ദുരന്തനിവാരണ അതോറിറ്റി നടത്തിയ മോക്ഡ്രില്ലിനിടെ കല്ലൂപ്പാറ സ്വദേശി ബിനു സോമൻ മരിച്ച സംഭവത്തിൽ വകുപ്പുതല അന്വേഷണം. ഇതു സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ ചീഫ് സെക്രട്ടറിക്ക് നിർദ്ദേശം നൽകി. എൻഡിആർഎഫ് ഉദ്യോഗസ്ഥരുടേയും ഫയർഫോഴ്സുകാരുടെയും കൺമുന്നിൽ വച്ചാണ് ബിനു സോമൻ മുങ്ങി താഴ്ന്നത്. 20 മിനിറ്റിൽ അധികമാണ് ബിനു വെള്ളത്തിൽ കിടന്നത്. സംഭവത്തിൻ്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് മുഖ്യമന്ത്രിയുടെ നിർദേശാനുസരണം പത്തനംതിട്ട കളക്ടർ കൈമാറിയിരുന്നു. ഇതിന് പിന്നാലെയാണ് വകുപ്പുതല അന്വേഷണം നടത്താൻ മുഖ്യമന്ത്രി നിർദ്ദേശം നൽകിയത്.
ഇന്നലെയാണ് പത്തനംതിട്ട വെണ്ണിക്കുളം പടുതോട് പാലത്തിന് സമീപം മോക്ഡ്രിൽ നടത്തുന്നതിനിടെ കല്ലൂപ്പാറ പാലത്തിങ്കൽ സ്വദേശി ബിനു സോമൻ മുങ്ങിമരിച്ചത്. വെള്ളത്തിൽ നിന്ന് ബിനുവിനെ കരക്കെടുക്കുമ്പോൾ തന്നെ മരണം സംഭവിച്ചെന്നും മരണം സ്ഥിരീകരിക്കാൻ വൈകിയത് ഉദ്യോഗസ്ഥതല വീഴ്ച്ച മറച്ച് വെക്കാനായിരുന്നെന്നും നാട്ടുകാർ ആരോപിക്കുന്നു. ഇതിനിടെയാണ് ബിനുവിന്‍റെ മരണത്തിൽ അസ്വാഭാവികതകളില്ലെന്ന റവന്യൂ മന്ത്രിയുടെ പ്രതികരണം.