മെസ്സിയുടെ പേരിലെ തട്ടിപ്പുമായി ബന്ധപ്പെട്ട് കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തിനായി എസ്‌ഐടി. കേന്ദ്രഏജന്‍സികള്‍ക്ക് എസ്‌ഐടി ഉടന്‍ റിപ്പോര്‍ട്ട് നല്‍കും. ഇ ഡി, കസ്റ്റംസ്, ആര്‍ബിഐ എന്നിവക്കാണ് റിപ്പോര്‍ട്ട് നല്‍കുക. റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റ് കമ്പനിയുടെ ഓഫീസിലും ആന്റോ അഗസ്റ്റിന്റേയും സഹോദരങ്ങളുടേയും വീടുകളില്‍ നടത്തിയ റെയ്ഡില്‍ നിന്ന് കണ്ടെടുത്ത തെളിവുകളും രേഖകളും അടക്കമുള്ള റിപ്പോര്‍ട്ടാണ് നല്‍കുക. ഓരോ ഏജന്‍സികളുടെയും അധികാര പരിധിയിലുള്ള വിഷയത്തില്‍ അന്വേഷണം ആവശ്യപ്പെടും. ഫെമ ചട്ട ലംഘനം, ഹവാല ഇടപാട്, വിദേശത്തെ പണം കൈമാറ്റം, ബെനാമി ഇടപാട് എന്നിവ ഉള്‍പ്പെടെ ഡോളറടക്കം വിദേശ കറന്‍സികള്‍ റെയ്ഡില്‍ കണ്ടെടുത്തിരുന്നു. കറന്‍സികളും ഇലക്ട്രോണിക്, ഡിജിറ്റല്‍ ഉപകരണങ്ങളും ഇന്നലെ കോടതിക്ക് കൈമാറിയിട്ടുണ്ട്.
മാസപ്പടി കേസുമായി ബന്ധപ്പെട്ട് എജിയുടെ നിയമോപദേശം കിട്ടിയെന്നും, വിഷയത്തില്‍ മുഖ്യമന്ത്രിയുമായി ആലോചിച്ച് തീരുമാനമെടുക്കുമെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഇഡിയുടെ കത്തിന്റെ അടിസ്ഥാനത്തിലാണ് ലീഗല്‍ ഒപ്പീനിയന്‍ തേടിയത്. ധനകാര്യ മന്ത്രിമാരുടെ യോഗത്തിന് ഡല്‍ഹിയിലേക്ക് പോയ മുഖ്യമന്ത്രി ഇന്ന് വൈകീട്ടേ തിരിച്ചെത്തൂ. നാളെ അവധിയായതിനാല്‍ തിങ്കളാഴ്ച തീരുമാനമെടുക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.
അനുവദനീയമായതിലും കൂടുതല്‍ മദ്യം കൈവശം വെച്ച കേസില്‍ റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിനെ 24 മണിക്കൂര്‍ നേരത്തേക്ക് എക്‌സൈസ് കസ്റ്റഡിയില്‍ വിട്ടു. നാളെ ഉച്ചയ്ക്ക് 12വരെയാണ് കസ്റ്റഡി സമയം. ഇന്നലെ, ആന്റോ അഗസ്റ്റിന്റെ ജാമ്യാപേക്ഷ ഹൈക്കോടതിയും തള്ളിയിരുന്നു.
മില്‍മ മലബാര്‍ മേഖല യൂണിയന്‍ സര്‍ക്കാര്‍ പിരിച്ചുവിട്ടത് രാഷ്ട്രീയ പ്രേരിതമെന്ന മില്‍മ ചെയര്‍മാന്‍ കെ എസ് മണിയുടെ ആരോപണങ്ങള്‍ തള്ളി മന്ത്രി ബിന്ദു കൃഷ്ണ. ക്ഷീരവികസന വകുപ്പിന് ലഭ്യമായ പരാതികളുടെ അടിസ്ഥാനത്തില്‍ കാര്യമുണ്ടെന്ന് ബോധ്യപ്പെട്ടതിനാലാണ് നടപടിയെന്നാണ് മന്ത്രിയുടെ പ്രതികരണം.
