യു.എസിലെ നിരോധനം മറികടക്കാന്‍ ലക്ഷ്യമിട്ട് വിഡിയോ ഷെയറിങ് പ്ലാറ്റ്ഫോമായ ടിക്ടോക് ശതകോടീശ്വരനായ ഇലോണ്‍ മസ്കിന് വില്‍ക്കുന്നുവെന്ന റിപ്പോര്‍ട്ട് നിഷേധിച്ച് കമ്പനി രംഗത്ത്. മാതൃകമ്പനിയായ ബൈറ്റ്ഡാന്‍സിന്റെ കീഴില്‍ തന്നെ നിലനില്ക്കുക എന്നതാണ് ടിക് ടോകിന്റെ ആദ്യ പരിഗണന. എന്നാല്‍, ഇതിന് സാധിച്ചില്ലെങ്കില്‍ മസ്കിന് വില്ക്കാന് കമ്പനി ഒരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ട്. ആപിന്റെ യു.എസ് വകഭേദത്തെ വില്‍ക്കാനാണ് ചൈന ഒരുങ്ങുന്നതെന്നും ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ റിപ്പോര്‍ട്ടിനെ തള്ളിക്കളഞ്ഞ ടിക്ടോക്, ഇത് കെട്ടുകഥ മാത്രമാണെന്നനും വ്യക്തമാക്കി. പ്ലാറ്റ്ഫോമിന്റെ ഓഹരികള്‍ ചൈനീസ് ഇതര കമ്പനിക്ക് വിറ്റില്ലെങ്കില്‍ നിരോധനമേര്‍പ്പെടുത്തുമെന്ന നിയമം യു.എസ് ഫെഡറല്‍ അപ്പീല്‍ കോടതി വെള്ളിയാഴ്ച ശരിവച്ചിരുന്നു. ഇതിനു പിന്നാലെയാണ് വില്‍പ്പന സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവന്നത്. പുതിയ പ്രസിഡന്റായി ഡോണള്‍ഡ് ട്രംപ് അധികാരമേല്‍ക്കുമ്പോള്‍ ടിക്ടോക് നിരോധനത്തിനുള്ള സാധ്യതയേറെയെന്ന് വിലയിരുത്തുന്ന ആളുകളുടെ എണ്ണം കൂടുതലാണ്. ചൈനയോട് കടുത്ത നിലപാട് സ്വീകരിക്കുന്ന വ്യക്തിയാണ് ഡോണള്‍ഡ് ട്രംപ്. അത് തിരിച്ചടിയാവുമെന്നാണ് ടിക്ടോക്കിന്റേയും മാതൃകമ്പനിയായ ബൈറ്റ്ഡാന്‍സിന്റേയും വിലയിരുത്തല്‍.
ടിക്ടോക് ഇലോണ്‍ മസ്കിന് വില്‍ക്കില്ലെന്ന് കമ്പനി
