ജെയിംസ് ഗണ്‍ സംവിധാനം ചെയ്യുന്ന ‘സൂപ്പര്മാന്’ ചിത്രത്തിന്റെ ഫൈനല്‍ ട്രെയിലര്‍ പുറത്തിറങ്ങി. പുതിയ സൂപ്പര്മാന് ഡേവിഡ് കോറന്‍സ്വെറ്റ് അരങ്ങേറ്റം കുറിക്കുന്ന ചിത്രം ഡിസി കോമിക്സ് കഥാപാത്രങ്ങളാല്‍ സമ്പന്നവും ക്ലാസിക് സൂപ്പര്‍മാനിലേക്കുള്ള തിരിച്ചുപോക്കുമാണ് എന്ന സൂചനയാണ് ട്രെയിലര്‍ തരുന്നത്. ഗാര്ഡിയന് ഓഫ് ഗ്യാലക്സി എന്ന മാര്‍വലിന്റെ ട്രിലോളജി സൂപ്പര്‍ ഹീറോ ചിത്രം ഒരുക്കിയ വന്‍ വിജയം നേടിയ ജെയിംസ് ഗണ്‍ വളരെ കളര്‍ ഫുള്ളായാണ് പുതിയ സൂപ്പര്മാന് ഒരുക്കിയിരിക്കുന്നത്. ഡിസി സൂപ്പര്‍ ഹീറോ യൂണിവേഴ്സിന്റെ റീബൂട്ട് പടമായാണ് സൂപ്പര്മാന് വിശേഷിപ്പിക്കപ്പെടുന്നത്. ജൂലൈ 11 2025ലാണ് ചിത്രം റിലീസ് ചെയ്യുക. ഇന്ത്യയില്‍ ഇംഗ്ലീഷിന് പുറമേ ഹിന്ദി, തെലുങ്ക്, തമിഴ് ഭാഷകളില്‍ ചിത്രം പുറത്തിറങ്ങും.സൂപ്പര്‍മാന്റെ പ്രണയിനിയായ പത്ര റിപ്പോര്‍ട്ടര്‍ ലോയിസ് ലെയ്നായി റേച്ചല്‍ ബ്രോസ്നഹാനും, സൂപ്പര്‍മാന്റെ ശത്രുവായ ലെക്സ് ലൂഥറായി നിക്കോളാസ് ഹോള്‍ട്ടും ട്രെയിലറില്‍ എത്തുന്നു. ലെക്സും സൂപ്പര്‍മാനും തമ്മിലുള്ള സങ്കീര്‍ണ്ണമായ വിവിധ തലത്തിലുള്ള ഏറ്റുമുട്ടലുകള്‍ ട്രെയിലറിലുണ്ട്. ഒപ്പം മറ്റ് ഡിസി കഥാപാത്രങ്ങളെയും കാണാം.
‘സൂപ്പര്മാന്’ ചിത്രത്തിന്റെ ഫൈനല്‍ ട്രെയിലര്‍
