റഷ്യ-യുക്രൈൻ യുദ്ധത്തിന് നാളെ ഒരു വർഷം. പിന്മാറില്ലെന്ന് റഷ്യയും വഴങ്ങില്ലെന്ന് യുക്രൈനും ആവർത്തിക്കുമ്പോൾ യുദ്ധം ഇനിയും നീളാനാണ് സാധ്യത. മരിയ്ക്കുകയും പരിക്കേൽക്കുകയും ചെയ്ത റഷ്യൻ സൈനികരുടെ എണ്ണം രണ്ടു ലക്ഷം വരുമെന്നാണ് യുദ്ധമേഖലയെ നിരീക്ഷിക്കുന്നവരുടെ കണക്ക്. യുക്രൈനിലാകട്ടെ കൊല്ലപ്പെട്ട സാധാരണക്കാരുടെ എണ്ണം മാത്രം എണ്ണായിരം വരുമെന്ന് കണക്കുകൾ. രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം യൂറോപ്പ് കണ്ട ഏറ്റവും വലിയ ഈ യുദ്ധത്തിന് അന്ത്യം കുറിയ്ക്കാൻ കാര്യമായ ശ്രമങ്ങൾ ഒന്നും നടക്കുന്നില്ല എന്നതാണ് യാഥാർഥ്യം. റഷ്യയുടെ ആക്രമണത്തോട് പിടിച്ചു നിൽക്കാൻ യുക്രൈന് കഴിയുന്നതിന്റെ ഒരു പ്രധാന കാരണം അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും എത്തിച്ചുനൽകിയ ആയുധങ്ങളാണ്. യൂറോപ്യൻ രാജ്യങ്ങളും അമേരിക്കയും യുക്രൈന് നൽകിയ ആയുധങ്ങളിൽ പ്രധാനം അത്യന്താധുനിക യുദ്ധടാങ്കുകൾ ആണ്. ഏറ്റവും ഒടുവിൽ അമേരിക്ക നൽകുമെന്ന് പ്രഖ്യാപിച്ചത് 31 എബ്രാംസ് ടാങ്കുകൾ. ഒരു കോടി അമേരിക്കൻ ഡോളർ ഓരോന്നിനും വിലയുള്ള ഈ ടാങ്കുകൾ ഉപയോഗിക്കാനുള്ള പരിശീലനവും യുക്രൈന് നൽകുമെന്ന് അമേരിക്ക പ്രഖ്യാപിച്ചിട്ടുണ്ട്. നിരപരാധികളായ ലക്ഷക്കണക്കിന് മനുഷ്യരുടെ തോരാക്കണ്ണീരാണ് യുക്രൈൻ യുദ്ധത്തിന്റെയും ബാക്കിപത്രം.
റഷ്യ-യുക്രൈൻ യുദ്ധത്തിന് നാളെ ഒരു വർഷം.
