പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ വയനാട് ദുരന്തമേഖല സന്ദർശിക്കും. നാളെ രാവിലെ 11 മണിക്ക് കണ്ണൂർ വിമാനത്താവളത്തിൽ പ്രധാനമന്ത്രി എത്തിച്ചേരും. അവിടെ നിന്നും ഹെലികോപ്റ്ററിലായിരിക്കും ദുരന്തമേഖലയിൽ ആകാശ നിരീക്ഷണം നടത്തുക. 12.15 ന് ദുരന്ത മേഖലയിലെത്തുമെന്നാണ് വിവരം. പ്രദേശത്തെ പുനരധിവാസ പ്രവർത്തനങ്ങൾ വിലയിരുത്തും. തുടർന്ന് ദുരിതാശ്വാസ ക്യാംപുകളും സന്ദർശിച്ച് ദുരിതബാധിതരുമായി സംസാരിക്കും. പ്രധാനമന്ത്രിയുടെ വരവിൽ മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കുമെന്നാണ് കരുതുന്നതെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ് പറഞ്ഞു. കേരളത്തിലെത്തിയാൽ പ്രധാനമന്ത്രി മോദി മുഖ്യമന്ത്രിയുമായി സംസാരിക്കും. ജനകീയ തെരച്ചിൽ വരും ദിവസങ്ങളിലും തുടരാനാണ് തീരുമാനം. ദുരന്ത മുഖത്ത് നിന്ന് സൈന്യം മാത്രമാണ് മടങ്ങിയത്. എൻഡിആർഎഫ് അടക്കം പ്രദേശത്ത് തുടരുന്നുണ്ട്.