P2 yt cover

https://dailynewslive.in/ യുഡിഎഫും എല്‍ഡിഎഫും പ്രഖ്യാപിച്ച ഹര്‍ത്താലില്‍ വയനാട് നിശ്ചലം. 12 മണിക്കൂര്‍ ഹര്‍ത്താലിന്റെ ഭാഗമായി പ്രതിഷേധക്കാര്‍ പലയിടത്തും വാഹനങ്ങള്‍ തടഞ്ഞു. ഹര്‍ത്താല്‍ ആണെന്ന് അറിയാതെ എത്തിയ നിരവധി യാത്രക്കാരാണ് അതിര്‍ത്തികളില്‍ കുടുങ്ങിയത്. രാവിലെ 6 മണി മുതല്‍ വൈകീട്ട് 6 മണി വരെയാണ് ഹര്‍ത്താല്‍. ചൂരല്‍മല മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തത്തിനോടനുബന്ധിച്ചുള്ള കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ വീഴ്ചകള്‍ക്കെതിരെയാണ് യുഡിഎഫ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍ അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കുന്നില്ലെന്നത് ഉള്‍പ്പെടെ ഉന്നയിച്ച് കേന്ദ്രത്തിനെതിരെയാണ് എല്‍ഡിഎഫ് ഹര്‍ത്താല്‍.

https://dailynewslive.in/ വയനാട് ദുരന്തബാധിതര്‍ക്കുള്ള കേന്ദ്രത്തിന്റെ അധിക ധനസഹായത്തിന്റെ പേരില്‍ ഇന്ത്യ സഖ്യം വ്യാജ പ്രചാരണം നടത്തുന്നുവെന്ന് മുന്‍ കേന്ദ്രമന്ത്രി വി.മുരളീധരന്‍. അധികധനസഹായം നല്‍കില്ല എന്ന് കേന്ദ്രസര്‍ക്കാര്‍ പറഞ്ഞിട്ടില്ലെന്നും വയനാട് ദുരന്തത്തെ രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പാലക്കാട് ഉപതിരഞ്ഞെടുപ്പിലെ ബിജെപി മുന്നേറ്റത്തിന് തടയിടാം എന്ന പ്രതീക്ഷയിലുള്ള ഹര്‍ത്താല്‍ നാടകമാണ് വയനാട്ടില്‍ നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു.

*കെ.എസ്.എഫ്.ഇ*

*സ്‌ക്രീന്‍ ഷോട്ട് മത്സരം*

സ്‌ക്രീന്‍ ഷോട്ടെടുത്തയക്കൂ; ദിവസേന സമ്മാനം നേടൂ.

ഡെയ്‌ലി ന്യൂസിന്റെ ടെക്സ്റ്റ് /വീഡിയോ വാര്‍ത്തകളില്‍ വരുന്ന കെ.എസ്.എഫ്.ഇ യുടെ പരസ്യത്തിന്റെ സ്‌ക്രീന്‍ ഷോട്ടെടുത്ത് നിങ്ങളുടെ പിന്‍ കോഡടക്കമുള്ള അഡ്രസും ഫോണ്‍ നമ്പറും സഹിതം 9526 133 833 എന്ന നമ്പറിലേക്ക് അയക്കുക. തിരഞ്ഞെടുക്കപ്പെടുന്ന ഒരാള്‍ക്ക് അമൃത് വേണി ഹെയര്‍ എലിക്‌സിറിന്റെ 460 രൂപ വിലയുള്ള 50ml ന്റെ ബോട്ടില്‍ ദിവസേന സമ്മാനമായി ലഭിക്കുന്നതാണ്.

*നവംബര്‍ 18 ലെ വിജയി : സിനോജ്, കുണ്ടന്നൂര്‍, തൃശൂര്‍*

https://dailynewslive.in/ ഇരട്ട വോട്ട് പട്ടികയില്‍ ഉള്‍പെട്ടവര്‍ വോട്ട് ചെയ്താല്‍ നിയമനടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കി ജില്ല ഭരണകൂടം. സംശയമുള്ളവരുടെ പട്ടിക തയ്യാറാക്കി പ്രിസൈഡിങ്ങ് ഓഫീസര്‍മാര്‍ക്ക് കൈമാറി. ചില ബൂത്തുകളില്‍ കൂട്ടത്തോടെ വോട്ട് ചേര്‍ത്തതായി കണ്ടെത്തിയെന്ന് ജില്ല കളക്ടര്‍ ഡോ എസ് ചിത്ര പറഞ്ഞു.

https://dailynewslive.in/ ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന സന്ദീപ് വാര്യര്‍ക്കെതിരെ സുപ്രഭാതം, സിറാജ് പത്രങ്ങളുടെ പാലക്കാട് എഡിഷനില്‍ വന്ന ഇടത് മുന്നണിയുടെ പത്രപരസ്യം വിവാദത്തില്‍. സരിന്‍ തരംഗം എന്ന വലിയ തലക്കെട്ടിലാണ് പരസ്യമെങ്കിലും പരസ്യത്തില്‍ കൂടുതലായും പരാമര്‍ശിച്ചിട്ടുള്ളത് സന്ദീപ് വാര്യരെ പറ്റിയാണ്. ഈ വിഷനാവിനെ സ്വീകരിക്കുകയോ, ഹാ കഷ്ടം എന്ന തലക്കെട്ടും ആര്‍.എസ്.എസ് വേഷധാരിയായ സന്ദീപ് വാര്യരും പരസ്യത്തിലുണ്ട്. എല്ലാ പത്രങ്ങളിലും പരസ്യം കൊടുത്തിട്ടുണ്ടെന്ന് മന്ത്രി എംബി രാജേഷ് പ്രതികരിച്ചു. രണ്ട് പത്രങ്ങളിലെ പരസ്യങ്ങള്‍ മാത്രം വിവാദമാകുന്നത് എന്താണെന്ന് അറിയില്ലെന്നും , സന്ദീപിനോട് ഫേസ്ബുക്കിലെ പരാമര്‍ശങ്ങള്‍ ഒക്കെ ഡിലീറ്റ് ചെയ്യാന്‍ കോണ്‍ഗ്രസ് പറയണമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സന്ദീപ് ഇപ്പോഴും ആര്‍ എസ് എസുകാരനാണെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.

