ബാക്ടീരിയയെ ബാധിക്കുന്ന വൈറസുകള്‍ക്കുള്ളില്‍ ഇതുവരെ അറിയപ്പെടാത്ത ഒരു എന്‍സൈം സിസ്റ്റം തങ്ങളുടെ ക്ലോഡ് എഐ കണ്ടെത്തിയതായി ആന്ത്രോപിക്. അറേ-അസോസിയേറ്റഡ് റിവേഴ്സ് ട്രാന്‍സ്‌ക്രിപ്റ്റേസ് അഥവാ എആര്‍ടി എന്നാണ് കമ്പനി ഇതിന് പേരിട്ടിരിക്കുന്നത്. ശാസ്ത്രജ്ഞര്‍ നല്‍കിയ ഒരു ലളിതമായ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ക്ലോഡ് ആണ് ഇതിന്റെ ഭൂരിഭാഗം ജോലികളും ചെയ്തത്. ഈ വര്‍ഷം പ്രവര്‍ത്തനം തുടങ്ങിയ ആന്ത്രോപിക്കിന്റെ പുതിയ ലൈഫ് സയന്‍സസ് റിസര്‍ച്ച് ഗ്രൂപ്പിന്റെയും വെറ്റ് ലാബിന്റെയും ആദ്യ മുന്നേറ്റമാണിത്. ഏകദേശം 950 ക്ലോഡ് ഏജന്റുകള്‍ 21 മണിക്കൂര്‍ ചെലവഴിച്ചാണ് വലിയൊരു ഡിഎന്‍എ ഡാറ്റാബേസ് പരിശോധിച്ചത്. ഇതിനായി അവര്‍ 21 കോടി ടോക്കണുകള്‍ ഉപയോഗിച്ചു. അവര്‍ 200,000-ത്തിലധികം ആര്‍ടികള്‍ ശേഖരിക്കുകയും, 3,500 പുതിയ സാധ്യതാ സംവിധാനങ്ങള്‍ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. അതില്‍ നിന്ന് 20 എണ്ണം തിരഞ്ഞെടുത്ത് മനുഷ്യരുടെ പരിശോധനയ്ക്കായി റിപ്പോര്‍ട്ട് തയ്യാറാക്കുകയും ചെയ്തു. ഇത്തരത്തിലുള്ള വിശകലനത്തിന് ഒരു വിദഗ്ദ്ധനായ ശാസ്ത്രജ്ഞന് ആഴ്ചകളോ മാസങ്ങളോ എടുത്തേക്കാം.
