പതിവായി തുളസിയില കഴിക്കുന്നത് ജലദോഷം, പനി തുടങ്ങിയ അണുബാധകളെ പ്രതിരോധിക്കുകയും രോഗപ്രതിരോധശക്തി വര്‍ധിപ്പിക്കുകയും ചെയ്യും. ശ്വാസനാളിയിലെ വീക്കം കുറയ്ക്കാനും കഫക്കെട്ട് ഇല്ലാതാക്കാനും ആസ്തമ, ബ്രോങ്കൈറ്റിസ്, ചുമ തുടങ്ങിയവയില്‍നിന്ന് ആശ്വാസമേകാനും തുളസി സഹായിക്കും. ഒരു അഡാപ്റ്റോജന്‍ ആയ തുളസി, കോര്‍ട്ടിസോളിന്റെ അളവ് നിയന്ത്രിച്ച് സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുന്നു. സമ്മര്‍ദ്ദവും ഉത്കണ്ഠയും അകറ്റാന്‍ പതിവായി തുളസിയില കഴിച്ചാല്‍ മതി. ഉദരത്തിലെ ആസിഡുകളുടെ ഉല്‍പ്പാദനം വര്‍ധിപ്പിച്ച് ദഹനം എളുപ്പമാക്കാന്‍ തുളസി സഹായിക്കും. ബ്ലോട്ടിങ്ങ് അഥവാ വയറുകമ്പിക്കല്‍ കുറയ്ക്കാനും ഇതിനു കഴിവുണ്ട്. തുളസിയുടെ ആന്റിബാക്ടീരിയല്‍ ഗുണങ്ങള്‍ ഉദരത്തിലെ ബാക്ടീരിയകളുടെ സന്തുലനത്തിനും അങ്ങനെ ദഹനവ്യവസ്ഥയെ ആരോഗ്യമുള്ളതാക്കി നിലനിര്‍ത്താനും സഹായിക്കും. ആന്റിഓക്സിഡന്റുകള്‍ ധാരാളം അടങ്ങിയ തുളസി, രക്തത്തിലെ കൊളസ്ട്രോള്‍ കുറയ്ക്കാനും രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും സഹായിക്കും. ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയും ഹൃദയസംബന്ധമായ രോഗങ്ങള്‍ വരാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യും. ശരീരത്തിലെ വിഷാംശങ്ങളെ നീക്കാന്‍ തുളസി സഹായിക്കും. കരളിന്റെയും വൃക്കകളുടെയും ആരോഗ്യം മെച്ചപ്പെടുത്താന്‍ ഇത് സഹായകമാണ്. തുളസിയുടെ ആന്റി ഇന്‍ഫ്ലമേറ്ററി ഗുണങ്ങള്‍, സന്ധിവേദനയും വീക്കവും കുറയ്ക്കും. മുഖക്കുരു, എക്സിമ, ചര്‍മ്മത്തിലെ മറ്റ് അണുബാധകള്‍ ഇവ അകറ്റാന്‍ ആന്റിബാക്ടീരിയല്‍, ആന്റിഇന്‍ഫ്ലമേറ്ററി ഗുണങ്ങള്‍ ഉള്ള തുളസിക്ക് കഴിയും. വായിലെ അണുബാധകള്‍ തടയാനും വായ്നാറ്റം കുറയ്ക്കാനും ആന്റിബാക്ടീരിയല്‍ ഗുണങ്ങളുള്ള തുളസിയിലയ്ക്ക് കഴിയും.
പ്രതിരോധശക്തി വര്‍ധിപ്പിക്കാന്‍ തുളസിയില കഴിക്കാം