https://dailynewslive.in/ വടകരയില്‍ സ്വീകരിച്ച കാഫിര്‍ സ്‌ക്രീന്‍ഷോട്ടിന് സമാനമോ അതിലും ഗുരുതരമോ ആയ പ്രചരണ രീതിയാണ് സിപിഎം അവലംബിച്ചിട്ടുള്ളതെന്ന് സന്ദീപ് വാര്യര്‍. ഈ പരസ്യം കൊടുത്തിട്ടുള്ളത് സിപിഎം ആണെങ്കിലും പരസ്യത്തിന്റെ പണം കൊടുത്തത് ബിജെപി ഓഫീസില്‍ നിന്നാണെന്നാണ് മനസിലാക്കുന്നതെന്നും സന്ദീപ് പറഞ്ഞു. ഞാന്‍ പോന്നതില്‍ ബിജെപിക്കാണ് വിഷമമുണ്ടാകേണ്ടത് എന്നാല്‍ അതിനേക്കാളേറെ സിപിഎം എന്തിനാണ് വിഷമിക്കുന്നതെന്നും സന്ദീപ് ചോദിച്ചു. തിരഞ്ഞെടുപ്പിന്റെ തലേദിവസം വര്‍ഗീയമായ വിഭജനം ലക്ഷ്യംവെച്ചുള്ള ഇത്തരം പ്രചരണങ്ങള്‍ പാലക്കാട്ടെ ജനങ്ങള്‍ തള്ളികളയുമെന്നും അദ്ദേഹം പറഞ്ഞു.

*തൃശൂര്‍ സൂപ്പര്‍ സെയിലുമായി പുളിമൂട്ടില്‍ സില്‍ക്‌സ്*

നൂറ് വര്‍ഷത്തിന്റെ നിറവില്‍ നില്‍ക്കുന്ന പുളിമൂട്ടില്‍ സില്‍ക്‌സിന്റെ തൃശൂര്‍ ഷോറൂമില്‍ 70 ശതമാനം വരെ വിലക്കുറവുള്ള സൂപ്പര്‍ സെയില്‍. തൃശൂര്‍ സൂപ്പര്‍ സെയിലില്‍ സാരികള്‍കള്‍ക്കും മെന്‍സ് വെയറിനും 70 ശതമാനം വരെ വിലക്കുറവുണ്ട്. കിഡ്‌സ് വെയറിനും മറ്റ് ലേഡീസ് വെയറിനും 60 ശതമാനം വരെ വിലക്കുറവാണുള്ളത്. തൃശൂര്‍ സൂപ്പര്‍ സെയിലിലുള്ള സൂപ്പര്‍ കളക്ഷനുകള്‍ സൂപ്പര്‍ ഓഫറില്‍ നേടാന്‍ എത്രയും പെട്ടെന്ന് പാലസ് റോഡിലുള്ള പുളിമൂട്ടില്‍ സില്‍ക്‌സിന്റെ തൃശൂര്‍ ഷോറൂം സന്ദര്‍ശിക്കുക.

https://dailynewslive.in/ വ്യാജ പരസ്യങ്ങളില്‍ വീഴുന്നവരല്ല പാലക്കാട്ടെ വോട്ടര്‍മാരെന്ന് വി കെ ശ്രീകണ്ഠന്‍ എംപി. ജനം പുച്ഛിച്ചു തള്ളുമെന്ന് പറഞ്ഞ എംപി സന്ദീപ് ആര്‍എസ്എസ് പശ്ചാത്തലമുള്ള ആളാണെന്ന് അറിയാത്തവര്‍ ആരാണുള്ളതെന്നും ചോദിച്ചു. വര്‍ഗീയ വിഷം തുപ്പുന്ന പരസ്യം എവിടെ വന്നാലും വോട്ടര്‍മാര്‍ പുച്ഛിച്ചു തള്ളുമെന്നും സന്ദീപ് കൊലക്കേസ് പ്രതിയല്ലെന്നും വികെ ശ്രീകണ്ഠന്‍ ചൂണ്ടിക്കാട്ടി.

https://dailynewslive.in/ മുസ്ലീം ലീഗ് അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങളെ മുഖ്യമന്ത്രി വിമര്‍ശിച്ചത് രാഷ്ട്രീയ പാര്‍ട്ടി നേതാവ് എന്ന നിലയിലാണെന്ന് ഇ പി ജയരാജന്‍. എസ്ഡിപിഐയുമായും ജമാഅത്തെ ഇസ്ലാമിയുമായും യുഡിഎഫ് സഖ്യമുണ്ടാക്കുന്നത് അവരെ എതിര്‍ക്കാന്‍ കഴിയാത്തതുകൊണ്ടാണെന്നും ജമാഅത്തെ ഇസ്ലാമിയെ മുസ്ലിം ലീഗ് പ്രസിഡന്റുമാര്‍ മുന്‍കാലത്ത് എതിര്‍ത്തിട്ടുണ്ടെന്നും ആ നിലപാടില്‍ നിന്നിരുന്ന മുസ്ലീംലീഗിന് എന്താണ് ഇപ്പോള്‍ സംഭവിച്ചതെന്നും ജയരാജന്‍ ചോദിച്ചു.

https://dailynewslive.in/ മുഖ്യമന്ത്രിയേയും എതിര്‍ രാഷ്ട്രീയ പാര്‍ട്ടികളെയും സാദിഖലി തങ്ങള്‍ വിമര്‍ശിച്ചാല്‍ അതേ നാണയത്തില്‍ തങ്ങളെയും മുസ്ലിം ലീഗിനെയും വിമര്‍ശിക്കുമെന്ന് കെ ടി ജലീല്‍ എംഎല്‍എ. കാരണം ലീഗിന്റെ സംസ്ഥാന പ്രസിഡണ്ടാണ് തങ്ങളെന്നും പാണക്കാട് പ്രേമികള്‍ക്ക് വിമര്‍ശനം സഹിക്കുന്നില്ലെങ്കില്‍ ലീഗ് പ്രസിഡണ്ടിന്റെ സ്ഥാനത്തു നിന്ന് സാദിഖലി തങ്ങളെ മാറ്റി കുഞ്ഞാലിക്കുട്ടിയെ സംസ്ഥാന അദ്ധ്യക്ഷനാക്കുന്നതാകും നല്ലതെന്നും ജലീല്‍ ഫെയ്സ് ബുക്കില്‍ കുറിച്ചു.

*കെ.എസ്.എഫ്.ഇ ഗാലക്‌സി ചിട്ടികളില്‍ ചേരൂ, ജീവിതം അടിപൊളിയാക്കൂ..*

2024 ഏപ്രില്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ

◼️മെഗാ ബമ്പര്‍ സമ്മാനം ഒരു മെഴ്‌സിഡസ് ബെന്‍സ് കാര്‍ ◼️ബമ്പര്‍ സമ്മാനം: 17 ഇന്നോവ കാറുകള്‍

*കെ.എസ്.എഫ്.ഇ ഗാലക്‌സി ചിട്ടികള്‍ (സീരീസ് 3):*

2024 നവംബര്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ ◼️ശാഖാതല സമ്മാനങ്ങള്‍ : 5,000 ഗിഫ്റ്റ് കാര്‍ഡുകള്‍ ◼️ ഓരോ ചിട്ടിയിലും ഒരാള്‍ക്ക് വീതം.

