ മാറ്റം ഉടൻ സംഭവിക്കുമെന്ന് ജൻസുരാജ് പാർട്ടി നേതാവ് പ്രശാന്ത് കിഷോർ. ബിഹാറിലെ കനത്ത പോളിംഗ് ബിഹാർ രാഷ്ട്രീയം മാറുമെന്നതിൻ്റെ കൃത്യമായ തെളിവാണ്. ആദ്യ ഘട്ട വോട്ടെടുപ്പിലെ ഉയർന്ന പോളിങ് സംസ്ഥാനത്തെ ജനങ്ങളിൽ ഉണ്ടായ ഭരണ വിരുദ്ധ വികാരത്തിൻ്റെ സൂചനയാണെന്നും അദ്ദേഹം പറഞ്ഞു.അതേസമയം ബിഹാറിലെ ആദ്യഘട്ട വോട്ടെടുപ്പിന് പിന്നാലെ ഇന്ത്യ സഖ്യവും എൻഡിഎയും വൻ വിജയം നേടുമെന്ന അവകാശവാദങ്ങളുമായി രംഗത്തെത്തി.

 

അഹമ്മദാബാദ് വിമാന അപകടത്തിൽ പൈലറ്റുമാരെ ആർക്കും കുറ്റപ്പെടുത്താൻ കഴിയില്ലെന്ന് സുപ്രീംകോടതി. എഎഐബിയുടെ പ്രാഥമിക അന്വഷണ റിപ്പോര്‍ട്ടിൽ പൈലറ്റുമാരെ കുറ്റപ്പെടുത്തുന്നില്ലെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. പൈലറ്റുമാര്‍ക്ക് പിഴവ് സംഭവിച്ചതായുള്ള വിദേശ മാധ്യമ റിപ്പോർട്ടിനെതിരെയും സുപ്രീം കോടതി രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. അഹമ്മദാബാദ് വിമാന അപകടമുണ്ടായത് പൈലറ്റുമാരുടെ പിഴവാണെന്ന് രാജ്യത്തെ ആരും വിശ്വസിക്കുന്നില്ല എന്നും ജസ്റ്റിസ്‌ ബാഗ്ചി വ്യക്തമാക്കി.

 

കർണാടകയിൽ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് സിദ്ദരാമയ്യയെ കോൺഗ്രസ് ഹൈക്കമാൻ്റ് മാറ്റുകയാണിൽ പകരം ഒരു ദളിത് മുഖ്യമന്ത്രി വേണമെന്ന ആവശ്യം ശക്തമാകുന്നു. ഈ ആവശ്യം ഉന്നയിച്ച് ദളിത് സംഘടനകൾ കർണാടകയിലെ മന്ത്രിമാരായ മഹാദേവപ്പയുടെയും സതീഷ് ജർകിഹോളിയുടെയും വീടുകൾക്ക് മുന്നിൽ പ്രതിഷേധിച്ചു. പ്രതിഷേധക്കാർ ദളിത് മുഖ്യമന്ത്രി വേണമെന്ന ആവശ്യം ഉന്നയിച്ച് നിവേദനം നൽകിയെന്നും ഇത് പരിശോധിക്കുമെന്നും സംസ്ഥാന പൊതുമരാമത്ത് മന്ത്രിയായ സതീഷ് ജെർകിഹോളി പ്രതികരിച്ചു.

 

മഹാരാഷ്ട്രയിലെ ഭിവണ്ടിയിൽ വൻ തീപിടിത്തം. സരാവലി ഗ്രാമത്തിലെ ഡൈയിംഗ് യൂണിറ്റിലാണ് തീപിടിച്ചത്. ഫയർഫോഴ്സ് തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.ഇന്ന് രാവിലെ 9 മണി കഴിഞ്ഞാണ് സംഭവം. ആദ്യം വലിയ പൊട്ടിത്തെറി ശബ്ദമാണ് കേട്ടത്. പിന്നാലെ തീ പടർന്നു പിടിക്കുകയായിരുന്നു. രാവിലെ ആയതിനാൽ ജീവനക്കാർ ആരും സ്ഥലത്തുണ്ടായിരുന്നില്ല. അതുകൊണ്ട് വലിയ അപകടം ഒഴിവായി. ആളപായമില്ല എന്നാണ് പ്രാഥമിക നിഗമനം.

