ഹൃദയസ്തംഭനത്തിന്റെ ഉയര്‍ന്ന നിരക്ക് സാമൂഹികമായ ഒറ്റപ്പെടലും ഏകാന്തതയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ഒരു പുതിയ പഠനറിപ്പോര്‍ട്ട്. സാമൂഹികമായ ഒറ്റപ്പെടലും ഏകാന്തതയും ഹൃദയസ്തംഭനം മൂലം ആശുപത്രിയിലാകാനുള്ള സാധ്യത 15% മുതല്‍ 20% വരെ വര്‍ധിപ്പിച്ചതായി ഗവേഷകര്‍ കണ്ടെത്തി. എന്നിരുന്നാലും, സാമൂഹിക ഒറ്റപ്പെടല്‍ ഏകാന്തത ഉണ്ടാക്കുന്നു എങ്കില്‍ മാത്രമേ അപകടകരമാകൂ എന്നും ഗവേഷകര്‍ വിലയിരുത്തി. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, ഒരു വ്യക്തി സാമൂഹികമായി ഒറ്റപ്പെടുകയും ഏകാന്തത അനുഭവിക്കുകയും ചെയ്താല്‍, ഏകാന്തതയാണ് കൂടുതല്‍ പ്രധാനം. അതായത് വ്യക്തി സാമൂഹികമായി ഒറ്റപ്പെട്ടില്ലെങ്കിലും അയാളുടെ ഏകാന്തത അപകടസാധ്യത വര്‍ധിപ്പിക്കും. ഏകാന്തതയും സാമൂഹികമായ ഒറ്റപ്പെടലും പുരുഷന്മാരില് കൂടുതലായി കാണപ്പെടുന്നു, പുകയില ഉപയോഗം, പൊണ്ണത്തടി തുടങ്ങിയ ആരോഗ്യപരമായ പെരുമാറ്റങ്ങളുമായും അവസ്ഥകളുമായും ഇത് ബന്ധപ്പെട്ടിരിക്കുന്നതായും ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു. പഠനത്തിനായി യുകെ ബയോബാങ്ക് പഠനത്തില്‍ നിന്നുള്ള ഡാറ്റ ഗവേഷകര്‍ പരിശോധിച്ചു. മധ്യവയസ്കരും പ്രായമായവരുമായ 4,00,000-ത്തിലധികം വരുന്ന ജനസംഖ്യയുടെ ആരോഗ്യ ഫലങ്ങള്‍ വിലയിരുത്തുകയും ചെയ്തു. ഏകാന്തത നിലനില്ക്കുമ്പോള്, സാമൂഹിക ഒറ്റപ്പെടലിന് ഹൃദയസ്തംഭനത്തില്‍ വലിയ പ്രാധാന്യമില്ലെന്ന് ഫലങ്ങള്‍ സൂചിപ്പിക്കുന്നു. ഏകാന്തത സാമൂഹ്യമായ ഒറ്റപ്പെടലിനേക്കാള്‍ ശക്തമായ മാനസിക പിരിമുറുക്കം ഉണ്ടാക്കാമെന്നും ശത്രുതയുള്ളവരോ സമ്മര്‍ദ്ദപൂരിതമായ സാമൂഹിക ബന്ധങ്ങളുള്ളവരോ ആയ വ്യക്തികളില്‍ ഈ ഏകാന്തത സാധാരണമാണെന്നും ഗവേഷകര്‍ പറയുന്നു. സാധാരണ ക്ലിനിക്കല്‍ പരിചരണത്തില്‍ സാമൂഹിക ഒറ്റപ്പെടലിനും ഏകാന്തതയ്ക്കും പരിഹാരമാകുന്ന ഫലപ്രദമായ നടപടികളുടെ ആവശ്യകത പഠനസംഘം ചൂണ്ടിക്കാണിക്കുന്നു. സാമൂഹിക ഒറ്റപ്പെടലും ഏകാന്തതയും ഹൃദയധമനികളെ ബാധിക്കുന്ന സംവിധാനങ്ങള്‍ നന്നായി മനസ്സിലാക്കാന്‍ പരീക്ഷണാത്മക പഠനങ്ങള്‍ നടത്താനും സംഘം തയാറെടുക്കുകയാണ്.
സാമൂഹിക ഒറ്റപ്പെടലും ഹൃദയസ്തംഭനം വരുത്തും!