*ടോള്‍ ഫ്രീ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ : 1800-425-3455*

https://dailynewslive.in/ ഇ.പി. ജയരാജന്റെ ആത്മകഥാ വിവാദത്തില്‍ പോലീസ് വിശദമായ അന്വേഷണം നടത്തും. വിഷയത്തില്‍ രവി ഡി.സിയുടെ മൊഴി രേഖപ്പെടുത്തും. ആത്മകഥ പ്രസിദ്ധീകരിക്കുന്നതുമായി ഇ.പി. ജയരാജനും ഡി.സി. ബുക്‌സും തമ്മില്‍ കരാറുണ്ടോയെന്ന കാര്യവും പോലീസ് പരിശോധിക്കും.

https://dailynewslive.in/ കരുനാഗപ്പള്ളിയില്‍ നിന്ന് കാണാതായ വിജയലക്ഷ്മിയെ അമ്പലപ്പുഴയില്‍ കൊന്നു കുഴിച്ചുമൂടിയ സംഭവത്തില്‍ നിര്‍ണായകമായത് മൊബൈല്‍ ഫോണ്‍. വിജയലക്ഷ്മിയുടെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫായ നിലയില്‍ കെഎസ്ആര്‍ടിസി ബസില്‍ നിന്നും കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇത് വിജയലക്ഷ്മിയുടെ ഫോണാണെന്ന് കണ്ടെത്തി. കഴിഞ്ഞ രണ്ട് വര്‍ഷത്തിലേറെയായി ജയചന്ദ്രനുമായി വിജയലക്ഷ്മിക്ക് ബന്ധമുണ്ടായിരുന്നു. ആദ്യ വിവാഹ ബന്ധം വേര്‍പെടുത്തിയ വിജയലക്ഷ്മിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയമാണ് കൊലപാതകത്തിലേക്ക് എത്തിയതെന്ന് പൊലീസ് പറയുന്നു. ജയചന്ദ്രന്റെ വീടിന് സമീപത്ത് കുഴിച്ചിട്ട നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.

https://dailynewslive.in/ ബലാത്സംഗകേസില്‍ നടന്‍ സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ അംഗീകരിച്ച് സുപ്രീംകോടതി. നടി പരാതി നല്കാന്‍ എട്ടു കൊല്ലമെടുത്തു എന്നത് കണക്കിലെടുത്താണ് സുപ്രീംകോടതി ജാമ്യം അനുവദിച്ചത്. അന്വേഷണവുമായി സഹകരിക്കണമെന്നും പാസ്പോര്‍ട്ട് വിചാരണ കോടതിയില്‍ സമര്‍പ്പിക്കണമെന്നും സിദ്ദിഖിന് കോടതി നിര്‍ദ്ദേശം നല്കി.

https://dailynewslive.in/ ശബരിമലയില്‍ ദര്‍ശന വഴി മാറ്റുന്ന കാര്യവും ബെയ്ലി പാലം വഴി പുതിയ പാത ഒരുക്കുന്നതടക്കമുള്ള മാറ്റങ്ങള്‍ പരിഗണിച്ച് ദേവസ്വം ബോര്‍ഡ്. പതിനെട്ടാം പടികയറിവരുന്ന തീര്‍ത്ഥാടകര്‍ ക്യു കോപ്ലക്സില്‍ കാത്ത് നില്‍ക്കാതെ നേരിട്ട് സോപാന ദര്‍ശനം നടത്താനുള്ള സൗകര്യം ഒരുക്കുന്ന കാര്യമാണ് ദേവസ്വം ബോര്‍ഡ് പ്രധാനമായും ആലോചിക്കുന്നത്.നേരിട്ടുള്ള ദര്‍ശനം ലക്ഷ്യം വെച്ച് സ്ഥാപിച്ച ബെയ്ലി പാലത്തിന്റെ നിര്‍മ്മാണ കുടിശിക സൈന്യത്തിന് നല്‍കിയതോടെയാണ് പുതിയ നീക്കം.

https://dailynewslive.in/ ബാല്‍ താക്കറെയുടെ പിന്‍തുടര്‍ച്ചക്കാര്‍ അദ്ദേഹത്തിന്റെ ആശയങ്ങള്‍ ബലികഴിച്ചെന്നും ബാല്‍ താക്കറെ നിലകൊണ്ടതിന് വിരുദ്ധമായാണ് അവര്‍ പ്രവര്‍ത്തിക്കുന്നതെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി. മഹായുതി സ്ഥാനാര്‍ഥികളുടെ പ്രചാരണാര്‍ഥം മുംബൈയില്‍ സംഘടിപ്പിച്ച പരിപാടികളില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

https://dailynewslive.in/ കൊച്ചി മാട്ടുപെട്ടി പരീക്ഷണ പറക്കല്‍ വിജയകരമായതോടെ സീ പ്ലെയിന്‍ സര്‍വീസ് നടത്താന്‍ താല്പര്യം അറിയിച്ച് മൂന്ന് വ്യോമയാന കമ്പനികള്‍ സംസ്ഥാന സര്‍ക്കാരിന് പദ്ധതി രേഖ സമര്‍പ്പിച്ചു. താമസിയാതെ ടെണ്ടര്‍ ക്ഷണിച്ച് ഔദ്യോഗികമായി നടപടിക്രമങ്ങളുമായി മുന്നോട്ട് പോകാനാണ് സര്‍ക്കാര്‍ തീരുമാനം. ചെലവ് പരമാവധി കുറയ്ക്കാനുള്ള നടപടികളും പരിഗണനിയിലാണ്.

https://dailynewslive.in/ പത്തനംതിട്ടയിലെ നഴ്സിങ് വിദ്യാര്‍ത്ഥിയുടെ മരണത്തില്‍ കോളേജ് അധികൃതരുടെ വാദം തള്ളി കുടുംബം. വിദ്യാര്‍ത്ഥികള്‍ക്കിടയിലെ പ്രശ്നങ്ങള്‍ കോളേജില്‍ വച്ചു തന്നെ പൂര്‍ണ്ണമായും പരിഹരിക്കപ്പെട്ടുവെന്ന പ്രിന്‍സിപ്പലിന്റെയും ക്ലാസ് ടീച്ചറിന്റെയും ന്യായീകരണം കള്ളമാണെന്നും കോളേജിലും ഹോസ്റ്റലിലും അമ്മുവിനെ സഹപാഠികള്‍ നിരന്തരം മാനസികമായി പീഡിപ്പിച്ചിരുന്നുവെന്നും അമ്മുവിന്റെ കുടുംബം ആരോപിച്ചു.

