പുരുഷന്മാരെക്കാള് കൂടുതല്‍ കേള്‍വിശക്തി സ്ത്രീകള്‍ക്കാണെന്നാണ് ഫ്രാന്‍സിലെ സെന്റര്‍ ഫോര്‍ ബയോഡൈവേര്‍സിറ്റി ആന്റ് എന്‍വൈറമെന്റല്‍ റിസര്‍ച്ചിലെ ഗവേഷകരുടെ കണ്ടെത്തല്‍. ശരാശരി രണ്ട് ഡെസിബെലിന്റെ വ്യക്തമായ വ്യത്യാസം കേള്‍വിശക്തിയുടെ കാര്യത്തില്‍ പുരുഷന്മാരെക്കാള് സ്ത്രീകള്‍ക്കുണ്ടെന്ന് സയന്റിഫിക് റിപ്പോര്ട്ട്സില് പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. പ്രായമാകുമ്പോള്‍ മനുഷ്യരില്‍ കേള്‍വിശക്തി കുറയാമെന്നും ഇടതുചെവിയെക്കാള്‍ വലതുചെവിക്കാണ് കേള്‍വിശക്തി കൂടുതലെന്നും മുന്‍ പഠനങ്ങള്‍ തെളിയിട്ടിട്ടുള്ളതാണ്. എന്നാല്‍ പരിസ്ഥിതയും ലിംഗഭേദവും കേള്‍വിശക്തിയില്‍ പരിണാമം കൊണ്ടുവന്നിട്ടുണ്ടെന്നാണ് ഗവേഷകരുടെ വാദം. ഇക്വഡോര്‍, ഇംഗ്ലണ്ട്, ഗാബണ്‍, ദക്ഷിണാഫ്രിക്ക, ഉസ്ബെക്കിസ്ഥാന് എന്നീ അഞ്ച് വ്യത്യസ്ത രാജ്യങ്ങളില്‍ നിന്നുള്ള 13 വിവിധ ഗ്രൂപ്പുകളില്‍ നിന്നും 450 പേര് പഠനത്തില്‍ ഭാഗമായി. വിവിധ പാരിസ്ഥിതിക, സാംസ്കാരിക സന്ദര്‍ഭങ്ങള്‍ വിലയിരുത്തുന്നതിനാണ് ഈ ജനവിഭാഗങ്ങളെ തിരഞ്ഞെടുത്തത്. പുരുഷന്മാരെ അപേക്ഷിച്ച് അതേ പ്രായത്തിലുള്ള സ്ത്രീകള്‍ക്ക് അവരെക്കാള്‍ കേള്‍വിശക്തി കൂടുതലായിരിക്കും. ഇതിന് പിന്നില്‍ കോക്ലിയര്‍ ഘടനയിലെ സൂക്ഷ്മമായ വ്യത്യാസങ്ങള്‍ കാരണമോ ഗര്‍ഭാശയ വികസന സമയത്ത് ഹോര്‍മോണുകളുമായി വ്യത്യസ്തമായി സമ്പര്‍ക്കം പുലര്‍ത്തുന്നതു കൊണ്ടോ ആകാമെന്ന് ഗവേഷകര്‍ വിശദീകരിക്കുന്നു. ശരാശരി രണ്ട് ഡെസിബെലിന്റെ വ്യക്തമായ വ്യത്യാസം കേള്‍വിശക്തിയുടെ കാര്യത്തില്‍ പുരുഷന്മാരെക്കാള് സ്ത്രീകള്‍ക്കുണ്ടാകാം. വ്യത്യസ്ത പരിസ്ഥിതിയില്‍ ജീവിക്കുന്നത് ആളുകളുടെ കേള്‍വിശക്തിയില്‍ പരിണാമം വരുത്തിയിട്ടുണ്ടെന്നും ഗവേഷകര്‍ കണ്ടെത്തി. ജീവിക്കുന്ന സ്ഥലം കേള്‍വി രീതിയെ മാറ്റുമെന്ന് പഠനത്തില്‍ പറയുന്നു. ഉയര്‍ന്ന പ്രദേശങ്ങളില്‍ ഓക്സിജന്റെ അളവു കുറവായതിനാല്‍ അവിടെ ജീവിക്കുന്ന ആളുകള്‍ക്ക് കേള്‍വി ശക്തി പൊതുവെ കുറവായിരിക്കും. എന്നാല്‍ വനമേഖലയില്‍ താമസമാക്കിയവര്‍ക്ക് ഉയര്‍ന്ന കേള്‍വിശക്തിയാണെന്നും കണ്ടെത്തി. കൂടാതെ നഗരപ്രദേശത്ത് താമസിക്കുന്നവര്‍ക്ക് ഉയര്‍ന്ന ഫ്രീക്വന്‍സിയിലുള്ള ശബ്ദങ്ങളോടുള്ള സംവേദനക്ഷമത വര്‍ധിച്ചുവെന്നും കണ്ടെത്തി.
പുരുഷന്മാരെക്കാള് കേള്‍വിശക്തി കൂടുതല്‍ സ്ത്രീകള്‍ക്ക്
