ദാമ്പത്യ കാലത്തു മറ്റു ജോലിക്കു പോകാതെ വീട്ടുജോലികള്‍ ചെയ്തു കുടുംബത്തെ വളര്‍ത്തിയ മുന്‍ ഭാര്യക്ക് ഒന്നേമുക്കാല്‍ കോടി രുപ നഷ്ടപരിഹാരം നല്‍കണമെന്നു കോടതി. സ്പെയിനിലാണ് അത്യപൂര്‍വമായ ഈ കോടതി വിധി. 25 വര്‍ഷത്തെ ദാമ്പത്യത്തിനുശേഷം രണ്ടു വര്‍ഷം മുമ്പു വിവാഹമോചനം നേടിയ ദമ്പതിമാരില്‍ മുന്‍ഭാര്യ നല്കിയ കേസിലാണ് ഇത്രയും വലിയ തുക നഷ്ടപരിഹാരമായി ഭര്‍ത്താവു നല്‍കണമെന്നു കോടതി ഉത്തരവിട്ടത്. വവാഹമോചിതരായ ദമ്പതിമാരില്‍ മുന്‍ ഭാര്യക്കൊപ്പം പ്രായപൂര്‍ത്തിയാകാത്ത ഒരു കുട്ടിയടക്കം രണ്ടു മക്കളുണ്ട്. സമ്പന്നനായ ബിസിനസുകാരനാണ് വിവാഹമോചനം നേടിയ മുന്‍ ഭര്‍ത്താവ്. വിവാഹിതരായി 25 വര്‍ഷവും ഭര്‍തൃവീട്ടിലെ വീട്ടുജോലികള്‍ താനാണു ചെയ്തതെന്നും പുറത്തുപോയി ജോലി ചെയ്യാന്‍ അനുവദിച്ചിരുന്നില്ലെന്നും മുന്‍ഭാര്യ കോടതിയെ ബോധിപ്പിച്ചു. ഭര്‍ത്താവിന്റെ ഉടമസ്ഥതയിലുള്ള ജിമ്മിലെ പല ജോലികളും താനാണ് ചെയ്തതെന്നും ഇവര്‍ കോടതിയില്‍ വാദിച്ചു. കുടുംബത്തിനുവേണ്ടി താന്‍ കൂടി അധ്വാനിച്ചുണ്ടാക്കിയ സമ്പാദ്യത്തിന്റെ ഒരംശംപോലും തന്റെ പേരില്‍ മുന്‍ ഭര്‍ത്താവ് മാറ്റിവച്ചില്ലെന്നും ഇവര്‍ പറഞ്ഞു. കാര്യങ്ങള്‍ ബോധ്യപ്പെട്ട കോടതി ഒന്നേമുക്കാല്‍ കോടി രൂപ ഭാര്യക്കു നല്‍കണമെന്ന് ഉത്തരവിട്ടു. ഭാര്യ ചെയ്ത വീട്ടുജോലി അമൂല്യമാണെന്നു കോടതി നിരീക്ഷിച്ചു. മക്കളുടെ സംരക്ഷണത്തിനും മുന്‍ഭാര്യക്കു ജീവനാംശമായും ഒരു തുക വേറേയും നല്‍കണം. ന്യായമായ വിധിയാണിത്. ഭാര്യയുടെ സേവനങ്ങളെ ഗൗനിക്കാത്ത ഭര്ത്താക്കന്മാര് ജാഗ്രതൈ.
ഭാര്യയുടെ വീട്ടുജോലി അമൂല്യം, ഒന്നര കോടി നല്കാന് വിധി