https://dailynewslive.in/ മോഷണക്കേസുമായി ബന്ധപ്പെട്ട് കുറുവ സംഘാംഗമെന്ന സംശയത്തില്‍ കസ്റ്റഡിയിലെടുത്ത മണികണ്ഠനെ പൊലീസ് വിട്ടയച്ചു. കുറവ സംഘാംഗം സന്തോഷ് സെല്‍വന്റെ ബന്ധുവാണ് മണികണ്ഠന്‍. കുറുവ സംഘത്തിന്റെ മോഷണത്തില്‍ പങ്കുള്ളതിന് തെളിവില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് മണികണ്ഠനെ വിട്ടയച്ചതെന്ന് പൊലീസ് വ്യക്തമാക്കി.

https://dailynewslive.in/ കാസര്‍കോട് കളനാട് റെയില്‍ പാളത്തില്‍ കല്ലുവച്ച സംഭവത്തിലും വന്ദേഭാരത് ട്രെയിനിന് കല്ലെറിഞ്ഞ സംഭവത്തിലും പ്രതികള്‍ അറസ്റ്റില്‍. ആര്‍പിഎഫും റെയില്‍വേ പൊലീസും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് 17 വയസുകാരനടക്കം രണ്ട് പേര്‍ പിടിയിലായത്. ഇന്ന് പുലര്‍ച്ചെയാണ് കളനാട് റെയില്‍വേ പാളത്തില്‍ ചെറിയ കല്ലുകള്‍ വച്ചത്. അമൃതസര്‍- കൊച്ചുവേളി എക്സ്പ്രസ് കടന്ന് പോയതോടെ ഈ കല്ലുകള്‍ പൊടിഞ്ഞ നിലയിലായിരുന്നു. സംഭവത്തില്‍ 21 വയസുകാരനായ പത്തനംതിട്ട വയല സ്വദേശി അഖില്‍ ജോണ്‍ മാത്യുവാണ് അറസ്റ്റിലായതിലൊരാള്‍.

https://dailynewslive.in/ താഴത്തങ്ങാടിയിലെ ചാമ്പ്യന്‍സ് ബോട്ട് ലീഗ് വള്ളംകളി അലങ്കോലപ്പെട്ടത് സംഘാടനത്തിലെ പിഴവെന്ന് ടെക്നിക്കല്‍ കമ്മിറ്റിയുടെ വിലയിരുത്തല്‍. വള്ളംകളിയുമായി ബന്ധമില്ലാത്തവരെ ടൂറിസം വകുപ്പ് നടത്തിപ്പ് ചുമതല ഏല്‍പ്പിച്ചതിനെതിരെയും വിമര്‍ശനമുണ്ട്. വള്ളംകളി തടസപ്പെടുത്തിയ കുമരകം ടൗണ്‍ ബോട്ട് ക്ലബിനെതിരെ നടപടിയെടുക്കാനും തീരുമാനിച്ചു.

https://dailynewslive.in/ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സ വൈകിയതിനെ തുടര്‍ന്ന് രോഗി മരിച്ചെന്ന് പരാതി. കോഴിക്കോട് പേരാമ്പ്ര സ്വദേശി രജനിയാണ് മരിച്ചത്. ഈ മാസം 4 നാണ് ഇവര്‍ ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയത്. നാവിന് തരിപ്പും കാലിന് അസഹ്യമായ വേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ആശുപത്രിയിലെത്തിയത്. എന്നാല്‍ മാനസിക രോഗത്തിനുള്ള ചികിത്സയാണ് നല്‍കിയതെന്നും പിന്നീടാണ് ന്യൂറോ ചികിത്സ നല്‍കിയതെന്നും കുടുംബം വ്യക്തമാക്കുന്നു. ഇന്ന് പുലര്‍ച്ചെ 2 മണിയോടെയാണ് രജനി മരിച്ചത്.

https://dailynewslive.in/ കൃഷി നശിപ്പിച്ച കാട്ടാനയെ തിരയുന്നതിനിടെ ആനയുടെ ആക്രമണത്തില്‍ വനപാലകന് പരിക്കേറ്റു. നിലമ്പൂര്‍ റേഞ്ച് കാഞ്ഞിരപ്പുഴ സ്റ്റേഷനിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ ഹരീഷിനാണ് പരിക്കേറ്റത്. ശനിയാഴ്ച രാത്രിയും ഞായറാഴ്ച രാത്രിയും കാട്ടാന ഈ മേഖലയില്‍ കൃഷി നശിപ്പിച്ചിരുന്നു.

https://dailynewslive.in/ ഭിന്നശേഷിക്കാര്‍ക്കായുള്ള രാജ്യത്തെ പരമോന്നത ബഹുമതിയായ സര്‍വ ശ്രേഷ്ഠ ദിവ്യാംഗന് അര്‍ഹയായി തിരുവനന്തപുരം മലയിന്‍കീഴ് സ്വദേശിയായ അനന്യ. സംഗീതത്തെ കൂടെ കൂട്ടി പരിമിതികളെ പൊരുതി തോല്‍പ്പിച്ചാണ് 19 കാരിയുടെ നേട്ടം. രാഷ്ട്രപതിയില്‍ നിന്ന് ഡിസംബര്‍ 3 ന് അനന്യ പുരസ്‌കാരം ഏറ്റുവാങ്ങും. ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ക്കായുള്ള വഴുതക്കാട്ടെ റോട്ടറി ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് സംഗീതത്തിലൂടെ ഓട്ടിസത്തെ മറികടക്കുന്ന അനന്യയുടെ പഠനം.

https://dailynewslive.in/ എറണാകുളം പറവൂരില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലെ ക്ഷേത്രത്തില്‍ ശാന്തിക്കാരനായ പട്ടിക ജാതി വിഭാഗത്തില്‍പ്പെട്ട യുവാവിനെ ജാതി അധിക്ഷേപം നടത്തിയതായുള്ള പരാതിയില്‍ പൊലീസ് കേസെടുത്തു. വടക്കന്‍ പറവൂര്‍ തത്തപ്പള്ളി ശ്രീ ദുര്‍ഗ ക്ഷേത്രത്തിലാണ് സംഭവം. താത്കാലിക ശാന്തിക്കാരനായ വിഷ്ണുവിന്റെ ജാതി ചോദിച്ച് പ്രദേശവാസിയായ ജയേഷ് അധിക്ഷേപിച്ചെന്നാണ് പരാതി.

