ചിത്രങ്ങളും വീഡിയോകളും ആപ്പില്‍ സൂക്ഷിക്കുന്നതിന് ഇനി മുതല്‍ ഉപയോക്താക്കളില്‍ നിന്ന് പണം ഈടാക്കാന്‍ തുടങ്ങുമെന്ന് മെസേജിംഗ് പ്ലാറ്റ്ഫോമായ സ്നാപ്ചാറ്റ്. സ്നാപ്ചാറ്റിന്റെ ഈ തീരുമാനം ആപ്പില്‍ ഏറെ പഴയ പോസ്റ്റുകള്‍ ശേഖരിച്ചുവച്ചിരിക്കുന്ന ഉപയോക്താക്കള്‍ക്കിടയില്‍ വ്യാപക പ്രതിഷേധത്തിന് വഴിവെച്ചു. സ്നാപ്ചാറ്റ് 2016-ല്‍ അവതരിപ്പിച്ച മെമ്മറീസ് ഫീച്ചര്‍ വഴി ഉപയോക്താക്കളെ, മുന്‍പ് അയച്ച സ്നാപ്പുകളുടെ ഉള്ളടക്കം സേവ് ചെയ്യാനും ആപ്പില്‍ തന്നെ സൂക്ഷിക്കാനും അനുവദിച്ചിരുന്നു. എന്നാല്‍, അഞ്ച് ജിഗാബൈറ്റില്‍ അധികം മെമ്മറീസ് ഉള്ളവര്‍ക്ക് ഈ സേവനം തുടര്‍ന്ന് ലഭ്യമാകണമെങ്കില്‍ ഇനി പണം നല്‍കേണ്ടിവരുമെന്നാണ് കമ്പനി പറയുന്നത്. ഈ സ്റ്റോറേജ് പ്ലാനുകള്‍ക്ക് ഉപയോക്താക്കള്‍ എത്ര രൂപയാണ് നല്‍കേണ്ടിവരിക എന്ന് ആപ്പിന്റെ മാതൃകമ്പനിയായ സ്‌നാപ് വ്യക്തമാക്കിയില്ലെങ്കിലും ആഗോളതലത്തില്‍ ഇത് ഘട്ടംഘട്ടമായാണ് നടപ്പാക്കുകയെന്ന് കമ്പനി വിശദീകരിച്ചു.
