എഡിഎം നവീൻ ബാബുവിന് വിട. നാലു മണിയോടെ വീട്ടുവളപ്പിലായിരുന്നു സംസ്കാരം. മക്കളായ നിരഞ്ജനയും നിരുപമയുമാണ് അന്ത്യകർമ്മങ്ങൾ ചെയ്തത്. വീട്ടിലും കളക്ടറേറ്റിലുമായി നൂറുകണക്കിന് ആളുകളാണ് നവീന്‍ ബാബുവിന് ആദരാഞ്ജലി അര്‍പ്പിക്കാനെത്തിയത്. വിലാപയാത്രയായി പത്തനംതിട്ട കളക്ട്രേറ്റിലേക്ക് എത്തിച്ച മൃതദേഹത്തിൽ ആദരാഞ്ജലി അർപ്പിക്കാൻ മന്ത്രിമാരും ഐഎഎസ് ഉദ്യോഗസ്ഥരും പഴയ സഹപ്രവർത്തകരുമെത്തി. റവന്യുമന്ത്രി കെ രാജൻ, ആരോഗ്യമന്ത്രി വീണ ജോർജ്, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ എന്നിവർ കളക്ട്രേറ്റിൽ ഉണ്ടായിരുന്നു. കളക്ട്രേറ്റിൽ നിന്ന് 11.30ഓടെ മലയാലപ്പുഴയിലെ വീട്ടിലെത്തിച്ച നവീൻ ബാബുവിന്റെ മൃതദേഹത്തെ അനുഗമിച്ച് മന്ത്രിമാരായ കെ രാജനും വീണ ജോർജും വീട്ടിലും എത്തിയിരുന്നു.