അല്‍ത്താഫ് സലി, അനാര്‍ക്കലി മരക്കാര്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിനോദ് ലീല രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രമാണ് ‘മന്ദാകിനി’. ചിത്രത്തിലെ ഒരു വീഡിയോ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. ‘വിധുമുഖിയേ’ എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് വൈശാഖ് സുഗുണന് ആണ്. സംഗീതം ബിബിന്‍ അശോക്. സൂരജ് സന്തോഷും അനാര്‍ക്കലി മരക്കാരും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഗണപതിയാണ് ചിത്രത്തിലെ മറ്റൊരു ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ഗണപതിയും അനാര്‍ക്കലിയുമാണ് ഈ ഗാനരംഗത്തില്‍ എത്തുന്നത്. ഒരു കല്യാണദിവസം സംഭവിക്കുന്ന അസ്വാഭാവിക കാര്യങ്ങള്‍ നര്‍മ്മത്തിന്റെ മേമ്പൊടിയോടെ അവതരിപ്പിക്കുന്ന ചിത്രത്തിലെ പല രംഗങ്ങളും തിയറ്ററുകളില്‍ പൊട്ടിച്ചിരി ഉയര്‍ത്തിയിട്ടുണ്ട്. സ്പയര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സഞ്ജു ഉണ്ണിത്താന് ആണ് നിര്‍മ്മാണം. അശ്വതി ശ്രീകാന്ത്, പ്രിയ വാര്യര്‍, അജയ് വാസുദേവ്, ജൂഡ് ആന്റണി, സംവിധായകന് ലാല്‍ജോസ്, ജാഫര്‍ ഇടുക്കി എന്നിവരാണ് മറ്റു വേഷങ്ങളിലെത്തുന്നത്.
‘മന്ദാകിനി’ ചിത്രത്തിലെ ‘വിധുമുഖിയേ’ ഗാനമെത്തി
