മലപ്പുറം ഉൾപ്പെടെയുള്ള ജില്ലകളുടെ പുനഃസംഘടന നടത്തണമെന്ന് മുസ്ലിം യൂത്ത് ലീഗ്. അടിസ്ഥാന വികസനത്തിന് പുതിയ ജില്ലകൾ രൂപീകരിക്കണമെന്ന് മലപ്പുറം ജില്ലാ സമ്മേളനത്തിൽ യൂത്ത് ലീഗ് പ്രമേയം പാസാക്കി. ജില്ലാ വിഭജനം സംബന്ധിച്ച സാധ്യത പഠനത്തിന് ഉന്നതാധികാര സമിതിയെ സർക്കാർ നിയോഗിക്കണമെന്നും യൂത്ത് ലീഗ് ആവശ്യപ്പെട്ടു.
അടുത്ത പൊതുതെരഞ്ഞെടുപ്പിൽ പ്രതിപക്ഷം ഭൂരിപക്ഷം നേടിയാൽ പ്രധാനമന്ത്രി പദവിയിലേക്ക് രാഹുൽ ഗാന്ധിക്ക് അവകാശവാദമുന്നയിക്കാമെന്ന് സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി. എന്നാൽ, പ്രധാനമന്ത്രി ആരാകണമെന്ന് തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷം മാത്രമേ തീരുമാനിക്കാവൂ എന്നും ആദ്യം ഭൂരിപക്ഷം നേടുന്നതിലാണ് ശ്രദ്ധിക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
ദേവസ്വം ബോർഡ് പ്രസിഡന്റായി കാലാവധി പൂർത്തിയാക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ. പ്രചരിക്കുന്ന വാർത്തകൾക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നും, ദേവസ്വം മന്ത്രിയുമായുള്ള വിഷയങ്ങൾ പറഞ്ഞുതീർക്കേണ്ട കാര്യങ്ങൾ മാത്രമേയുള്ളൂവെന്നും കെ ജയകുമാർ പ്രതികരിച്ചു.
പാർട്ടി നിയോഗിച്ച അന്വേഷണ കമ്മീഷനെ രമ്യ ഹരിദാസ് എം എൽ എ തെറ്റിദ്ധരിപ്പിച്ചെന്ന് ആക്ഷേപം.
ചിറയിൻകീഴിലെ കോൺഗ്രസ് തർക്കങ്ങൾ അന്വേഷിക്കാൻ കെപിസിസി നിയോഗിച്ച എം.എം. ഹസൻ കമ്മീഷന്റെ യോഗത്തിൽ രമ്യ ഹരിദാസ് എം എൽ എ പങ്കെടുത്തിരുന്നില്ല, ഡൽഹി യാത്രയുടെ പേരിൽ നേതൃത്വത്തെയും കമ്മീഷനെയും ഒരുപോലെ കബളിപ്പിച്ചു എന്നാണ് ആരോപണം.
ശാരീരിക ബുദ്ധിമുട്ട് കാരണമാണ് ഡൽഹിയിൽ പോകാതിരുന്നതെന്ന് രമ്യാ ഹരിദാസ് എംഎൽഎ. ഡൽഹിയിലേക്കുള്ള ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. മാധ്യമങ്ങൾ വേട്ടയാടുകയാണെന്നും രമ്യാ ഹരിദാസ്.
കണ്ണൂര്‍ സര്‍വകലാശാലയില്‍ അസോസിയേറ്റ് പ്രൊഫസറായ പ്രിയ വർഗീസിന്‍റെ നിയമനവുമായി ബന്ധപ്പെട്ട കേസ് നാളെ സുപ്രീം കോടതി പരിഗണിക്കാനിരിക്കെ സർവകലാശാല അഭിഭാഷകനെ മാറ്റി കണ്ണൂർ സർവകലാശാല. പ്രിയ വർഗീസിന് യോഗത്യ ഇല്ലെന്ന നിലപാട് സർവ്വകലാശാല സുപ്രീംകോടതിയെ നാളെ അറിയിക്കും.
കാന്തപുരത്തിൻ്റെ സ്ത്രീവിരുദ്ധ നിലപാടിനെ വിമര്‍ശിച്ച മുഖ്യമന്ത്രിയ്ക്കെതിരായ സുപ്രഭാതം പത്രത്തിലെ മുഖപ്രസംഗത്തിൽ എതിർപ്പുമായി സമസ്തയിലെ ഒരു വിഭാഗം. മുഖപ്രസംഗത്തിന് പിന്നിൽ ലീഗ് വിരുദ്ധ വിഭാഗം എന്നാണ് വിമർശനം.