https://dailynewslive.in/ വാക്സിനെടുത്തശേഷം തളര്‍ന്ന് കിടപ്പിലായിരുന്ന വയോധിക മരിച്ചു. ആലപ്പുഴ തകഴി കല്ലേപ്പുറത്ത് സോമന്റെ ഭാര്യ ശാന്തമ്മ (63) ആണ് മരിച്ചത്. മുയലിന്റെ കടിയേറ്റതിനെ തുടര്‍ന്ന് പേവിഷ ബാധയ്ക്കെതിരായ വാക്സിനെടുത്തിരുന്നു. ഇതിനു പിന്നാലെ കിടപ്പിലാവുകായിരുന്നു. ഇന്നലെ രാത്രിയാണ് മരിച്ചത്.

https://dailynewslive.in/ ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ അമിത വേഗത്തിലെത്തിയ കാറിടിച്ച് എട്ട് വയസുകാരന്‍ മരിച്ചു. അഞ്ച് വയസുകാരിക്ക് ഗുരുതര പരിക്കേറ്റു. നിയന്ത്രണം വിട്ട വാഹനം ഒരു സ്‌കൂളിന്റെ മതിലിലേക്ക് ഇടിച്ചു കയറുന്നതിന് മുമ്പാണ് രണ്ട് കുട്ടികളെ ഇടിച്ചിട്ടത്. കാറില്‍ ഉണ്ടായിരുന്ന ഡ്രൈവര്‍ ഉള്‍പ്പെടെയുള്ള നാല് പേരും മദ്യ ലഹരിയിലായിരുന്നു എന്ന് പൊലീസ് അറിയിച്ചു.

https://dailynewslive.in/ സംഗീതജ്ഞ എം .എസ്. സുബ്ബലക്ഷ്മിയുടെ പേരിലുള്ള സംഗീത കലാനിധി പുരസ്‌കാരം സംഗീതജ്ഞന്‍ ടി .എം. കൃഷ്ണയ്ക്ക് നല്‍കുന്നത് തടഞ്ഞ് മദ്രാസ് ഹൈക്കോടതി. പുരസ്‌കാരം കൃഷ്ണയ്ക്ക് നല്‍കുന്നതിനെതിരെ, സുബ്ബലക്ഷ്മിയുടെ കൊച്ചുമകന്‍ വി. ശ്രീനിവാസന്‍ നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. സുബ്ബലക്ഷ്മിയെ കുറിച്ച് അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയിട്ടുള്ള കൃഷ്ണയ്ക്ക് പുരസ്‌കാരം നല്കരുതെന്നും, തന്റെ പേരില്‍ സ്മാരകങ്ങള്‍ പാടില്ലെന്ന് സുബ്ബലക്ഷ്മിയുടെ വില്പത്രത്തില്‍ ഉണ്ടെന്നും ആയിരുന്നു ഹര്‍ജിക്കാരന്റെ വാദങ്ങള്‍.

https://dailynewslive.in/ ദില്ലിയില്‍ വായു മലിനീകരണം ഗുരുതരാവസ്ഥയില്‍ തുടരുന്നു. മലിനീകരണ തോത് കൂടിയതും സുപ്രിംകോടതിയില്‍ നിന്നുണ്ടായ വിമര്‍ശനവും കണക്കിലെടുത്ത് 10, 12 ക്ലാസ്സുകള്‍ ഉള്‍പ്പെടെ പൂര്‍ണമായും ഓണ്‍ലൈനാക്കി. ദില്ലി സര്‍വകലാശാലയ്ക്ക് കീഴിലുള്ള കോളേജുകളിലും വകുപ്പുകളിലും ഈ മാസം 23 വരെ ക്ലാസുകള്‍ ഓണ്‍ലൈനാക്കി. ഹരിയാന, ഉത്തര്‍പ്രദേശ് സര്‍ക്കാരുകളും സമാന തീരുമാനമെടുത്തു.

https://dailynewslive.in/ ദില്ലിയിലെ വായുമലിനീകരണം സംബന്ധിച്ച ഹര്‍ജികള്‍ പരിഗണിക്കവേ സുപ്രീം കോടതിയില്‍ നാടകീയ രംഗങ്ങള്‍. ഡല്‍ഹിയില്‍ നിര്‍മാണ പ്രവൃത്തികള്‍ നിരോധിച്ചിട്ടും സുപ്രീംകോടതി വളപ്പില്‍ നിര്‍മാണങ്ങള്‍ നടക്കുന്നുണ്ടെന്ന മുതിര്‍ന്ന അഭിഭാഷകന്റെ വെളിപ്പെടുത്തലാണ് ഹര്‍ജികള്‍ പരിഗണിച്ച ബെഞ്ചിനെ ഞെട്ടിച്ചത്. ഇതുകേട്ടതോടെ ജസ്റ്റിസ് എ.എസ്.ഒക്ക കോടതിയില്‍ വരാന്‍ അഭ്യര്‍ഥിച്ചുകൊണ്ട് സെക്രട്ടറി ജനറലിന് ഒരു ഫ്ലാഷ് സന്ദേശം അയയ്ക്കാന്‍ നിര്‍ദേശിച്ചു.

https://dailynewslive.in/ കുക്കി തീവ്രവാദികള്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന് മണിപ്പൂര്‍ മുഖ്യമന്ത്രി ബീരേന്‍ സിംഗ്. സായുധ സേനകള്‍ക്ക് പ്രത്യേക അധികാരം നല്കിയത് പിന്‍വലിക്കണമെന്നും ഇല്ലെങ്കില്‍ ജനങ്ങളുമായി ആലോചിച്ച് രാഷ്ട്രീയ തീരുമാനം എടുക്കുമെന്ന് ബീരേന്‍ സിംഗ് വ്യക്തമാക്കി. അതേസമയം മണിപ്പൂരില്‍ സംഘര്‍ഷത്തില്‍ ഒരാള്‍ കൂടി മരിച്ചു. ഇംഫാലില്‍ കര്‍ഫ്യൂവും ഏഴ് ജില്ലകളില്‍ ഇന്റര്‍നെറ്റ് നിരോധനവും തുടരുകയാണ്.

https://dailynewslive.in/ ഛത്തീസ്ഗഢിലെ കാങ്കറില്‍ രണ്ട് സ്ത്രീകള്‍ അടക്കം അഞ്ച് മാവോവാദികള സുരക്ഷാസേന വധിച്ചു. തലയ്ക്ക് 28 ലക്ഷംരൂപ ഇനാം പ്രഖ്യാപിച്ചിരുന്നവരെയാണ് ഏറ്റുമുട്ടലില്‍ വധിച്ചത്. കൊല്ലപ്പെട്ടവരില്‍ ഒരാള്‍ വിനോജ മിര്‍ച്ച കരാം എന്നയാളാണ്. ഇയാളുടെ തലയ്ക്ക് എട്ടുലക്ഷമാണ് ഇനാം പ്രഖ്യാപിച്ചിരുന്നത്. പുനിത , സന്തോഷ് കൊര്‍ചാമി, കജു സൈനു പദ്ദ ,നാഗേഷ് ഗൗഡ എന്നിവര്‍ക്ക് അഞ്ചുലക്ഷമായിരുന്നു ഇനാം പ്രഖ്യാപിച്ചിരുന്നത്. ഇവരില്‍ നിന്ന് തോക്കുകള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ കണ്ടെടുത്തു.