ആന്റോ അഗസ്റ്റിന്റെ അറസ്റ്റിനെ മാധ്യമ സ്വാതന്ത്ര്യത്തിനെതിരെയുള്ള ആക്രമണമായി ചിത്രീകരിക്കേണ്ടതില്ലെന്ന് മന്ത്രി കെ. മുരളീധരന്‍. ബെവ്‌കോയേക്കാള്‍ കൂടുതല്‍ മദ്യമാണ് വിദ്വാന്റെ കൈവശം ഉണ്ടായിരുന്നത്. എന്നിട്ടാണ് വലിയ വേദവാക്യങ്ങള്‍ പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.
മാസപ്പടി കേസില്‍ ധൈര്യമുണ്ടെങ്കില്‍ എഫ്‌ഐആര്‍ ഇടാന്‍ സര്‍ക്കാരിനെ വെല്ലുവിളിക്കുന്നുവെന്ന് സിപിഎം കേന്ദ്രകമ്മിറ്റി അംഗം എകെ ബാലന്‍. എഫ്‌ഐആര്‍ ഇട്ടില്ലെങ്കില്‍ അതിനര്‍ത്ഥം പിണറായി കുറ്റക്കാരനല്ലെന്നും എഫ്‌ഐആര്‍ ഇട്ടാല്‍ കുടുങ്ങുക ചെന്നിത്തലയും കൂട്ടരുമാണെന്നും എകെ ബാലന്‍ പറഞ്ഞു.
പത്തനംതിട്ട കോന്നിയില്‍ എക്‌സ്-റേയും മരുന്നും മാറിനല്‍കിയ സംഭവത്തില്‍ വീഴ്ച വരുത്തിയവര്‍ക്കെതിരെ നടപടിയെടുക്കാന്‍ കോന്നി മെഡിക്കല്‍ കോളജ് സൂപ്രണ്ടിനു ആരോഗ്യമന്ത്രി മന്ത്രി കെ മുരളീധരന്‍ നിര്‍ദേശം നല്‍കി. 16 വയസ്സുകാരിക്ക് 88 വയസ്സുകാരിയുടെ എക്‌സറേയാണ് കഴിഞ്ഞ പതിനാലാം തീയതി മാറി നല്‍കിയത്.
സാമ്പത്തിക ക്രമക്കേട് ആരോപണത്തെ തുടര്‍ന്ന് സര്‍ക്കാര്‍ പുറത്താക്കിയ ദിനേശ് ബീഡി ചെയര്‍മാന്‍ എം കെ ദിനേശ് ബാബു ഭരണ സമിതി യോഗം വിളിച്ചു ചേര്‍ത്തത് വിവാദമായി. എന്നാല്‍ പുതിയ ചെയര്‍മാന്‍ ചുമതല ഏല്‍ക്കാത്തതിനാലാണ് മുന്‍കൂട്ടി നിശ്ചയിച്ച യോഗം നടത്തിയതെന്നാണ് ദിനേശ് ബാബുവിന്റെ വിശദീകരണം
എറണാകുളം ശിവക്ഷേത്രത്തിലെ സാമ്പത്തിക ക്രമക്കേടുകള്‍ സംബന്ധിച്ച് ക്ഷേത്ര ഉപദേശകസമിതിയുടെ പരാതി സംബന്ധിച്ച് സമഗ്രമായ അന്വേഷണത്തിന് ദേവസ്വം കമ്മീഷണര്‍ ഉത്തരവിട്ടു. 2025-26 ലെ ഉത്സവവുമായി ബന്ധപ്പെട്ട കണക്കുകള്‍ ദേവസ്വം ഓഫീസര്‍ അവതരിപ്പിക്കുകയോ അംഗീകരിച്ച് പാസ്സാക്കുകയോ ചെയ്തിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി ക്ഷേത്ര ഉപദേശക സമിതി ദേവസ്വം വകുപ്പ് മന്ത്രിക്ക് പരാതി നല്‍കിയിരുന്നു.
കായംകുളത്തെ എസ്എഫ്‌ഐ-കെഎസ്‌യു സംഘര്‍ഷത്തില്‍ 4 എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍. 50 ലേറെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു. എംഎസ്എം കോളേജിലെ തിരഞ്ഞെടുപ്പ് വിജയാഘോഷ പ്രകടനത്തിനിടയായിരുന്നു സംഘര്‍ഷമുണ്ടായത്.
വടകര പയ്യോളിയില്‍ ഓയില്‍ മില്ലിന് സമീപം കാറില്‍ സഞ്ചരിക്കുകയായിരുന്ന ദമ്പതികള്‍ക്ക് നേരെ ആക്രമണം. മൂരാട് സ്വദേശി വിഷ്ണു, ഭാര്യ അഞ്ജു എന്നിവര്‍ക്ക് നേരേയാണ് ആക്രമണമുണ്ടായത്. കാറിന് പിന്നിലെത്തിയവര്‍ നിരന്തരം ഹോണടിച്ച് ശല്യംചെയ്തത് ചോദ്യംചെയ്തതാണ് ആക്രമണത്തില്‍ കലാശിച്ചത്.
ടര്‍ഫില്‍ ഫുട്ബോള്‍ കളിക്കുന്നതിനിടെ പ്ലസ് വണ്‍ വിദ്യാര്‍ഥി കുഴഞ്ഞുവീണ് മരിച്ചു. പാലക്കാട് ശ്രീകൃഷ്ണപുരം തോട്ടര എല്‍. പി. സ്‌കൂളിനു സമീപം കോട്ടയില്‍ രാജന്‍-ദീപ മകന്‍ ദമ്പതിമാരുടെ ദില്‍രാജ് ആണ് മരിച്ചത്. 16 വയസായിരുന്നു.
പുതുശേരി പഴുന്നാന പാടത്ത് ഇതര സംസ്ഥാന തൊഴിലാളിയായ ഛത്തീസ്ഗഡ് സ്വദേശിയെ മരിച്ച നിലയില്‍ കണ്ടെത്തി. പാടത്തിന് സമീപത്ത് അതിഥി തൊഴിലാളികള്‍ കൂട്ടമായി താമസിക്കുന്ന ക്വാര്‍ട്ടേഴ്‌സുണ്ട്. കുന്നംകുളം പോലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധന ആരംഭിച്ചു.
ഐ ഐ ടി ബോംബെയില്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം. രണ്ടാം വര്‍ഷ എനര്‍ജി സയന്‍സ് വിദ്യാര്‍ത്ഥി സഹില്‍ വക്കോഡെയുടെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ടാണ് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിക്കുന്നത്. ഇന്നലെ വൈകിട്ടാണ് സഹിലിനെ ഹോസ്റ്റലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഡല്‍ഹി സര്‍വകലാശാലയ്ക്ക് കീഴിലുള്ള കോളേജുകളില്‍ നടന്ന വിദ്യാര്‍ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ അഞ്ചിലേറെ കോളേജുകളില്‍ എല്ലാ സീറ്റുകളിലും എബിവിപി സ്ഥാനാര്‍ഥികള്‍ വിജയിച്ചതായി സംഘടന അവകാശപ്പെട്ടു. രണ്ടുകോളേജുകളിലെ പ്രധാനസീറ്റുകള്‍ നേടിയതായി എസ്എഫ്‌ഐയും അവകാശപ്പെട്ടു.
പ്രമുഖ ഓണ്‍ലൈന്‍ ഷോപ്പിംഗ് പ്ലാറ്റ്ഫോമുകളുടെ പേരുകളില്‍ രജിസ്റ്റര്‍ഡ് തപാല്‍ വഴി വ്യാജ സമ്മാനക്കത്തുകള്‍ അയച്ച് പണം തട്ടിയെടുക്കുന്ന സംഘങ്ങള്‍ സജീവമാകുന്നു എന്ന് പരാതി.
സൗദി തലസ്ഥാനമായ റിയാദില്‍ ശനിയാഴ്ച പുലര്‍ച്ചെ വന്‍ സ്‌ഫോടന ശബ്ദങ്ങള്‍ കേട്ടതായി വാര്‍ത്താ ഏജന്‍സിയായ എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു. പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് റിയാദ് നിവാസികളുടെ മൊബൈല്‍ ഫോണുകളില്‍ എയര്‍ റെയ്ഡ് മുന്നറിയിപ്പ് സന്ദേശം എത്തിയത്
തൃണമൂല്‍ കോണ്‍ഗ്രസിന്റെ പാര്‍ട്ടി ചിഹ്നവും പേരും മരവിപ്പിച്ച തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിക്കെതിരെ പശ്ചിമ ബംഗാള്‍ മുന്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി സുപ്രീം കോടതിയെ സമീപിച്ചു. പാര്‍ട്ടി ഘടനയെ സമഗ്രമായി പരിശോധിക്കാതെയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനമെടുത്തതെന്ന് മമത ബാനര്‍ജി സമര്‍പ്പിച്ച ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നു.
എല്‍ഐസിക്ക് 2,684 കോടി രൂപയുടെ സാമ്പത്തിക നഷ്ടമുണ്ടാക്കിയതുമായി ബന്ധപ്പെട്ട് അനില്‍ അംബാനിക്കെതിരേ കേസെടുത്ത് സിബിഐ. റിലയന്‍സ് ക്യാപിറ്റല്‍ ചെയര്‍മാന്‍ അനില്‍ അംബാനി, എംഡി സതീശ് സേട്ട് എന്നിവര്‍ക്കെതിരെയാണ് അന്വേഷണം.
മക്ക, റിയാദ് പ്രവിശ്യാ ഗവര്‍ണര്‍മാരുടെ സേവന കാലാവധി നാല് വര്‍ഷത്തേക്ക് കൂടി നീട്ടി നല്‍കിക്കൊണ്ട് സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് ഉത്തരവിട്ടു. മന്ത്രിസഭാ പദവിയോടെയാണ് ഇരുവര്‍ക്കും കാലാവധി നീട്ടി നല്‍കിയിട്ടുള്ളത്.
പ്രമുഖ മാധ്യമ സ്ഥാപനങ്ങളായ സിഎന്‍എന്‍, എംഎസ് നൗ, പൊളിറ്റിക്കോ എന്നിവയ്ക്ക് വൈറ്റ് ഹൗസില്‍ വിലക്കേര്‍പ്പെടുത്തി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. തന്റെ ഭരണകൂടത്തെക്കുറിച്ച് വ്യാജ വാര്‍ത്തകളും കള്ളക്കഥകളും പ്രചരിപ്പിക്കുന്നു എന്ന് ആരോപിച്ചാണ് ട്രംപിന്റെ ഈ നടപടി.
ലോകത്തെ ഏറ്റവും വലിയ ദ്വീപായ ഗ്രീന്‍ലാന്‍ഡിന്റെ സുരക്ഷയിലും മറ്റും അമേരിക്കയ്ക്ക് സ്ഥിരമായ നിയന്ത്രണം നല്‍കുന്ന കരാറിലെത്തിയതായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഗ്രീന്‍ലാന്‍ഡില്‍ വലിയ സൈനിക സാന്നിധ്യം ഉറപ്പാക്കാനുള്ള നടപടികള്‍ യുഎസ് ഉടന്‍തന്നെ ആരംഭിക്കുമെന്നും ട്രംപ് വ്യക്തമാക്കി.
റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്ന രാജ്യങ്ങള്‍ക്ക് നൂറു ശതമാനം തീരുവ ഏര്‍പ്പെടുത്താന്‍ അമേരിക്കന്‍ പ്രസിഡന്റിന് അധികാരം നല്‍കുന്ന നിയമം പ്രാബല്യത്തില്‍. അമേരിക്കന്‍ ജനപ്രതിനിധി സഭ പാസാക്കിയ ബില്‍ ട്രംപ് ഒപ്പിട്ടതോടെ ആണ് പ്രാബല്യത്തില്‍ ആയത്.
ഏഷ്യന്‍ ഗെയിംസിനായി പുറപ്പെടാനിരിക്കുന്ന ഇന്ത്യന്‍ പുരുഷ ക്രിക്കറ്റ് ടീം ജഴ്സി വലിപ്പത്തില്‍ പ്രശ്നങ്ങള്‍. കൃത്യമായ വലിപ്പത്തിലുള്ള ഒഫീഷ്യല്‍ കിറ്റുകള്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് ബിസിസിഐയും ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്റെ കിറ്റ് സ്പോണ്‍സറായ ജെഎസ്ഡബ്ല്യു ഇന്‍സ്പയറും തമ്മില്‍ സംസാരിച്ചതായാണ് വിവരം
കേരളത്തില്‍ സ്വര്‍ണവില കുതിപ്പ് തുടരുന്നു. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് സംസ്ഥാനത്ത് സ്വര്‍ണവില ഉയരുന്നത്. ഇന്ന് ഗ്രാമിന് 130 രൂപയും പവന് 1,040 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 14,285 രൂപയിലും പവന്‍ വില 1,14,280 രൂപയിലുമെത്തി. ഇന്നലെ ഗ്രാമിന് 145 രൂപയും പവന് 1,160 രൂപയും വര്‍ധിച്ചിരുന്നു. ഇതോടെ കഴിഞ്ഞ രണ്ട് ദിവസം കൊണ്ട് പവന്‍ വിലയില്‍ 2,200 രൂപയുടെ വലിയ വര്‍ധനയാണ് രേഖപ്പെടുത്തിയത്. വലിയ കാരറ്റുകള്‍ക്ക് ഒപ്പം ചെറു കാരറ്റുകളുടെ വിലയിലും ഇന്നു വര്‍ധനയുണ്ടായി. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 105 രൂപ വര്‍ധിച്ച് 11,735 രൂപയായി. 14 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 80 രൂപ ഉയര്‍ന്ന് 9,140 രൂപയും 9 കാരറ്റിന് ഗ്രാമിന് 55 രൂപ ഉയര്‍ന്ന് 5,895 രൂപയുമാണ് ഇന്നത്തെ നിരക്ക്. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.
സൈബര്‍ സുരക്ഷാ പരിശോധനക്കിടെ ടെസ്റ്റിങ് പരിധികള്‍ ലംഘിച്ച് ഗൂഗ്ളിന്റെ ജെമിനി എ.ഐ മാതൃക മൂന്ന് കമ്പനികളുടെ സിസ്റ്റങ്ങള്‍ ഹാക്ക് ചെയ്തതായി റിപ്പോര്‍ട്ട്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മോഡലുകളുടെ സുരക്ഷാ ശേഷി പരിശോധിക്കുന്നതിനിടെയാണ് സംഭവം. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മോഡലുകള്‍ ടെസ്റ്റിങ് വലയത്തില്‍ നിന്ന് പുറത്തുകടന്ന് മറ്റ് കമ്പനികളെ ഹാക്ക് ചെയ്ത സംഭവങ്ങളുടെ തുടര്‍ച്ചയായാണ് ഈ വെളിപ്പെടുത്തല്‍. മെറ്റ, ആന്ത്രോപിക്, ഓപ്പണ്‍ എ.ഐ എന്നീ കമ്പനികള്‍ക്ക് പിന്നാലെയാണ് ജെമിനിയുടെ ഭാഗത്തുനിന്നും ഇത്തരത്തിലുള്ള ആദ്യ സുരക്ഷാ ലംഘനം ഉണ്ടാകുന്നത്. കഴിഞ്ഞ മെയ് മാസത്തില്‍ ‘ഇറെഗുലര്‍’ എന്ന സുരക്ഷാ കമ്പനി നടത്തിയ പരിശോധനക്കിടയിലാണ് ഈ സംഭവം നടന്നതെന്ന് ‘വാള്‍സ്ട്രീറ്റ് ജേണല്‍’ റിപ്പോര്‍ട്ട് ചെയ്തു. മൂന്ന് തവണ സമാനമായ സംഭവങ്ങള്‍ ആവര്‍ത്തിച്ചെങ്കിലും, ഓരോ തവണയും ആക്ട് പൂര്‍ത്തിയാക്കുന്നതിന് മുന്‍പ് തന്നെ ജെമിനി സ്വയം പ്രവര്‍ത്തനം നിര്‍ത്തുകയായിരുന്നു.
വിജയ്യുടെ മകന്‍ ജേസണ്‍ സഞ്ജയ് ആദ്യമായി സംവിധാനം ചെയ്യുന്ന ‘സിഗ്മ’ എന്ന സിനിമയുടെ ട്രെയ്‌ലര്‍ പുറത്ത്. സന്ദീഷ് കിഷന്‍ നായകനായി എത്തുന്ന ചിത്രത്തില്‍ നിരവധി താരങ്ങള്‍ അണിനിരക്കുന്നു. മൈന്‍ഡ് ഗെയിം ത്രില്ലര്‍ ഗണത്തില്‍പെടുന്ന ചിത്രമാണിതെന്നാണ് ട്രെയ്‌ലര്‍ നല്‍കുന്ന സൂചന. ഫാരിയ അബ്ദുള്ള ആണ് നായിക. സമ്പത്ത് രാജും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഒരു മോഷണത്തെ ചുറ്റിപ്പറ്റിയാണ് സിനിമ ഒരുക്കിയിരിക്കുന്നത് എന്നാണ് ട്രെയ്ലറില്‍ നിന്ന് മനസിലാകുന്നത്. ലൈക്ക പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എ സുബാസ്‌കരന്‍ നിര്‍മിക്കുന്ന ചിത്രം വലിയ ബഡ്ജറ്റിലാണ് ഒരുക്കിയിരിക്കുന്നത്. കൃഷ്ണന്‍ വസന്ത് ആണ് ഛായാഗ്രഹണം. സംഗീതം തമന്‍ എസ്, എഡിറ്റര്‍ പ്രവീണ്‍ കെ എല്‍. ഒക്ടോബര്‍ രണ്ടിന് ചിത്രം തിയറ്ററുകളിലെത്തും.
സുധി മാഡിസണ്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘ധൂമകേതു’വിന്റെ രസകരമായ ട്രെയിലര്‍ പുറത്ത്. സജിന്‍ ഗോപുവും നിഖില വിമലും ശ്രദ്ധേയ വേഷങ്ങളില്‍ എത്തുന്ന ചിത്രം സെപ്റ്റംബര്‍ 25-ന് തിയേറ്ററുകളിലെത്തും. വേറിട്ട ടൈം ട്രാവല്‍ ചിത്രമാണെന്ന സൂചന നല്‍കിയിരിക്കുന്നതാണ് ട്രെയിലര്‍. ‘ധൂമകേതു’ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഏവരും ഏറ്റെടുത്തിരുന്നു. സജിന്‍ ഗോപു, നിഖില വിമല്‍, ഷൈന്‍ ടോം ചാക്കോ, ഗണപതി, സിദ്ധാര്‍ഥ് ഭരതന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. സമീര്‍ താഹിര്‍, ഷൈജു ഖാലിദ്, സജിന്‍ അലി, അബ്ബാസ് തിരുനാവായ എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് സോണിയും മനുവും ചേര്‍ന്നാണ്.
പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മഹീന്ദ്ര അവരുടെ എക്‌സ് യുവി 3എക്‌സ്ഒ റേവ്എക്‌സ് ശ്രേണി വിപുലീകരിച്ച് പുതിയ മോഡല്‍ വിപണിയില്‍ അവതരിപ്പിച്ചു. റേവ്എക്‌സ് എഡ്ജ് എന്ന പേരിലുള്ള പുതിയ മോഡലിന് 9.39 ലക്ഷം രൂപ മുതലാണ് വില ആരംഭിക്കുന്നത്. ഇതിനോടൊപ്പം റേവ്എക്‌സ് എഡ്ജ് (ഒ) വേരിയന്റും റേവ്എക്‌സ് എം(ഒ) യുടെ പെട്രോള്‍ ഓട്ടോമാറ്റിക് വേരിയന്റും അവതരിപ്പിച്ചിട്ടുണ്ട്. റേവ്എക്‌സ് എഡ്ജ് മാനുവല്‍, ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുകളുള്ള 1.2 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനിലും 1.5 ലിറ്റര്‍ ടര്‍ബോ ഡീസല്‍ എന്‍ജിന്‍ മാനുവല്‍, എഎംടി ഓപ്ഷനുകളിലും ലഭ്യമാണ്. ഡ്യുവല്‍ ടോണ്‍ റൂഫ്, ബോഡി കളറിലുള്ള ഗ്രില്‍, ബ്ലാക്ക് വീല്‍ കവറുകള്‍, എല്‍ഇഡി സിഗ്നേച്ചര്‍ ലാമ്പുകള്‍, എല്‍ഇഡി ടെയില്‍ ലാമ്പുകള്‍ എന്നിവയാണ് ഇതിന്റെ പ്രത്യേകതകള്‍. എവറസ്റ്റ് വൈറ്റ്, സ്റ്റെല്‍ത്ത് ബ്ലാക്ക്, ടാംഗോ റെഡ്, നെബുല ബ്ലൂ, ഗാലക്‌സി ഗ്രേ എന്നി നിറങ്ങളിലാണ് ഈ പുതിയ വേരിയന്റ് വിപണിയില്‍ എത്തുക.
ചെറുകഥ ചെറിയ കഥയല്ലാതായിത്തീര്‍ന്നിട്ട് കാലം കുറേയായി. എന്നാല്‍ മോടിയുള്ള മദ്യക്കുപ്പിയിലെ കഥകളെല്ലാം സാക്ഷാല്‍ ചെറുകഥകളാണ്. നിസ്സാരമെന്ന് തോന്നിക്കുന്ന പല സംഭവങ്ങളും പൊലിപ്പിച്ചെടുത്ത് അനുഭവവേദ്യമാക്കാന്‍ കഥാകൃത്തിന് അനായാസം കഴിയുന്നുണ്ട്. വൈജ്ഞാനികസാഹിത്യത്തിന്റെ വെള്ളിമീന്‍ ചാട്ടങ്ങള്‍ അജിത്തിന്റെ കഥാലോകത്ത് വിചിത്രമായൊരു പ്രകാശം പരത്തുന്നുണ്ട്. ശാസ്ത്രജ്ഞാനത്തിന്റെ വിവിധതലങ്ങളെ സ്പര്‍ശിക്കാതെ വായനക്കാരന് ഒരടി മുന്നോട്ടു വെക്കാനാവാത്ത ഒരു സ്ഥിതിവിശേഷം സംജാതമാവുന്നുണ്ട്. ‘മോടിയുള്ള മദ്യക്കുപ്പി’. വി.എസ് അജിത്ത്. ചിന്ത പബ്ളിക്കേഷന്‍സ്. വില 266 രൂപ.
