2026 ഫിഫ ലോകകപ്പ് ഫുട്‌ബോള്‍ മത്സരത്തിന്റെ ഔദ്യോഗിക ഗാനത്തിന്റെ വിഡിയോ ആല്‍ബം പുറത്തുവിട്ട് ഷക്കീറ. ഷക്കീറയും നൈജീരിയന്‍ കലാകാരനായ ബെര്‍ണ ബോയ്‌യും ചേര്‍ന്ന് ഒരുക്കിയ ‘ദായ് ദായ്’ എന്ന ഗാനമാണ് പുറത്തിറങ്ങിയത്. ‘വക്കാ വക്കാ’ എന്ന ഹിറ്റ് ലോകകപ്പ് ആന്തത്തിന് ശേഷം ഷക്കീറ പാടുന്ന ഔദ്യോഗിക ഗാനമാണ് ‘ദായ് ദായ്’. നാല് മിനിറ്റ് ദൈര്‍ഘ്യമുള്ള വിഡിയോ ഗാനം, ലയണല്‍ മെസ്സി, കിലിയന്‍ എംബാപ്പെ, എര്‍ലിങ് ഹാലാന്‍ഡ് തുടങ്ങിയ ഫുട്‌ബോള്‍ താരങ്ങളെ അണിനിരത്തിക്കൊണ്ടാണ് ആരംഭിക്കുന്നത്. ‘ഞങ്ങള്‍ തയ്യാറാണ്’ എന്ന് ഫുട്‌ബോള്‍ താരങ്ങള്‍ പ്രഖ്യാപിച്ചുകൊണ്ടാണ് ഗാനം ആരംഭിക്കുന്നത്. തുടര്‍ന്ന് മെക്‌സിക്കോ സിറ്റിയിലെ എയ്ഞ്ചല്‍ ഓഫ് ഇന്‍ഡിപെന്‍ഡന്‍സ് സ്തൂപത്തിന് മുകളിലിരിക്കുന്ന ഷക്കീറയെ വിഡിയോയില്‍ കാണാം. ഒരു കൂട്ടം കുട്ടികളും ഷക്കീറയ്‌ക്കൊപ്പം കലക്കന്‍ ഡാന്‍സുമായി ചേരുന്നുണ്ട്. ബെര്‍ണ ബോയ്‌യും വിഡിയോ ഗാനത്തിലുണ്ട്. ജൂണ്‍ 11-ന് മെക്‌സിക്കോയിലാണ് 2026 ഫിഫ ലോകകപ്പ് ആരംഭിക്കുന്നത്. ജൂലൈ 19-ന് ന്യൂജേഴ്സിയിലെ മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിലാണ് ഫൈനല്‍ മത്സരം നടക്കുന്നത്.