https://dailynewslive.in/ വിവിധ മേഖലകളിലെ സഹകരണത്തിനുള്ള സാധ്യകള്‍ ചര്‍ച്ചചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദിയും ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോനിയും. ബ്രസീലില്‍ നടക്കുന്ന ഒന്‍പതാം ജി-20 ഉച്ചകോടിയിലെ ഉഭയകക്ഷി ചര്‍ച്ചകള്‍ക്കിടെ ആയിരുന്നു ഇരുവരുടെയും കൂടിക്കാഴ്ച. ഇന്ത്യയുടെ വര്‍ധിച്ചുവരുന്ന ആഗോള സ്വാധീനത്തേയും ഇറ്റലിയും ഇന്ത്യയും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തത്തേയും ജോര്‍ജിയ മെലോനി പ്രശംസിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണുന്നത് എപ്പോഴും വലിയ സന്തോഷമാണെന്ന് കൂടിക്കാഴ്ച്ചയ്ക്ക് ശേഷം മെലോനി എക്സില്‍ കുറിച്ചു.

https://dailynewslive.in/ അനധികൃത കുടിയേറ്റക്കാരെ നാട് കടത്താന്‍ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുമെന്ന് നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. അധികാരമേല്‍ക്കുന്ന ആദ്യ ദിനം തന്നെ സൈന്യത്തെ ഉപയോഗിച്ച് പുറത്താക്കല്‍ നടപടികള്‍ തുടങ്ങാനാണ് നീക്കം. എന്നാല്‍ ഭീമമായ ചെലവും സാമൂഹ്യ പ്രത്യാഘാതങ്ങളുണ്ടാകുമെന്ന് വിമര്‍ശകര്‍ മുന്നറിയിപ്പ് നല്‍കി.

https://dailynewslive.in/ ഒരു ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും തിരിച്ചുകയറുന്നു. 55,000ലേക്ക് താഴ്ന്ന സ്വര്‍ണവില 56,000 കടന്നും കുതിക്കുകയാണ്. ഇന്ന് പവന് 560 രൂപയാണ് വര്‍ധിച്ചത്. 56,520 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 70 രൂപയാണ് വര്‍ധിച്ചത്. 7065 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഈ മാസത്തിന്റെ തുടക്കത്തില്‍ 59,080 രൂപയായിരുന്നു സ്വര്‍ണവില. ഒരുഘട്ടത്തില്‍ സ്വര്‍ണവില 60,000 കടന്നും കുതിക്കുമെന്ന് തോന്നിപ്പിച്ചിരുന്നു. എന്നാല്‍ ഏഴിന് 57,600 രൂപയായി താഴ്ന്ന ശേഷം ഒരുതവണ തിരിച്ചുകയറിയ സ്വര്‍ണവില പിന്നീടുള്ള ദിവസങ്ങളില്‍ ഇടിയുന്നതാണ് കണ്ടത്. അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡൊണള്‍ഡ് ട്രംപ് വിജയിച്ചതിന് പിന്നാലെയാണ് സ്വര്‍ണവില ഇടിയാന്‍ തുടങ്ങിയത്. 14ന് 55,480 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്കും സ്വര്‍ണവില എത്തി. എന്നാല്‍ കഴിഞ്ഞ ദിവസം മുതല്‍ വീണ്ടും സ്വര്‍ണവില തിരിച്ചുകയറാന്‍ തുടങ്ങി.

https://dailynewslive.in/ ജെമിനി എഐയുടെ കരുത്തില്‍ പുതിയ ഇമേജ് ജനറേഷന്‍ ഫീച്ചര്‍ അവതരിപ്പിച്ച് ഗൂഗിള്‍. ഗൂഗിള്‍ ഡോക്സിലാണ് പുതിയ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഫീച്ചര്‍ വരുന്നത്. ഇപ്പോള്‍ നിങ്ങള്‍ക്ക് ആളുകളുടെയും ലാന്‍ഡ്‌സ്‌കേപ്പുകളുടെയും മറ്റും ഫോട്ടോറിയലിസ്റ്റിക് ഇമേജുകള്‍ കൂടുതല്‍ വ്യക്തതയോടെ സൃഷ്ടിക്കാനാകും. ഗൂഗിളിന്റെ ഏറ്റവും പുതിയ ഇമേജന്‍ 3 മോഡല്‍ ഉപയോഗിച്ച് ഉയര്‍ന്ന നിലവാരമുള്ള ഫോട്ടോറിയലിസ്റ്റിക് ഇമേജുകള്‍ ഗൂഗിള്‍ ഡോക്‌സില്‍ ഡയറക്ട് ക്രിയേറ്റ് ചെയ്യാനുള്ള കഴിവാണ് ജെമിനി വാഗ്ദാനം ചെയ്യുന്നത്. ഈ ടെക്സ്റ്റ്-ടു-ഇമേജ് എഐ മോഡല്‍ ഉപയോക്താക്കളെ ഡീറ്റെയ്ല്‍ഡ് വിഷ്വലുകള്‍ ക്രിയേറ്റ് ചെയ്യാന്‍ സഹായിക്കുമെന്നും സൂചനയുണ്ട്. ഇതോടെ ഡോക്‌സിലെ ജെമിനി ഉപയോക്താവിന്റെ നിര്‍ദേശം അടിസ്ഥാനമാക്കി ചിത്രം ജനറേറ്റ് ചെയ്യും. ജെമിനി ബിസിനസ്സ്, ജെമിനി എന്റര്‍പ്രൈസ്, ജെമിന് എജ്യൂക്കേഷന്‍ പ്രീമിയം, ഗൂഗിള്‍ വണ്‍ എഐ തുടങ്ങിയ ആഡ്-ഓണുകളുള്ള ഗൂഗിള്‍ വര്‍ക്ക്‌പ്ലേസില്‍ ഉപഭോക്താക്കള്‍ക്ക് ഇമേജ് ജനറേഷന്‍ ഫീച്ചര്‍ ലഭ്യമാണ്.

