വിറ്റാമിന്‍ സിയും ആന്റി-ഓക്സിഡന്റുകളും ധാരാളം അടങ്ങിയ നാരങ്ങയുടെ നീര് വെള്ളത്തില്‍ ചേര്‍ത്ത് കുടിക്കുന്നതു കൊണ്ട് നിരവധി ഗുണങ്ങളുണ്ട്. രോഗപ്രതിരോധ സംവിധാനം മെച്ചപ്പെടാനും ചര്‍മത്തിന്റെ ആരോഗ്യത്തിന് കൊളാജന്റെ ഉല്പാദനം പ്രോത്സാഹിപ്പിക്കാനും ഇത് സഹായിക്കും. കൂടാതെ ദഹനം, ശരീരഭാരം നിയന്ത്രിക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടാനും നാരങ്ങയില്‍ അടങ്ങിയ സംയുക്തങ്ങള്‍ സഹായിക്കും. ആരോഗ്യ സംരക്ഷണത്തിന് ദിവസവും നാരങ്ങവെള്ളം കുടിക്കുന്നവര്‍ ധാരാളമാണ്. എന്നാല്‍ അമിതമായാല്‍ അമൃതവും വിഷമെന്ന പോലെ നാരങ്ങ വെള്ളം അമിതമായി കുടിക്കുന്നതു കൊണ്ട് ആരോഗ്യം മോശാവസ്ഥയിലാകാനും സാധ്യതയുണ്ട്. നാരങ്ങവെള്ളം അമിതമായി കുടിക്കുന്നത് പല്ലുകളുടെ ഇനാമല്‍ നഷ്ടമാകാന്‍ കാരണമാകും. ഇത് കാലക്രമേണ പല്ലുകളുടെ ആരോഗ്യത്തെ ബാധിക്കാം. കൂടാതെ പല്ലുവേദന പോലുള്ള പലവിധത്തിലുള്ള ദന്ത പ്രശ്നങ്ങളിലേക്ക് ഇത് നയിക്കാം. നാരങ്ങവെള്ളം പതിവായി കുടിക്കുന്നത് ചിലരില്‍ നെഞ്ചെരിച്ചില്‍ ഉണ്ടാക്കും. ദിവസവും വെറും വയറ്റില്‍ നാരങ്ങ വെള്ളം തേന്‍ ചേര്‍ത്ത് കുടിക്കുന്നത് ദഹനത്തിന് സഹായിക്കുമെങ്കിലും അമിതമായി കുടിക്കുന്നത് ആമാശയത്തിന് പ്രശ്നങ്ങളുണ്ടാക്കാന്‍ സാധ്യതയുണ്ട്. ഇത് ദഹനപ്രക്രിയയെ മന്ദഗതിയിലാക്കും. നെഞ്ചെരിച്ചില്‍, വയറുവേദന, ഛര്‍ദ്ദി എന്നിവയും ഉണ്ടാകാം. ചെറുനാരങ്ങാ നീര് ശരീരത്തിലെ വിഷാംശം നീക്കം ചെയ്യുന്നതിനുള്ള മികച്ച ഡൈയൂററ്റിക് ആയി പ്രവര്‍ത്തിക്കുന്നു. അതുകൊണ്ട് നാരങ്ങ വെള്ളം കുടിക്കുന്നത് മൂത്രത്തിന്റെ അളവ് വര്‍ധിപ്പിക്കും. അങ്ങനെ ഇടയ്ക്കിടെ മൂത്രമൊഴിക്കുന്നത് നിര്‍ജ്ജലീകരണം, ക്ഷീണം, അമിത ദാഹം എന്നിവയിലേക്ക് നയിക്കും. കൂടാതെ കടുത്ത തലവേദനയ്ക്കും മൈഗ്രേനും വരെ ഇത് കാരണമാകാം. നാരങ്ങ വെള്ളം അമിതമായി കുടിക്കുന്നത് ശരീരത്തില്‍ കാല്‍സ്യം പോലുള്ള അവശ്യ ധാതുക്കളുടെ ആഗിരണം കുറയ്ക്കാം. ഇത് കാലക്രമേണ പോഷകമില്ലായ്മയിലേക്ക് നയിക്കാം.
നാരങ്ങ വെള്ളം അമിതമായാല്‍ ആരോഗ്യം മോശമാകും