കാന്തപുരത്തിന്റെ സ്ത്രീ വിരുദ്ധ പരാമർശവുമായി ബന്ധപ്പെട്ട ചാനൽ ചർച്ചയിൽ പങ്കെടുത്ത മുജാഹിദ് വിദ്യാർത്ഥി നേതാവ് അബ്ദുള്ള ബാസിലിനെതിരെ എടുത്ത കേസ് പിൻവലിക്കണമെന്ന് പി കെ ഫിറോസ് എംഎല്‍എ ആവശ്യപ്പെട്ടു. കഴിഞ്ഞ 10 വർഷം പോലെ അനാവശ്യ കേസ് എടുക്കാൻ അനുവദിക്കില്ലെന്നും പികെ ഫിറോസ് പറഞ്ഞു.
തനിക്കെതിരെയുള്ള കേസിനെ നിയമപരമായി നേരിടുമെന്നും തന്റെ ഭാഗത്ത് തെറ്റില്ലെന്നും ഡോ. അബ്ദുല്ല ബാസിൽ പ്രതികരിച്ചു. അവതാരകയാണ് വംശീയ വർഗീയ വാക്കുകൾ ഉപയോഗിച്ചതെന്നും അത് ചൂണ്ടിക്കാണിക്കുക മാത്രമാണ് താൻ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
കാലിക്കറ്റ് സർവകലാശാലാ ഫിസിക്സ് പഠന വിഭാഗത്തിൽ നിന്ന് നാലുലക്ഷം രൂപ വിലവരുന്ന ടെലസ്കോപ്പ് മോഷണം പോയി. മൊബൈൽ ഫോൺ മോഷണക്കേസിൽ കരിപ്പൂർ പോലീസ് പിടികൂടിയ വള്ളിക്കുന്ന് സ്വദേശി ദിൽഷാദിൽ നിന്നാണ് ടെലസ്കോപ്പ് കണ്ടെടുത്തത്.
അടൂരിൽ പ്രളയരക്ഷാപ്രവർത്തനത്തിന് ഉപയോഗിച്ച ഓഫ് റോഡ് വാഹനത്തിന് മോഡിഫിക്കേഷന്റെ പേരിൽ ചുമത്തിയ 50,000 രൂപ പിഴ ഹൈക്കോടതി അഭിഭാഷകർ കൈമാറി. വാഹന ഉടമകൾക്ക് പിന്തുണയുമായി നിന്ന ആറന്മുള എംഎൽഎ അബിൻ വർക്കി, വിഷയത്തിൽ തൻ്റെ നിലപാട് ആവർത്തിക്കുകയും ചെയ്തു.
സംരക്ഷിത വിഭാഗത്തിൽപ്പെട്ട കടൽവെള്ളരി വിൽക്കാൻ ശ്രമിച്ച രണ്ട് പേരെ കോവളത്ത് നിന്ന് വനംവകുപ്പ് പിടികൂടി. ഇവരിൽ നിന്ന് ലക്ഷങ്ങൾ വിലമതിക്കുന്ന എൺപതോളം കടൽവെള്ളരികൾ പിടിച്ചെടുത്തു.
പനവൂർ അഞ്ചാംകല്ല് കൂനൻവേണ്ട റോഡരികത്ത് പുത്തൻവീട്ടിൽ അജിമോൻ (46), വെങ്ങാനൂർ വവ്വാമൂല നെല്ലിവിള വടക്കേക്കര വീട്ടിൽ ഷിജുകുമാർ (41) എന്നിവരാണ് പിടിയിലായത്.
അട്ടപ്പാടി ചീരക്കടവിൽ ഭവാനിപ്പുഴയോരത്ത് ഭാര്യയെയും മകളെയും കൊലപ്പെടുത്തി ചാക്കിലാക്കി പുഴയിലൊഴുക്കിയ സംഭവത്തിൽ പ്രതി പശ്ചിമ ബംഗാൾ സ്വദേശിയായ ഭർത്താവെന്ന് പൊലീസ്. ഭാര്യയുടെ അവിഹിത ബന്ധത്തിലുള്ള സംശയമാണ് കൊലപാതകത്തിന് കാരണമെന്നാണ് സൂചന.