https://dailynewslive.in/ കിരണ്‍ അബ്ബാവരം നായകനായെത്തുന്ന പിരീഡ് ത്രില്ലര്‍ ചിത്രം ‘ക’യുടെ ട്രെയിലര്‍ റിലീസ് ചെയ്തു. മൂന്ന് മണിക്ക് ഇരുട്ടാകുന്ന ഗ്രാമവും അവിടെ നടക്കുന്ന ദുരൂഹത നിറഞ്ഞ സംഭവവികാസങ്ങളുമാണ് ക പറയുന്നതെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. സുജിത്ത്, സന്ദീപ് എന്നിവര്‍ ചേര്‍ന്ന് തിരക്കഥയും സംവിധാനവും നിര്‍വഹിച്ച ചിത്രം നവംബര്‍ 22ന് തിയറ്ററുകളില്‍ എത്തും. തെലുങ്ക് തിയറ്റര്‍ അവകാശം നിര്‍മ്മാതാവ് വംശി നന്ദിപതി വമ്പന്‍ തുകക്ക് സ്വന്തമാക്കിയപ്പോള്‍ മലയാളം പതിപ്പ് ദുല്‍ഖര്‍ സല്‍മാന്റെ വേഫറര്‍ ഫിലിംസാണ് ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ എത്തിക്കുന്നത്. നയന്‍ സരിക, തന്‍വി റാം എന്നിവര്‍ നായികമാരായെത്തുന്ന ഈ ചിത്രത്തിലൂടെ ഒരു ഗംഭീര തിരിച്ചുവരവിനായുള്ള തയ്യാറെടുപ്പിലാണ് കിരണ്‍ അബ്ബാവരം. തമിഴ്, മലയാളം, കന്നഡ, തെലുങ്ക് ഭാഷകളിലായ് പ്രദര്‍ശനത്തിനെത്തുന്ന ചിത്രം പക്കാ ആക്ഷന്‍ പാക്ക്ഡ് ത്രില്ലറായാണ് ഒരുങ്ങുന്നത്.

https://dailynewslive.in/ ഉണ്ണി മുകുന്ദന്‍ നായകനായി എത്തുന്ന ചിത്രം ‘മാര്‍ക്കോ’ മലയാളത്തിലെ തന്നെ മോസ്റ്റ് വയലന്റ് ഫിലിം എന്ന വിശേഷണത്തോടെയാണ് റിലീസിന് ഒരുങ്ങുന്നത്. മാര്‍ക്കോയുടെ ആദ്യ ഗാനത്തിന്റെ പ്രമോ ഉണ്ണി മുകുന്ദന്‍ പുറത്തുവിട്ടു. സലാര്‍, കെജിഎഫ് ഫ്രാഞ്ചൈസികളില്‍ അതിഗംഭീരമായ സംഗീതം ഒരുക്കിയ രവി ബസ്റൂര്‍ ആണ് മാര്‍ക്കോയിലും പാട്ടൊരുക്കുന്നത്. ഡബ്സി ആലപിച്ച് വിനായക് ശശികുമാര്‍ വരികളെഴുതിയ ഗാനം നവംബര്‍ 22ന് പ്രേക്ഷകര്‍ക്ക് മുന്നിലെത്തും. ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍പ്പെടുന്ന മാര്‍ക്കോ സംവിധാനം ചെയ്യുന്നത് ഹനീഷ് അദേനിയാണ്. 100 ദിവസം എടുത്താണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്. ഇതുവരെ കാണാത്ത വേഷപ്പകര്‍ച്ചയില്‍ എല്ലാം തികഞ്ഞൊരു ഗ്യാങ്സ്റ്റര്‍ ലുക്കിലാണ് ഉണ്ണി മുകുന്ദന്‍ ചിത്രത്തിലെത്തുന്നത്. നടന്‍ ജഗദീഷിന്റേയും അസാധ്യമായ അഭിനയമുഹൂര്‍ത്തങ്ങള്‍ സിനിമയിലുണ്ടാകും. അഞ്ച് ഭാഷകളില്‍ റിലീസ് ചെയ്യുന്ന ചിത്രത്തിന് ആക്ഷന്‍ ഒരുക്കിയിരിക്കുന്നത് കലൈ കിങ്ങ്സ്റ്റണാണ്. ക്യൂബ്സ് എന്റര്‍ടെയ്ന്‍മെന്റ്സ്, ഉണ്ണി മുകുന്ദന്‍ ഫിലിംസ് എന്നീ ബാനറുകളില്‍ ഷെരീഫ് മുഹമ്മദ് നിര്‍മ്മിക്കുന്ന ചിത്രമാണ് മാര്‍ക്കോ. ചിത്രത്തിലെ നായിക കഥാപാത്രവും മറ്റ് സുപ്രധാന വേഷങ്ങളും ബോളിവുഡ് താരങ്ങളാണ് അവതരിപ്പിക്കുന്നത്.

https://dailynewslive.in/ ഇന്ത്യന്‍ ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയിലേക്ക് സുസുക്കിയും. കമ്പനിയുടെ ഇന്ത്യയിലെ ആദ്യ ഇലക്ട്രിക് മോഡല്‍ അടുത്ത വര്‍ഷം തന്നെയെത്തും. സുസുക്കിയുടെ ജനപ്രിയ മോഡലായ ആക്‌സസിന്റെ ഇലക്ട്രിക് പതിപ്പാകും ഇത്. കുറച്ച് കാലമായി സുസുക്കി ബര്‍ഗ്മാന്റെ ഇലക്ട്രിക് പതിപ്പ് കമ്പനി ഇന്ത്യയില്‍ പരീക്ഷിക്കുന്നുണ്ടെങ്കിലും ആദ്യം ആക്‌സസ് തന്നെയാകും നിരത്തിലെത്തുക എന്നാണ് റിപ്പോര്‍ട്ട്. പിന്നാലെ ഇലക്ട്രിക് ബര്‍ഗ്മാനുമുണ്ടാകും. രണ്ട് മോഡലുകളും ഒരേ പ്ലാറ്റ്‌ഫോമും സാങ്കേതിക വിദ്യയും ഉപയോഗിച്ചായിരിക്കും നിര്‍മിക്കുക. വാഹനത്തിന്റെ ലോഞ്ച് തീയതി സംബന്ധിച്ച കാര്യങ്ങളൊന്നും സുസുക്കി പുറത്തുവിട്ടിട്ടില്ല. എന്നാല്‍ അടുത്ത വര്‍ഷത്തെ ഉത്സവ കാലത്തിന് മുമ്പ് തന്നെ ഇവ നിരത്തിലെത്തുമെന്നാണ് കരുതുന്നത്. ജപ്പാനിലെ പ്ലാന്റില്‍ ഡിസൈന്‍ ചെയ്ത് ഇന്ത്യയില്‍ നിര്‍മിക്കുന്ന വിധത്തിലായിരിക്കും സുസുക്കിയുടെ ഇലക്ട്രിക് വാഹന വിപണിയിലേക്കുള്ള പ്രവേശനം. നിലവിലുള്ള 125 സിസിക്ക് സമാനമായ കരുത്തുള്ള മോട്ടോര്‍ തന്നെയാകും ഇ-വേര്‍ഷനും നല്‍കുക. ഏകദേശം 1.25 ലക്ഷം രൂപയാണ് ആക്‌സസിന്റെ എക്‌സ്‌ഷോറൂം വില പ്രതീക്ഷിക്കുന്നത്. ഒന്നിലധികം ബാറ്ററി ഓപ്ഷനുകളും കമ്പനി നല്‍കും.