 

എയർ ട്രാഫിക് കൺട്രോൾ സിസ്റ്റത്തിൽ സാങ്കേതിക തകരാർ നേരിട്ടതിനെ തുടർന്ന് ദില്ലി വിമാനത്താവളത്തിൽ നൂറിലേറെ വിമാനങ്ങൾ വൈകി. പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമം തുടങ്ങിയെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു. ഇന്ന് രാവിലെ മുതലാണ് പ്രശ്നങ്ങൾ നേരിട്ടത്.

 

സൗദിയില്‍ പെട്രോള്‍ പമ്പുകളില്‍ വണ്ടിയുടെ എന്‍ജിന്‍ ഓഫാക്കാത്തവര്‍ക്കും ക്യൂ പാലിക്കാത്തവര്‍ക്കും ഇന്ധനം നല്‍കുന്നത് ഊര്‍ജ മന്ത്രാലയം വിലക്കി. സുരക്ഷ വര്‍ധിപ്പിക്കാനും ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്താനും സുഗമമായ സേവനം ഉറപ്പാക്കാനും നിയമലംഘനങ്ങള്‍ തടയാനും ഈ തീരുമാനത്തിലൂടെ ലക്ഷ്യമിടുന്നതായി മന്ത്രാലയം വ്യക്തമാക്കി.

 

മസ്കിന് ഒരുലക്ഷം കോടി ഡോളർ (ഒരു ട്രില്യൻ) വേതനപ്പാക്കേജ് നൽകാനുള്ള നിർദേശത്തിന് ടെസ്‍ല ഓഹരി ഉടമകളുടെ യോഗത്തിൽ അംഗീകാരം. ബ്ലൂംബെർഗ് പട്ടികയിലെ നിലവിലെ കണക്കുകൾ പ്രകാരം 461 ബില്യൻ ഡോളർ (ഏകദേശം 40 ലക്ഷം കോടി രൂപ) ആണ് മസ്കിന്റെ ആസ്തി. തൊട്ടു പിന്നാലെയുള്ള ഓറക്കിൾ മേധാവി ലാറി എലിസണിന്റെ ആസ്തി 303 ബില്യൻ ഡോളർ (26.8 ലക്ഷം കോടി രൂപ) ആണ്.

 

അമേരിക്കയിൽ ഷട്ട് ഡൗണിനെ തുടർന്ന് പ്രതിസന്ധി രൂക്ഷം. ജീവനക്കാരുടെ കുറവ് കാരണം 10 ശതമാനം വിമാന സർവീസുകൾ നിർത്തലാക്കാനാണു സർക്കാർ തീരുമാനം. അന്താരാഷ്ട്ര സർവീസുകളെ ഒഴിവാക്കും. എയർപോർട്ടുകളിലെ ജീവനക്കാരുടെ കുറവാണ് വിമാന സര്‍വീസുകള്‍ നിര്‍ത്തലാക്കാനുള്ള കാരണമായി സര്‍ക്കാര്‍ പറയുന്നത്. പുതിയ തീരുമാനം അമേരിക്കയിലെ 40 എയർപോർട്ടുകളെ പ്രതികൂലമായി ബാധിക്കും.

 

ഫിലിപ്പീൻസിൽ 114 പേരുടെ മരണത്തിന് ഇടയാക്കുകയും കനത്ത നാശം വിതക്കുകയും ചെയ്തതിന് പിന്നാലെ വിയറ്റ്നാമിലും ആഞ്ഞടിച്ച് കൽമേഗി ചുഴലിക്കാറ്റ്. മണിക്കൂറിൽ 149 കിലോമീറ്റർ വേഗതയിലാണ് കാറ്റ് വീശുന്നത്. ആറ് വിമാനത്താവളങ്ങൾ അടച്ചു. നൂറുകണക്കിന് വിമാന സർവീസുകൾ റദ്ദാക്കി. സാഹചര്യം നേരിടാൻ സജ്ജമെന്ന് അധികൃതർ അറിയിച്ചു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *