ലോകത്ത് നിരവധി ആളുകളുടെ മരണത്തിനു കാരണമാകുന്ന ഒന്നാണ് ലങ് കാന്‍സര്‍ അഥവാ ശ്വാസകോശാര്‍ബുദം. ശ്വാസകോശത്തിലെ കോശങ്ങളുടെ അനിയന്ത്രിതമായ വളര്‍ച്ചയാണ് അര്‍ബുദത്തിലേക്ക് നയിക്കുന്നത്. പലപ്പോഴും രോഗം മൂര്ച്ഛിച്ചശേഷമാവും ലങ് കാന്‍സര്‍ അതിന്റെ ലക്ഷണങ്ങളെ പ്രകടമാക്കുന്നത്. വിട്ടുമാറാത്ത ചുമയും ശ്വാസതടസ്സവും ലങ് കാന്‍സറിന്റെ ചില ലക്ഷണങ്ങളാണ്. എന്നാല്‍ അതിശയിപ്പിക്കുന്ന മറ്റ് ചില ലക്ഷണങ്ങളും ലങ് കാന്‍സറിന്റേതാകാം. ചില കേസുകളില്‍ തോളുകളിലും കഴുത്തിന്റെ ഭാഗത്തും വേദന വരും. ലങ് കാന്‍സര്‍ ട്യൂമര്‍, അടുത്തുള്ള നാഡിയില്‍ പ്രഷര്‍ ചെലുത്തുന്നതു മൂലമാണ് വേദന വരുന്നത്. ലങ് കാന്‍സര്‍ എല്ലുകളിലേക്കോ തോളിനു ചുറ്റുമോ വ്യാപിച്ചാലും വേദന വരും. ഇതോടൊപ്പം തുടര്‍ച്ചയായി സൂചി കൊണ്ടു കുത്തുന്നതു പോലുള്ള തോന്നലും വരാം. ഈ േവദനകള്‍ കൂടാതെ തലയിലേക്കുള്ള രക്തപ്രവാഹം ട്യൂമര്‍ തടസ്സപ്പെടുത്തുകയും ചെയ്യും. ഇത് മുഖത്ത് വീക്കം ഉണ്ടാക്കും. ചികിത്സിച്ചതിനുശേഷവും ചുമയോ ന്യുമോണിയയോ വന്നു കൊണ്ടേയിരിക്കുകയാണെങ്കില്‍ അത് ലങ് കാന്‍സറിന്റെ പ്രാരംഭലക്ഷണമാകാം. തുടര്‍ച്ചയായി വിട്ടുമാറാത്ത ചുമ, ശ്വാസതടസ്സം, നെഞ്ചുവേദന, തൊണ്ടയടപ്പ്, അകാരണമായി ശരീരഭാരം കുറയുക ഇവയാണ് ലങ് കാന്‍സറിന്റെ ലക്ഷണങ്ങള്‍. കോശങ്ങള്‍ വിഭജിക്കുകയോ മ്യൂട്ടേറ്റ് ചെയ്യുകയോ ചെയ്യുന്നതാണ് ലങ് കാന്‍സറിനു കാരണം. കാന്‍സര്‍ കോശങ്ങള്‍ ലിംഫ് നോഡുകളിലേക്ക് കടക്കുകയും ശരീരത്തിലെ മറ്റു ഭാഗങ്ങളിലേക്ക് നീങ്ങുകയും ചെയ്യും. ലങ് കാന്‍സര്‍ ബാധിച്ചുള്ള മരണങ്ങളില്‍ എണ്‍പതുശതമാനവും പുകവലിമൂലമാണ് എന്ന് വിദഗ്ധര്‍ കണക്കാക്കിയിട്ടുണ്ട്. മറ്റ് രോഗസാധ്യതാ ഘടകങ്ങള്‍ ഇവയാണ്. പരോക്ഷ പുകവലി അതായത് പുകലിക്കാരുമായി സമ്പര്‍ക്കത്തില്‍ വരുന്നതു മൂലം പുക ശ്വസിക്കുന്നതു മൂലം, വായുമലിനീകരണം, റഡോണ്‍, ആസ്ബസ്റ്റോസ്, യുറേനിയം, പുറന്തള്ളുന്ന ഡീസല്‍, സിലിക്ക, കല്‍ക്കരി ഉല്പന്നങ്ങള് തുടങ്ങിയ ഉപദ്രവകാരികളായ വസ്തുക്കളുമായി സമ്പര്‍ക്കത്തില്‍ വരുന്നത്. സ്തനാര്‍ബുദം, ലിംഫോമ തുടങ്ങിയവയ്ക്കായി നെഞ്ചിന് റേഡിയേഷന് ചികിത്സ മുന്‍പ് നടത്തിയിട്ടുണ്ടെങ്കില്‍, കുടുംബത്തില്‍ ആര്‍ക്കെങ്കിലും ശ്വാസകോശാര്‍ബുദം വന്നിട്ടുണ്ടെങ്കില്‍ ഇവയെല്ലാം ശ്വാസകോശാര്‍ബുദ സാധ്യത വര്‍ധിപ്പിക്കുന്ന ഘടകങ്ങളാണ്.
ലങ് കാന്‍സര്‍ ലക്ഷണങ്ങളില്‍ തോള്, കഴുത്ത് വേദനയും!
