കൈലാഖ് എന്ന കുഞ്ഞന്‍ എസ്യുവി ഇന്ത്യയിലെ കുതിപ്പിന്റെ തുടര്‍ച്ചയായി ഇപ്പോള്‍ വിദേശ രാജ്യത്തേക്കും ചേക്കേറാനുള്ള ഒരുക്കങ്ങളിലാണ്. ഫാബിയ എന്ന വാഹനത്തിന്റെ പകരക്കാരനായി യൂറോപ്യന്‍ വിപണികളിലേക്ക് പറക്കാനാണ് കൈലാഖ് ഒരുങ്ങുന്നത്. സ്കോഡ-ഫോക്സ്വാഗണ് ഇന്ത്യ 2.0 എന്ന സ്ട്രാറ്റജിയുടെ ഭാഗമായി നിര്‍മിച്ച മൂന്നാമത്തെ മോഡലാണ് കൈലാഖ്. സ്കോഡ നിര്‍മിച്ചിട്ടുള്ളവയില്‍ വെച്ച് ഏറ്റവും ചെറിയ എസ്യുവിയുമാണ് ഈ ഇന്ത്യന്‍ നിര്‍മിതമായി ഒരുങ്ങിയിട്ടുള്ള കൈലാഖ് എസ്യുവി. സ്ലാവിയ, കുഷാഖ് എന്നീ മോഡലുകളില്‍ കരുത്തേകുന്ന 1.5 ലിറ്റര്‍ നാല് സിലിണ്ടര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനുമായായിരിക്കും ഈ എസ്യുവി കടല്‍കടക്കുന്നത്. ട്രാന്സ്മിഷന് സംവിധാനം ഒരുക്കാന്‍ ഏഴ് സ്പീഡ് ഡിഎസ്ജി ഗിയര്‍ബോക്സും ഇതിനൊപ്പം നല്‍കും. 1.5 ലിറ്റര്‍ ടിഎസ്ഐ യൂറോപ്യന്‍ രാജ്യങ്ങളിലെ മലിനീകരണ നിയന്ത്രണ മാനദണ്ഡമായ യൂറോ-7 പാലിക്കുന്ന എന്‍ജിനാണ്. അതുകൊണ്ടാണ് കൈലാഖില്‍ ഇത് നല്‍കാനുള്ള സാധ്യതകള്‍ തെളിയുന്നത്.
സ്കോഡയുടെ കൈലാഖ് എസ്യുവി കടല്‍ കടക്കുന്നു
