14 വര്‍ഷത്തിന് ശേഷം പുറത്തിറക്കിയ ലാന്‍ഡ് ക്രൂസറിന്റെ പുതിയ മോഡലിന്റെ വില ഓട്ടോ എക്സ്പോ 2023ല്‍ പുറത്തുവിട്ട് ടൊയോട്ട. ഡീസല്‍ എഞ്ചിനില്‍ മാത്രം ലഭ്യമായ ടൊയോട്ട ലാന്‍ഡ് ക്രൂസര്‍ 300 എസ്.യു.വിക്ക് 2.17 കോടി രൂപയാണ് എക്സ് ഷോറൂം വില. ഇതിന് പുറമേ ഇന്നോവ ഹൈക്രോസ് എം.പി.വിയുടെ ലോവര്‍, മിഡ് വേരിയന്റുകളും ടൊയോട്ട ഓട്ടോ എക്സ്പോ 2023ല്‍ പ്രദര്‍ശിപ്പിച്ചു. കഴിഞ്ഞ വര്‍ഷം ആഗസ്ത് മുതല്‍ പത്ത് ലക്ഷം രൂപക്ക് ലാന്‍ഡ് ക്രൂസര്‍ 300ന്റെ ബുക്കിങ് ടൊയോട്ട ആരംഭിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ബുക്കിങ് ടൊയോട്ട നിര്‍ത്തിവെച്ചിരിക്കുകയാണെന്നാണ് ഡീലര്‍മാര്‍ അറിയിക്കുന്നത്. ലാന്‍ഡ് ക്രൂസറിന്റെ പ്രധാന സവിശേഷതകളിലൊന്നായ ബോഡി ഓണ്‍ ഫ്രെയിം സ്ട്രക്ചറില്‍ തന്നെയാണ് പുതിയ മോഡലും വരുന്നത്. അന്താരാഷ്ട്ര വിപണിയില്‍ ലാന്‍ഡ് ക്രൂസര്‍ 300 പെട്രോള്‍ എഞ്ചിനിലും ലഭ്യമാണെങ്കിലും ഇന്ത്യയില്‍ 3.3 ലിറ്റര്‍ ടര്‍ബോ വി 6 ഡീസല്‍ എഞ്ചിനില്‍ മാത്രമാണ് ഇറക്കിയിട്ടുള്ളത്.