https://dailynewslive.in/ ആത്തില എന്ന കുട്ടിയുടെ അവധിക്കാല യാത്രയാണ് ഈ പുസ്തകം. തന്റെ ഉമ്മയുടെ തറവാട്ടുവീട്ടിലെത്തുന്ന ആത്തിലയ്ക്ക് ഏറ്റവും ഇഷ്ടം ഉമ്മാമയെയാണ്. അത്താഴം കഴിഞ്ഞാല്‍ ഉമ്മാമ കുട്ടികള്‍ക്കൊപ്പമിരുന്ന് കഥകളുടെ ഭാണ്ഡം തുറക്കും. ഓരോ ദിവസം ഓരോ കഥകള്‍. ഇത്തരത്തില്‍ കഥകളുടെ ലോകവും ആത്തിലയുടെ ലോകവും തുറന്നുകാണിക്കുകയാണ് ഈ നോവല്‍. എല്ലാവര്‍ക്കും ഗൃഹാതുരത്വമായ കുട്ടിക്കാലം ഉണ്ടാകും. ഈ പുസ്തകം വായിക്കുന്ന ഏതൊരാളും തന്റെ കുട്ടിക്കാലത്തേക്ക് തിരിഞ്ഞുനോക്കും എന്നതില്‍ സംശയമില്ല. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആസ്വദിക്കാവുന്ന രചന. ‘ആത്തില’. ഷാഹിന കെ റഫീഖ്. ഡിസി ബുക്സ്. വില 142 രൂപ.

https://dailynewslive.in/ സന്ധികളെ ബാധിക്കുന്ന ഒരു ഓട്ടോ ഇമ്മ്യൂണ്‍ രോഗമാണ് റൂമറ്റോയ്ഡ് ആര്‍ത്രൈറ്റിസ് അഥവാ ആമവാതം. രോഗ പ്രതിരോധസംവിധാനം സ്വന്തം ശരീരത്തിലെതന്നെ ആരോഗ്യമുള്ള കോശങ്ങളെ ആക്രമിച്ചു തുടങ്ങുന്ന അവസ്ഥയാണിത്. ഇത് മൂലം സന്ധികളില്‍ നീരും വീക്കവും വേദനയും ഉണ്ടാകാം. ചലനശേഷിക്ക് ബുദ്ധിമുട്ട്, ദേഹം കുത്തിനോവുക, സന്ധികളില്‍ മരവിപ്പ്, സന്ധികള്‍ക്കുണ്ടാകുന്ന ബലഹീനത തുടങ്ങിയ പല ലക്ഷണങ്ങളും ഇതുമൂലം ഉണ്ടാകാം. റൂമറ്റോയ്ഡ് ആര്‍ത്രൈറ്റിസിന്റെ വേദന ഉറക്കമുണരുന്ന സമയത്താകും കൂടുതല്‍ അനുഭവപ്പെടുന്നത്. ഒമേഗ 3 ഫാറ്റി ആസിഡ് ധാരാളം അടങ്ങിയ സാല്‍മണ്‍ പോലെയുള്ള ഫാറ്റി ഫിഷുകള്‍ കഴിക്കുന്നത് റൂമറ്റോയ്ഡ് ആര്‍ത്രൈറ്റിസ് ഒഴിവാക്കാന്‍ സഹായിക്കും. വാള്‍നട്സിലും ഒമേഗ 3 ഫാറ്റി ആസിഡ് ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ ആമവാതത്തിന്റെ ലക്ഷണങ്ങളെ കുറയ്ക്കാന്‍ സഹായിക്കും. ഫൈബറും പ്രോട്ടീനും കാത്സ്യവും മറ്റും അടങ്ങിയ ബീന്‍സ് പേശികളുടെയും സന്ധികളുടെയും ആരോഗ്യത്തിന് ഏറെ നല്ലതാണ്. കാത്സ്യം ധാരാളം അടങ്ങിയ പാലും പാലുല്‍പ്പന്നങ്ങളും ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും റൂമറ്റോയ്ഡ് ആര്‍ത്രൈറ്റിസില്‍ നിന്നും ആശ്വാസം ലഭിക്കാന്‍ സഹായിക്കും. ഓറഞ്ച്, നാരങ്ങ, ഗ്രേപ്പ് ഫ്രൂട്ട് തുടങ്ങിയ വിറ്റാമിന്‍ സിയും ഡിയും അടങ്ങിയ സിട്രസ് പഴങ്ങള്‍ റൂമറ്റോയ്ഡ് ആര്‍ത്രൈറ്റിസിന്റെ ലക്ഷണങ്ങളെ കുറയ്ക്കാനും രോഗ പ്രതിരോധശേഷി കൂട്ടാനും സഹായിക്കും. വിറ്റാമിന്‍ എ, സി തുടങ്ങിയവ അടങ്ങിയ ചീര, ബ്രൊക്കോളി തുടങ്ങിയ ഇലക്കറികള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും റൂമറ്റോയ്ഡ് ആര്‍ത്രൈറ്റിസിനെ തടയാന്‍ സഹായിക്കും. നാരുകളാല്‍ സമ്പന്നമായ ഓട്സ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും റൂമറ്റോയ്ഡ് ആര്‍ത്രൈറ്റിസ് ഉള്ള രോഗികള്‍ക്ക് നല്ലതാണ്. ആന്റി ഓക്സിഡന്റുകള്‍ ധാരാളം അടങ്ങിയ ഗ്രീന്‍ ടീ കുടിക്കുന്നതും റൂമറ്റോയ്ഡ് ആര്‍ത്രൈറ്റിസിനെ തടയാനും സന്ധികളുടെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 84.42, പൗണ്ട് – 106.96. യൂറോ – 89.36, സ്വിസ് ഫ്രാങ്ക് – 95.52, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 55.01, ബഹറിന്‍ ദിനാര്‍ – 223.99, കുവൈത്ത് ദിനാര്‍ -274.57, ഒമാനി റിയാല്‍ – 219.26, സൗദി റിയാല്‍ – 22.49, യു.എ.ഇ ദിര്‍ഹം – 22.98, ഖത്തര്‍ റിയാല്‍ – 23.26, കനേഡിയന്‍ ഡോളര്‍ – 60.29.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *