തെലുങ്ക് സൂപ്പര്‍താരം അല്ലു അര്‍ജുനും ബ്ലോക്ക്ബസ്റ്റര്‍ സംവിധായകന്‍ അറ്റ്ലിയും ഒന്നിക്കുന്ന പുതിയ ചിത്രം ‘രാക്ക’യുടെ തീം സോങായ ‘മേക്ക് വേ ഫോര്‍ ദ കിംഗ്’ തുടങ്ങുന്ന വരികളോടെയുള്ള ലിറിക്കല്‍ വീഡിയോ എത്തി. സായ് അഭ്യങ്കര്‍ ആണ് ഗാനം ആലപിച്ചിരിക്കുന്നതും സംഗീതം നല്‍കിയിരിക്കുന്നതും. യുവ സംഗീത പ്രതിഭ സായ് അഭ്യങ്കര്‍ ഒരുക്കിയ ആവേശമുണര്‍ത്തുന്ന ഈ തീം സോങ് ഇതിനകം തന്നെ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. ഇതിനകം നാല്‍പത് ലക്ഷത്തിലധികം കാഴ്ചക്കാരാണ് തീം സോങ്ങിന് ലഭിച്ചിരിക്കുന്നത്. സിനിമയുടെ ദൃശ്യഭംഗിയും അല്ലു അര്‍ജുന്റെ മാസ് പ്രകടനവും സൂചിപ്പിക്കുന്ന തരത്തിലാണ് വീഡിയോ ഒരുക്കിയിരിക്കുന്നത്. ദീപിക പദുക്കോണാണ് ചിത്രത്തില്‍ നായികയായെത്തുന്നത് എന്നതാണ് മറ്റൊരു പ്രത്യേകത. ‘ജവാന്‍’ എന്ന മെഗാ ഹിറ്റിന് ശേഷം അറ്റ്ലി സംവിധാനം ചെയ്യുന്ന ഈ ചിത്രം നിര്‍മ്മിക്കുന്നത് കലാനിധി മാരന്റെ സണ്‍ പിക്‌ചേഴ്‌സ് ആണ്.
