ടൂത്ത് പേസ്റ്റ് എന്നാൽ മലയാളികൾക്ക് കോൾഗേറ്റ് ആണ്…..!!!!
നമ്മുടെ ദിനചര്യകളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് പല്ല് തേക്കുക എന്നത്. നമ്മുടെ വായ എപ്പോഴും ശുചിയാക്കി വയ്ക്കാൻ എല്ലാവരും തന്നെ ശ്രദ്ധിക്കാറുണ്ട്. ടൂത്ത് പേസ്റ്റ് നമ്മൾ എല്ലാവരും ഉപയോഗിക്കാറുണ്ട്. ടൂത്ത് പേസ്റ്റുകളിൽ ഏറ്റവും പോപ്പുലർ ആയ ബ്രാൻഡ് ആണ് കോൾഗേറ്റ്. കടകളിൽ ചെന്നിട്ട് ഒരു കോൾഗേറ്റ് തരൂ എന്ന് തന്നെയാണ് ഏറ്റവും കൂടുതൽ പേരും പറയുന്നത്. കുട്ടികൾക്ക് പ്രത്യേകമായി തയ്യാറാക്കിയ പേസ്റ്റുകളും ബ്രഷും എല്ലാം ഇന്ന് ലഭ്യമാണ്. കോൾഗേറ്റ് എന്ന ബ്രാൻഡിന്റെ ഉത്ഭവം എങ്ങനെയാണെന്ന് നോക്കാം…..!!!
ഇംഗ്ലീഷ്-അമേരിക്കൻ വ്യവസായിയായ വില്യം കോൾഗേറ്റ് 1806-ൽ സ്ഥാപിച്ചതാണ് കോൾഗേറ്റ്-പാമോലിവ് കമ്പനി.വില്യം കോൾഗേറ്റ് 1783 ജനുവരി 25-ന് ഇംഗ്ലണ്ടിലെ കെൻ്റിലുള്ള ഹോളിംഗ്ബോണിലാണ് ജനിച്ചത്. വില്യം കോൾഗേറ്റ് 1804-ൽ ന്യൂയോർക്ക് സിറ്റിയിലെ ഒരു സോപ്പ് ബോയിലറിൽ അപ്രൻ്റീസായി ജോലി നേടി. തൻ്റെ തൊഴിലുടമയുടെ രീതികൾ അദ്ദേഹം സൂക്ഷ്മമായി നിരീക്ഷിച്ചു, തെറ്റായി തോന്നിയത് ശ്രദ്ധിക്കുകയും, ഉപയോഗപ്രദമായ പാഠങ്ങൾ പഠിക്കുകയും ചെയ്തു.
അപ്രൻ്റീസ്ഷിപ്പിൻ്റെ അവസാനത്തിൽ, മറ്റ് നഗരങ്ങളിലെ ഡീലർമാരുമായുള്ള കത്തിടപാടുകൾ വഴി, ബിസിനസ്സിൽ സ്വയം നിലയുറപ്പിക്കാൻ അദ്ദേഹo തീരുമാനിച്ചു.അങ്ങനെ 1806-ൽ വില്ല്യം ഡച്ച് സ്ട്രീറ്റിലെ മാൻഹട്ടനിൽ അദ്ദേഹം അന്നജം, സോപ്പ്, മെഴുകുതിരി എന്നിവയുടെ വ്യാപാരം തുടങ്ങി. ടൂത്ത് പൌഡറുകളും, ടൂത്ത് പേസ്റ്റുകളുടെയും നിർമ്മാണത്തിലേക്ക് പിന്നീട് അദ്ദേഹം എത്തിച്ചേർന്നു. 1820-ൽ അദ്ദേഹം ജേഴ്‌സി സിറ്റിയിലെ ഹഡ്‌സണിന് കുറുകെ ഒരു അന്നജ ഫാക്ടറി ആരംഭിച്ചു. വില്യം ജീവിതത്തിലുടനീളം അഭിവൃദ്ധി എന്ന തൻ്റെ ലക്ഷ്യം പിന്തുടരുകയും ന്യൂയോർക്ക് നഗരത്തിലെ ഏറ്റവും സമ്പന്നരായ ആളുകളിൽ ഒരാളായി മാറുകയും ചെയ്തു.
ടൂത്ത് പേസ്റ്റുകൾ , ടൂത്ത് ബ്രഷുകൾ , മൗത്ത് വാഷുകൾ , ഡെൻ്റൽ ഫ്ലോസ് തുടങ്ങിയ ഉൽപ്പന്നങ്ങൾ എല്ലാം തന്നെ കോൾഗേറ്റ് കമ്പനി നിർമ്മിക്കാൻ തുടങ്ങി. ഈ ഉൽപ്പന്നങ്ങൾ കമ്പനി ആദ്യമായി വിറ്റത് 1873-ലാണ്. കോൾഗേറ്റ്-പാമൊലിവിന്റെ ഉപ ബ്രാൻഡാണ് കോൾഗേറ്റ്. വില്യം കോൾഗേറ്റ് തുടങ്ങിയ കമ്പനി പിന്നിട് അദ്ദേഹത്തിന്റെ മകൻ നടത്തി വന്നു. മകൻ ഏറ്റെടുത്തപ്പോഴേക്കും ബിസിനസിന്റെ വളർച്ച ഏറ്റവും നല്ല ലാഭത്തിലേക്ക് എത്തിയിരുന്നു. പിന്നീട് ഈ ഉൽപ്പന്നങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങൾ ആയിരുന്നു. അവയെല്ലാം തന്നെ വിജയിക്കുകയും ചെയ്തു.
