ത്രില്ലിംങ്ങ് മിസ്റ്ററി എന്ന ടാഗ് ലൈനില്‍ പുറത്തിറങ്ങുന്ന ‘നിധിയും ഭൂതവും’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്. ടൂ വീലര്‍ വര്‍ക്ക്ഷോപ്പ് നടത്തുന്ന മൂന്ന് ചെറുപ്പക്കാരുടെ ജീവിതത്തില്‍ പൊടുന്നനവെ സംഭവിക്കുന്ന നിഗൂഢതകളുടെയും അവിശ്വസനീയ സംഭവങ്ങളുടെയും കഥ പറയുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് സാജന് ജോസഫ്. നവംബര്‍ 14 ന് ചിത്രം തീയേറ്ററുകളില്‍ എത്തും. ഡീം ബിഗ് ഫിലിംസ് ആണ് ചിത്രം തീയേറ്ററുകളില്‍ എത്തിക്കുന്നത്. അനൂപ്, ധര്‍മ്മ, സതി എന്നീ ഉറ്റ ചങ്ങാതിമാരുടെ ജീവിതത്തിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്. അനീഷ് ജി മേനോന് നായകനാകുന്ന ചിത്രത്തില്‍ അശ്വല്‍ ലാല്‍, മുഹമ്മദ് റാഫി, നയ്റ നിഹാര്‍, വിഷ്ണു ഗോവിന്ദന്, വൈക്കം ഭാസി, പോള്‍സണ്‍, പ്രമോദ് വെളിയനാട്, ഗോകുലന്, രാധ ഗോമതി, രശ്മി അനില്‍ തുടങ്ങി 45 ഓളം പ്രമുഖ താരങ്ങള്‍ അണിനിരക്കുന്നു. ചിത്രത്തില്‍ 2 ഗാനങ്ങളാണ് ഉള്ളത്. വിഷ്ണു എസ്. ശേഖര്‍ സംഗീതം നല്കി നിഷികാന്ത് രചിച്ച ‘കല്യാണ കൊണ്ടാട്ടം’, ജയ്സണ്‍ ജെ നായര്‍ ഈണമിട്ട് സന്തോഷ് വര്‍മ്മ വരികളെഴുതിയ ‘എന്നൊരമ്മേ’ എന്നാരംഭിക്കുന്ന ഗാനം എന്നിവയാണവ.
