ദുരന്തത്തെ അഴിമതി നടത്താനുള്ള അവസരമാക്കി മാറ്റുന്ന പതിവ് ഇക്കുറിയും പിണറായി സർക്കാർ തെറ്റിച്ചില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. എല്ലാവരും കൈമെയ് മറന്ന് ദുരന്ത ഭൂമിയിൽ ദുരന്തബാധിതരെ സഹായിച്ചപ്പോൾ എങ്ങനെയൊക്കെ പണം അടിച്ചുമാറ്റാം എന്നായിരുന്നു സർക്കാർ ചിന്തിച്ചത് എന്ന് ഇപ്പോൾ എല്ലാവർക്കും വ്യക്തമായി കഴിഞ്ഞുവെന്നും കെ സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു. ഇതുപോലെ മനുഷ്യത്വരഹിതമായ ഒരു സർക്കാരും കേരളം ഭരിച്ചിട്ടില്ല. നാണമുണ്ടെങ്കിൽ പിണറായി വിജയൻ രാജിവച്ചു പോകണമെന്നും കെ സുരേന്ദ്രൻ വ്യക്തമാക്കി. മറ്റു സംസ്ഥാനങ്ങളിലെ സർക്കാരുകൾ ഉൾപ്പെടെ വയനാട്ടിന് കൈത്താങ്ങായി സാമ്പത്തിക സഹായങ്ങൾ നൽകിയപ്പോൾ പിണറായി സർക്കാർ ദുരന്തത്തെ പോലും മുതലെടുത്ത് അഴിമതി നടത്തുകയാണെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.