പ്രിയദര്ശന് സംവിധാനം ചെയ്ത സൂപ്പര്‍ഹിറ്റ് മലയാള ചിത്രം ‘ഒപ്പ’ത്തിന്റെ ഹിന്ദി റീമേക്കായ ‘ഹായ്വാന്’ എന്ന ചിത്രത്തിന്റെ ടീസര്‍ റിലീസ് ചെയ്തു. മോഹന്‍ലാല്‍ അവതരിപ്പിച്ച അന്ധനായ കഥാപാത്രമായി സെയ്ഫ് അലി ഖാനും, വില്ലനായി അക്ഷയ് കുമാറും വേഷമിടുന്നു. ബൊമ്മന് ഇറാനി, ശ്രീയ പില്ഗോങ്കര്, സയ്യാമി ഖേര്‍ എന്നിവരുള്‍പ്പെടെ വലിയ താരനിര ചിത്രത്തിലുണ്ട്. മലയാളത്തിലെ കഥയുടെ അതേ പകര്‍പ്പല്ലെന്നും കഥയിലും കഥാപാത്രങ്ങളിലും മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. മലയാളത്തില്‍ നെടുമുടി വേണു അവതരിപ്പിച്ച വേഷം ബൊമ്മന് ഇറാനി ചെയ്യുന്നു. പ്രീതിം സംഗീതം നല്കുന്ന ചിത്രത്തിന്റെ വിഎഫ്എക്സ് സൂപ്പര്‍വൈസര്‍ പ്രിയദര്‍ശന്റെ മകന് സിദ്ധാര്‍ഥ് പ്രിയദര്‍ശനാണ്. കെവിഎന്‍ പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ഈ ചിത്രം സെപ്റ്റംബര്‍ 11 ന് തിയേറ്ററുകളിലെത്തും. 17 വര്‍ഷങ്ങള്‍ക്ക് ശേഷം സെയ്ഫ് അലി ഖാനും അക്ഷയ് കുമാറും ഒരുമിക്കുന്ന ചിത്രമാണിത്.
