ഷിരൂർ മണ്ണിടിച്ചിലിൽ ഗംഗാവലി നദിയിലേക്ക് പതിച്ച ടാങ്കർ ലോറി പൊട്ടിത്തെറിച്ചുവെന്ന വാർത്തകൾ തള്ളി കാർവാർ എസ്പി നാരായണ. സ്ഫോടനം ഉണ്ടായിട്ടില്ല, വ്യാജവാർത്ത പ്രചരിപ്പിക്കരുതെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. നദിയിൽ നിന്നും കണ്ടെടുത്ത മൃതദേഹങ്ങളിൽ പൊള്ളലേറ്റ പാടുകളില്ലെന്നും അദ്ദേഹം പ്രതികരിച്ചു. മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുന് വേണ്ടിയുള്ള തെരച്ചിൽ എട്ടാം ദിവസവും തുടരുകയാണ്.നിലവിൽ രക്ഷാദൗത്യം സൈന്യം താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. നദിയിലെ ശക്തമായ അടിയൊഴുക്ക് കാരണമാണ് സൈന്യം തൽക്കാലം കരയിലേക്ക് കയറിയത്. നാവികസേനയുടെ മുങ്ങൽ വിദഗ്ധർക്ക് അടിയൊഴുക്ക് കാരണം വെള്ളത്തിൽ ഇറങ്ങാൻ കഴിയുന്നില്ലെന്നതാണ് തിരിച്ചടിയാകുന്നത്.