മുൻ ചിറ്റൂർ എംഎൽഎയും മുതിർന്ന കോൺഗ്രസ് നേതാവുമായ കെ അച്യുതൻ അന്തരിച്ചു. 1996 മുതൽ 2011 വരെ നാല് തവണ ചിറ്റൂർ മണ്ഡലത്തെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തിയ അദ്ദേഹം, സഹകരണ, രാഷ്ട്രീയ രംഗങ്ങളിലും സജീവമായിരുന്നു. ചിറ്റൂർ-തത്തമംഗലം നഗരസഭാ ചെയർമാനായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
തെക്കൻ ദില്ലിയിലെ സത്യനികേതനിൽ ഡൽഹി സർവകലാശാലയുടെ സൗത്ത് ക്യാമ്പസിന് സമീപമുള്ള അഞ്ച് നില ഹോസ്റ്റൽ കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ മരണം ആറായി. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതിനാൽ മുൻപ് അടച്ചിട്ട കെട്ടിടമാണ് യാതൊരു അനുമതിയും കൂടാതെ കഴിഞ്ഞവർഷം മുതൽ വീണ്ടും തുറന്നു പ്രവർത്തിച്ചത്.
മുഴുവൻ സമയ കെപിസിസി അധ്യക്ഷൻ വേണമെന്ന് രാഹുൽ ഗാന്ധിയോട് ആവശ്യപ്പെട്ട് മുഖ്യമന്ത്രി വി ഡി സതീശൻ. രാഹുൽ ഗാന്ധിയുമായി മുഖ്യമന്ത്രി നടത്തിയ കൂടിക്കാഴ്ച അവസാനിച്ചു. കെപിസിസി അധ്യക്ഷൻ വൈകരുതെന്ന നിലപാട് മുഖ്യമന്ത്രി രാഹുൽ ഗാന്ധിയെ അറിയിച്ചു.
ഓൾഡ് മോങ്ക്, ‘റം’ അല്ലെന്ന് ദേശീയ ഭക്ഷ്യസുരക്ഷാ അതോറിറ്റി. ന്യൂട്രൽ സ്പിരിറ്റും റം ഫ്ലേവറും ചേർത്താണ് ഓൾഡ് മൊങ്ക് തയ്യാറാക്കുന്നതെന്നും ഓള്‍ഡ് മോങ്കില്‍ അടങ്ങിയിരിക്കുന്ന റം അഞ്ച് ശതമാനത്തിൽ താഴെയാണെന്നും, റം ഫ്ലേവേർഡ് സ്പിരിറ്റ് എന്ന് വിശേഷിപ്പിക്കണമെന്നും അതോറിറ്റി ബോംബെ ഹൈക്കോടതിയിൽ വ്യക്തമാക്കി.
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് അസൗകര്യങ്ങൾ ഉണ്ടായതിനെ തുടർന്ന് എഐസിസി ആസ്ഥാനത്ത് ഇന്ന് വൈകീട്ട് നടത്താൻ നിശ്ചയിച്ചിരുന്ന മുഖ്യമന്ത്രിമാരുടെയും വിദ്യാഭ്യാസ മന്ത്രിമാരുടെയും ഉന്നതതല യോഗം മാറ്റിവെച്ചു.
യുഎസിലെ മയാമി രാജ്യാന്തര വിമാനത്തിൽ ആമസോണിന്റെ കാർഗോ വിമാനം തകർന്ന് 5 മരണം. അപകടത്തിൽ 5 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിൽ മൂന്നുപേരുടെ നില ഗുരുതരമാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
23ാമത് സംസ്ഥാന മൗണ്ടന്‍ ബൈക്ക് സൈക്ലിങ് ചാംപ്യന്‍ഷിപ് സമാപിച്ചു. വയനാട് ജില്ല ടീം ഓവറോൾ ചാമ്പ്യൻമാരായി. ഇടുക്കി ജില്ലയാണ് റണ്ണറപ്പ്. ഇന്നലെ നടന്ന അണ്ടർ 16 പെൺകുട്ടികളുടെ ടൈം ട്രയലിലും, അണ്ടർ 23 പുരുഷൻമാരുടെ മാസ്സ് സ്റ്റാർട്ട് മത്സരത്തിലും ഒന്നും രണ്ടും സ്ഥാനങ്ങൾ വയനാടിന്റെ റൈഡർമാർ സ്വന്തമാക്കി.
