റിസര്‍വ് ബാങ്ക് മുഖ്യ പലിശനിരക്ക് കുറച്ചതിന്റെ ചുവടുപിടിച്ച് രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വായ്പാ നിരക്ക് 50 ബേസിക് പോയിന്റ് കുറച്ചു. പലിശ നിരക്ക് കുറച്ചതോടെ, എസ്ബിഐയുടെ റിപ്പോ ലിങ്ക്ഡ് വായ്പാ നിരക്ക് 50 ബേസിക് പോയിന്റ് കുറഞ്ഞ് 7.75 ശതമാനമായി. എസ്ബിഐ സ്ഥിരനിക്ഷേപങ്ങളുടെ പലിശനിരക്കും കുറച്ചിട്ടുണ്ട്. മൂന്ന് കോടി രൂപ വരെയുള്ള, വിവിധ കാലാവധികളിലുള്ള എല്ലാ സ്ഥിര നിക്ഷേപങ്ങളുടെയും പലിശനിരക്കില്‍ 25 ബേസിക് പോയിന്റിന്റെ കുറവാണ് വരുത്തിയത്. ജൂണ്‍ 15 മുതല്‍ തന്നെ പുതിയ ടേം ഡെപ്പോസിറ്റ് നിരക്കുകളും പ്രാബല്യത്തില്‍ വരും. പുതുക്കിയതോടെ, 1-2 വര്‍ഷത്തെ സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് 25 ബേസിക് പോയിന്റ് കുറഞ്ഞ് 6.50 ശതമാനമായി. രണ്ട് വര്‍ഷം മുതല്‍ 3 വര്‍ഷത്തില്‍ താഴെ കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്ക് 6.70 ശതമാനത്തില്‍ നിന്ന് 6.45 ശതമാനമായി പലിശ കുറച്ചു. 3-5 വര്‍ഷം കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് 6.30 ശതമാനവും 5 മുതല്‍ 10 വര്‍ഷത്തേയ്ക്കുള്ള പലിശനിരക്ക് 6.05 ശതമാനമായും കുറഞ്ഞു. 444 ദിവസത്തെ (അമൃത് വൃഷ്ടി) പ്രത്യേക നിക്ഷേപ കാലയളവ് പദ്ധതിയുടെ പലിശ നിരക്കും കുറച്ചിട്ടുണ്ട്. 6.85 ശതമാനത്തില്‍ നിന്ന് 6.60 ആയാണ് പരിഷ്കരിച്ചത്.
വായ്പാ നിരക്ക് കുറച്ച് എസ്ബിഐ
