വയനാട്ടിൽ നിന്നും പിടിച്ചെടുത്ത കിറ്റുകൾ ക്ഷേത്രത്തിലേക്ക് വിതരണം ചെയ്യാനായി ഭക്തൻ തയ്യാറാക്കിയ കിറ്റുകളായിരുന്നെന്ന വിശദീകരണവുമായി എൻ ഡി എ സ്ഥാനാർത്ഥി കെ.സുരേന്ദ്രൻ. വോട്ടർമാർക്ക് വിതരണം ചെയ്യാനായി തയ്യാറാക്കിയതെന്ന് കരുതുന്ന കിറ്റുകൾ ഇന്നലെ രാത്രി ജില്ലയിൽ രണ്ടിടങ്ങളിൽ നിന്ന് പിടിച്ചെടുത്തിരുന്നു. ബത്തേരിയിൽ കിറ്റുകൾ പിടിച്ചെടുത്തതിന് പിന്നാലെ ബി.ജെ.പിക്കെതിരെ എൽ.ഡി.എഫും യു.ഡി.എഫും രംഗത്തെത്തിയിരുന്നു. ബത്തേരിക്ക് പിന്നാലെ മാനന്തവാടി അഞ്ചാംമൈലിലെ സൂപ്പർമാർക്കറ്റിൽ നിന്നും തിരഞ്ഞെടുപ്പ് സ്ക്വാഡ് കഴിഞ്ഞ രാത്രി കിറ്റുകൾ കസ്റ്റഡിയിലെടുത്തിരുന്നു.