ശ്വാസകോശ നാളിയില്‍ അണുക്കളോ അപകടകാരികളായ വസ്തുക്കളോ കുടുങ്ങുമ്പോള്‍ ശരീരത്തിന്റെ ആദ്യ സ്വാഭാവിക പ്രതികരണമാണ് ചുമ. കാര്യമായ പ്രശ്‌നങ്ങള്‍ മൂലമുള്ളതല്ല ചുമയെങ്കില്‍ കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം അത് തനിയേ മാറുന്നതാണ്. എന്നാല്‍ ഏറെ നാള്‍ നീണ്ടു നില്‍ക്കുന്ന ചുമ കാര്യമായ എന്തോ പന്തികേട് ശ്വാസകോശത്തിനുണ്ടെന്നതിന്റെ അടയാളമാണ്. ആഴ്ചകളും മാസങ്ങളും നീണ്ടു നില്‍ക്കുന്ന ചുമ ചിലപ്പോള്‍ ശ്വാസകോശ അര്‍ബുദം മൂലമാകാം. അര്‍ബുദം മൂലമുള്ള ചുമയ്‌ക്കൊപ്പം ഇനി പറയുന്ന ലക്ഷണങ്ങളെ കൂടി കരുതിയിരിക്കാം. കഫത്തില്‍ ചോരയുടെയോ തുരുമ്പിന്റെയോ നിറം, ശ്വാസം മുട്ടല്‍, നെഞ്ച് വേദന. ബ്രോങ്കൈറ്റിസ്, ന്യുമോണിയ പോലുള്ള അണുബാധകള്‍ വിട്ടുമാറാതെ തുടരുന്നത്. വിട്ടുമാറാത്ത ചുമയുള്ളവരില്‍ ചുമയുടെ ശബ്ദത്തിലും സ്വഭാവത്തിലും വരുന്ന മാറ്റങ്ങളും വളരുന്ന അര്‍ബുദ കോശങ്ങളുടെ സൂചനയാകാം. ചുമയ്ക്കുമ്പോഴോ സംസാരിക്കുമ്പോഴോ വേദന വരുന്നതും ശ്വാസകോശാര്‍ബുദത്തിന്റെ ലക്ഷണമാണ്. ഇനി ചുമയുമായി ബന്ധമില്ലാത്ത ലക്ഷണങ്ങളും ശ്വാസകോശാര്‍ബുദത്തിന്റെ ഭാഗമായി ശരീരം പ്രകടിപ്പിക്കാം. തൊണ്ടയടപ്പ്, വിശപ്പില്ലായ്മ, വിശദീകരിക്കാനാകാത്ത ഭാരക്കുറവ്, ക്ഷീണം, മുഖത്തോ കഴുത്തിലോ നീര്‍ക്കെട്ട് എന്നിവയെല്ലാം ശ്വാസകോശാര്‍ബുദത്തിന്റെ മറ്റ് ലക്ഷണങ്ങളാണ്. അപൂര്‍വം ചില കേസുകളില്‍ വിരലുകള്‍ക്കും ചില മാറ്റങ്ങള്‍ ഉണ്ടാകാറുണ്ട്. വിരലുകള്‍ കൂടുതല്‍ വളയുകയോ അവയുടെ അറ്റം വലുതാകുകയോ ചെയ്യാം. തോളിനു വരുന്ന വേദനയും ശ്വാസകോശ അര്‍ബുദത്തിന്റെ ഭാഗമായ ഒരു ലക്ഷണമാണ്. ചുമ നാലാഴ്ചകള്‍ക്ക് മേല്‍ നീണ്ടു നില്‍ക്കുകയോ ചുമയുടെ ശബ്ദത്തില്‍ മാറ്റം വരുകയോ ചെയ്താല്‍ തീര്‍ച്ചയായും ഡോക്ടറെ കാണണം. ചുമ പല കാരണങ്ങള്‍ കൊണ്ട് സംഭവിക്കാമെന്നതിനാല്‍ ഇതിനെ ലാഘവത്തോടെ എടുക്കരുത്. ശ്വാസകോശാര്‍ബുദ സാധ്യത പുകവലിക്കാരില്‍ അധികമാണെന്നതിനാല്‍ ഇത്തരം ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്ന പുകവലിക്കാര്‍ അത്യന്തം ജാഗ്രത പുലര്‍ത്തണമെന്നും ആരോഗ്യ വിദഗ്ധര്‍ കൂട്ടിച്ചേര്‍ക്കുന്നു.
നീണ്ടു നില്‍ക്കുന്ന ചുമയുടെ ലക്ഷണങ്ങള്‍ ശ്രദ്ധിക്കണം!
