മള്‍ട്ടി അക്കൗണ്ട് സേവനം അവതരിപ്പിക്കാനൊരുങ്ങി വാട്സ്ആപ്പ്. അതായത്, നിങ്ങളുടെ വാട്സ്ആപ്പില്‍ ഒരേസമയം ഒന്നിലധികം നമ്പറുകളില്‍ അക്കൗണ്ടുകളുണ്ടാക്കാം. ആവശ്യത്തിനനുസരിച്ച് മാറി മാറി ഉപയോഗിക്കുകയും ചെയ്യാം. നേരത്തെ ഒരു അക്കൗണ്ട് നാല് ഉപകരണങ്ങളില്‍ ഉപയോഗിക്കാന്‍ അനുവദിക്കുന്ന കംപാനിയന് മോഡ് വാട്സ്ആപ്പ് അവതരിപ്പിച്ചിരുന്നു. പ്രമുഖ വാട്സ്ആപ്പ് ട്രാക്കറായ വാബീറ്റഇന്‍ഫോ ആണ് വാട്സ്ആപ്പ് ബിസിനസ് ബീറ്റ ആന്‍ഡ്രോയ്ഡ് 2.23.13.5 പതിപ്പില്‍ ഏറ്റവും പുതിയ മള്‍ട്ടി-അക്കൗണ്ട് ഫീച്ചര്‍ എത്തിയതായി കണ്ടെത്തിയത്. അതിന്റെ സ്ക്രീന്‍ഷോട്ടും അവര്‍ പങ്കുവെച്ചിട്ടുണ്ട്. നിങ്ങളുടെ ഫോണില്‍ ഡൗണ്‍ലോഡ് ചെയ്തിരിക്കുന്ന വാട്സ്ആപ്പില്‍ ഒന്നിലേറെ അക്കൗണ്ടുകള്‍ തുറക്കാന്‍ ഈ ഫീച്ചര്‍ അനുവദിക്കും. ആപ്പിന്റെ റെഗുലര്‍ പതിപ്പിലും ഈ ഫീച്ചര്‍ വൈകാതെ എത്തുമെന്ന സൂചനകളുണ്ട്. സ്ക്രീന്‍ഷോട്ട് പ്രകാരം, നിങ്ങള്‍ക്ക് വാട്ട്സ്ആപ്പിന്റെ സെറ്റിങ്സ് മെനുവില്‍ പോയി മള്‍ട്ടി അക്കൗണ്ട് സേവനം ഉപയോഗപ്പെടുത്താം. രണ്ടാമത്തെ അക്കൗണ്ടിലേക്ക് പ്രവേശിക്കാനായി ലോഗ്-ഇന്‍ ചെയ്യേണ്ടതില്ല. സ്വകാര്യ അക്കൗണ്ടും വര്‍ക് അക്കൗണ്ടുമൊക്കെ മാറി മാറി ഉപയോഗിക്കാം. ടെലിഗ്രാം അവരുടെ ആപ്പില്‍ ഇതിനകം മള്‍ട്ടി-അക്കൗണ്ട് ഫീച്ചര്‍ അവതരിപ്പിച്ചിട്ടുണ്ട്. ചാനലുകള്‍, മെസ്സേജ് എഡിറ്റിംഗ്, ചാറ്റ് ലോക്ക് പോലുള്ള ഫീച്ചറുകളും ടെലഗ്രാമുമായി മത്സരിക്കുന്നതിന്റെ ഭാഗമായാണ് വാട്സ്ആപ്പില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
മള്‍ട്ടി അക്കൗണ്ട് സേവനവുമായി വാട്സ്ആപ്പ്!
