പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ടൊയോട്ട തങ്ങളുടെ ജനപ്രിയ മോഡലായ ലാന്‍ഡ് ക്രൂയിസര്‍ നിരയിലേക്ക് പുതിയൊരു കൂട്ടിച്ചേര്‍ക്കലുമായി പുതിയ ലാന്‍ഡ് ക്രൂയിസര്‍ എഫ്ജെയുടെ ചിത്രം പുറത്തുവിട്ടു. താരതമ്യേന ഒതുക്കമുള്ള ഈ എസ്യുവി 2025 ലെ ജപ്പാന്‍ മൊബിലിറ്റി ഷോയില്‍ പൊതുജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കും. 2026 മധ്യത്തില്‍ ജപ്പാനില്‍ പുതിയ മോഡല്‍ വിപണിയിലെത്തിക്കാനാണ് പദ്ധതി. ടൊയോട്ടയുടെ ഐഎംവി സീരീസില്‍ നിന്ന് പരിഷ്‌കരിച്ച ഒരു പ്ലാറ്റ്‌ഫോമില്‍ നിര്‍മ്മിച്ചതാണ് ലാന്‍ഡ് ക്രൂയിസര്‍ എഫ്ജെ. യാത്ര സുഗമമാക്കുന്നതിന് 70 സീരീസിന് സമാനമായ വീല്‍ ആര്‍ട്ടിക്കുലേഷനും 5.5 മീറ്റര്‍ ടേണിങ് റേഡിയസുമാണ് വാഹനം വാഗ്ദാനം ചെയ്യുന്നത്. ലാന്‍ഡ് ക്രൂയിസര്‍ 250 നേക്കാള്‍ 270എംഎം കുറവാണ് പുതിയ വാഹനത്തിന്റെ വീല്‍ബേസിന്. 6എടി ഗിയര്‍ബോക്‌സും 4ഡബ്‌ളിയുഡി സിസ്റ്റവും ജോടിയാക്കിയ 2.7 ലിറ്റര്‍ പെട്രോള്‍ എന്‍ജിനാണ് വാഹനത്തിന്റെ കരുത്ത്. ഇത് 160ബിഎച്ച്പിയും 246എന്‍എം ടോര്‍ക്കും പുറപ്പെടുവിക്കാന്‍ കരുത്തുള്ളതാണ് ഈ എന്‍ജിന്‍. 4,575എംഎം നീളവും 1,855എംഎം വീതിയും 1,960എംഎം ഉയരവും വാഹനത്തിന് ഉണ്ട്. ഫൈവ് സീറ്റര്‍ ലേഔട്ടുമായാണ് വാഹനം വിപണിയില്‍ എത്തുക.
