പ്രകാശ് ബാബുവുമായി ബന്ധപ്പെട്ട വിവാദത്തിൽ മാധ്യമങ്ങൾക്ക് രാഷ്ട്രീയപാർട്ടികളെ അറിയില്ലേയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം .ഏത് പാർട്ടി സഖാവിനും ഘടകത്തിൽ അഭിപ്രായം പറയാൻ അവകാശമുണ്ട്. സിപിഐയിൽ ഒരാൾക്ക് മാത്രമേ മിണ്ടാനാകൂ എന്നതല്ല സ്ഥിതി. ചർച്ചചെയ്ത് കൂട്ടായ തീരുമാനങ്ങളിലൂടെയാണ് സംഘടനാ കാര്യങ്ങൾ നടപ്പിലാക്കുന്നത്. കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് അകത്ത് രാഷ്ട്രീയ ഐക്യം 100 ശതമാനമാണെന്നും അദ്ദേഹം പറഞ്ഞു. അതോടൊപ്പം ആർഎസ്എസുമായി പലവട്ടം കൂടിക്കാഴ്ച നടത്തിയ എ ഡി ജി പി ആ കസേരയിൽ ഇരിക്കാൻ യോഗ്യനല്ലെന്ന് ബിനോയ് വിശ്വം വ്യക്തമാക്കി. ഇക്കാര്യത്തിൽ റിപ്പോർട്ട് വരുന്നത് വരെ കാത്തിരിക്കാൻ മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. ആ വാക്കുകളെ മാനിക്കാൻ സിപിഐക്ക് രാഷ്ട്രീയ കടമയുണ്ട്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എൽഡിഎഫ് സർക്കാർ കൃത്യമായി നിലപാടെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.