വിഷു റിലീസായി നാളെ തിയേറ്ററുകളിലെത്തുന്ന ബേസില്‍ ജോസഫ് ചിത്രം മരണമാസ്സിലെ ഏറ്റവും പുതിയ ഗാനം പുറത്തിറങ്ങി. ‘മാസ്മരികം’ എന്ന പേരോടെ യൂട്യൂബ് വഴി റിലീസ് ചെയ്തിരിക്കുന്ന ഗാനത്തിന് വരികളെഴുതിയിരിക്കുന്നത് മലയാളി മങ്കീസ് ആണ്. സംഗീതം നല്‍കിയിരിക്കുന്നത് ജേ കെയും. മമ്മൂട്ടി ചിത്രമായ ബസൂക്ക, നസ്ലിന് ചിത്രമായ ആലപ്പുഴ ജിംഘാന എന്നിവക്ക് ഒപ്പമാകും മരണമാസും ഇറങ്ങുക. നടന് സിജു സണ്ണി കഥ രചിച്ച ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത് സിജു സണ്ണിയും സംവിധായകന് ശിവപ്രസാദും ചേര്‍ന്നാണ്.ബേസില്‍ ജോസഫിനൊപ്പം രാജേഷ് മാധവന്, സിജു സണ്ണി, പുളിയനം പൗലോസ്, സുരേഷ് കൃഷ്ണ, ബാബു ആന്റണി, അനിഷ്മ അനില്‍കുമാര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അതേസമയം ‘മരണമാസ്’ എന്ന ചിത്രം സൗദിയിലും കുവൈറ്റിലും നിരോധിച്ചു. സിനിമയുടെ കാസ്റ്റില്‍ ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തിയും ഉള്‍പ്പെട്ടതിനാലാണ് ചിത്രം നിരോധിച്ചിരിക്കുന്നത്. സംവിധായകന് ശിവപ്രസാദ് തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ചിത്രത്തിന് ഇന്ത്യയില്‍ യു/എ സര്‍ട്ടിഫിക്കറ്റ് ആണ് നല്‍കിയിരിക്കുന്നത്. കുവൈറ്റില്‍ ട്രാന്‍ജെന്‍ഡര്‍ താരം അഭിനയിച്ച ഭാഗങ്ങള്‍ വെട്ടി പ്രദര്‍ശിപ്പിക്കാന്‍ ആണ് സെന്‍സര്‍ ബോര്‍ഡ് ആവശ്യപ്പെട്ടത്.
മരണമാസ്സിലെ ഏറ്റവും പുതിയ ഗാനം ‘മാസ്മരികം’