1873 മുതൽ കോൾഗേറ്റ് ടൂത്ത് പേസ്റ്റ് ഗ്ലാസ് ജാറുകളിൽ വിറ്റു. കലോഡോണ്ട് , ജോൺസൺ ആൻഡ് ജോൺസൺ (സോൺവീസ്), ഷെഫീൽഡ് എന്നിവർ പേസ്റ്റുകൾ വിൽക്കുന്നതിനുവേണ്ടി പ്രത്യേക തരം ട്യൂബുകൾ നിർമ്മിക്കാൻ തുടങ്ങി. ഈ ട്യൂബുകൾ 1896-ൽ അവർ വിപണിയിൽ അവതരിപ്പിച്ചു. പ്രത്യേകതരം ട്യൂബുകളിൽ കോൾഗേറ്റ് പേസ്റ്റുകൾ വിൽക്കാൻ തുടങ്ങിയതോടെ, വളരെയധികം കൗതുകത്തോടെ തന്നെ ആളുകൾ ഇത് വാങ്ങി ഉപയോഗിക്കാൻ തുടങ്ങി. ആദ്യകാലങ്ങളിൽ ഇത് ഉപയോഗിക്കാൻ സാധാരണക്കാർക്ക് മടി ഉണ്ടായിരുന്നെങ്കിലും, പിന്നീട് എല്ലാവരുടെ ഇടയിലും ശ്രദ്ധ നേടി.കോപ്പിറൈറ്റർ അലിസിയ ടോബിൻ എഴുതിയ “ഇറ്റ് ക്ലീൻസ് യുവർ ബ്രീത്ത് വൈൽ ഇറ്റ് ക്ലീൻസ് യുവർ ടൂത്ത്” എന്ന മുദ്രാവാക്യത്തോടെ 1950-കളിൽ കോൾഗേറ്റ് ജനപ്രിയമായി.
2015-ൽ, ഓറൽ കെയർ ഉൽപ്പന്നങ്ങൾ (പ്രാഥമികമായി കോൾഗേറ്റ് ബ്രാൻഡിന് കീഴിൽ നിർമ്മിച്ചത്) കോൾഗേറ്റ്-പാമോലിവ് കമ്പനിയുടെ ഏറ്റവും വലിയ വരുമാന സ്രോതസ്സായിരുന്നു.2018-ൽ, പാരീസ് ആസ്ഥാനമായുള്ള ബരാക്കോഡ ഡെയ്‌ലി ഹെൽത്ത്‌ടെക്കിൽ നിന്ന് കോൾഗേറ്റ് കോലിബ്രീ സാങ്കേതികവിദ്യയ്ക്ക് ലൈസൻസ് നൽകി. അങ്ങനെ കോൾഗേറ്റ് സ്മാർട്ട് ഇലക്ട്രിക് ടൂത്ത് ബ്രഷ് പുറത്തിറക്കി.കോൾഗേറ്റ് നിരവധി ഉൽപ്പന്നങ്ങൾ ഇന്ന് വിപണിയിൽ ലഭ്യമാണ്.
2020 ജനുവരിയിൽ, കോൾഗേറ്റ് ഹെംപ് സീഡ് ഓയിൽ അടങ്ങിയ ടൂത്ത് പേസ്റ്റിനുള്ള ലേബൽ യുഎസ് സർക്കാരിൽ രജിസ്റ്റർ ചെയ്തു. ടൂത്ത് പേസ്റ്റ്, മൗത്ത് വാഷുകൾ, കന്നാബിഡിയോൾ (സിബിഡി) അടങ്ങിയ ലിപ് ബാം എന്നിവ അവർ അവതരിപ്പിച്ചു. കോൾഗേറ്റിന്റെ ടൂത്ത് പൗഡറും ഒരുകാലത്ത് ഏവർക്കും പ്രിയപ്പെട്ടതായിരുന്നു. പിന്നീടാണ് എല്ലാവരും കോൾഗേറ്റ് പൗഡറിൽ നിന്ന് പേസ്റ്റിലേക്ക് മാറിയത്. എങ്കിലുo കോൾഗേറ്റ് ടൂത്ത് പൗഡർ ഇപ്പോഴും നിർമ്മിക്കുകയും വിപണനം ചെയ്യുകയും ചെയ്യുന്നുണ്ട്. മാർക്കറ്റ് റിസർച്ച് കമ്പനിയായ കാന്താർ വേൾഡ് പാനലിൻ്റെ 2015 ലെ റിപ്പോർട്ട് അനുസരിച്ച് , ലോകത്തിലെ പകുതിയിലധികം കുടുംബങ്ങളും വാങ്ങുന്ന ഒരേയൊരു ബ്രാൻഡ് കോൾഗേറ്റ് ആണ് .
കോൾഗേറ്റിന്റെ നിരവധി ഉൽപ്പന്നങ്ങൾ ഇന്ന് വിപണിയിൽ ലഭ്യമാണ്. ടൂത്ത് പേസ്റ്റ് മുതൽ മൗത്ത് വാഷ് വരെ ദിനംപ്രതി വിറ്റു പോകുന്നതിന് കണക്കില്ല. നമ്മൾ മലയാളികൾ വരെ ഏറ്റവും അധികം ഉപയോഗിക്കുന്ന ബ്രാൻഡ് ആണ് കോൾഗേറ്റ്. ടൂത്ത് പേസ്റ്റുകൾ തന്നെ വിവിധതരത്തിലുണ്ട്. കുട്ടികളും മുതിർന്നവരും ഒരുപോലെ ഇഷ്ടപ്പെടുന്ന ബ്രാൻഡ് ആയി മാറിക്കഴിഞ്ഞു കോൾഗേറ്റ്.
തയ്യാറാക്കിയത്
നീതു ഷൈല