പ്രാതല്‍ ഒഴിവാക്കുന്നത് ഹൃദയാഘാതസാധ്യത കൂട്ടുമെന്ന് പുതിയ പഠനം വ്യക്തമാക്കുന്നു. ഹാര്‍വാര്‍ഡ് സ്‌കൂള്‍ പബ്ലിക് ഹെല്‍ത്തില്‍ നിന്നുള്ള ഗവേഷകരാണ് പഠനത്തിനു പിന്നില്‍. സര്‍ക്കുലേഷന്‍ ജേര്‍ണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. പ്രായമായ പുരുഷന്മാരിലാണ് പ്രാതലും ഹൃദയാഘാതവും തമ്മിലുള്ള ബന്ധം വ്യക്തമാക്കാനുള്ള പഠനം നടത്തിയത്. പതിവായി പ്രഭാതഭക്ഷണം ഒഴിവാക്കുന്നവര്‍ക്ക് പ്രഭാതഭക്ഷണം കഴിക്കുന്നവരേക്കാള്‍ 27 ശതമാനം ഹൃദയാഘാത സാധ്യത കൂടുതലാണെന്ന് പഠനം കണ്ടെത്തി. പ്രഭാതഭക്ഷണം കഴിക്കാത്തവര്‍ക്ക് ദിവസത്തിന്റെ പിന്നീടുള്ള സമയത്ത് കൂടുതല്‍ വിശപ്പ് അനുഭവപ്പെടാനും വലിയ തോതില്‍ ഭക്ഷണം കഴിക്കാനും സാധ്യതയുണ്ട്. അതുവഴി ശരീരത്തിലേക്ക് കുറഞ്ഞ സമയത്തിനുള്ളില്‍ കൂടുതല്‍ കലോറിയെത്തും. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ധിപ്പിക്കുകയും ധമനികള്‍ അടഞ്ഞുപോകുന്നതിലേക്ക് നയിക്കുകയും ചെയ്തേക്കാം. ഇത് പതിവായി തുടരുന്നത് ടൈപ്പ് 2 പ്രമേഹം പിടിപെടാന്‍ ഇടയാക്കിയേക്കും. പ്രഭാതഭക്ഷണം മുടങ്ങുമ്പോള്‍ മസ്തിഷ്‌കത്തിന് കൃത്യമായ സമയത്ത് ഊര്‍ജം ലഭിക്കാതെ വരികയും കോശങ്ങളുടെ പ്രവര്‍ത്തനം തടസ്സപ്പെടുകയും ചെയ്യും. ഇത് ഡിമെന്‍ഷ്യക്ക കാരണമാകും, രക്തസമ്മര്‍ദം വര്‍ധിപ്പിക്കും. പിന്നീടിത് കടുപ്പമേറിയ മൈഗ്രേന് കാരണമാകുകയും ചെയ്യും. പതിവായി പ്രഭാതഭക്ഷണം മുടക്കുന്നവരില്‍ രോഗപ്രതിരോധസംവിധാനം ശരിയായി പ്രവര്‍ത്തിക്കാതെ വരികയും പെട്ടെന്ന് രോഗങ്ങള്‍ പിടിപെടാനുള്ള സാധ്യത കൂടുതലാണെന്നും ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.
ഇന്നത്തെ വിനിമയ നിരക്ക്
ഡോളര്‍ – 95.94, പൗണ്ട് – 128.57, യൂറോ – 110.46, സ്വിസ് ഫ്രാങ്ക് – 116.90, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 68.61, ബഹറിന്‍ ദിനാര്‍ – 254.59, കുവൈത്ത് ദിനാര്‍ -310.77, ഒമാനി റിയാല്‍ – 249.63, സൗദി റിയാല്‍ – 25.85, യു.എ.ഇ ദിര്‍ഹം – 26.14, ഖത്തര്‍ റിയാല്‍ – 26.25, കനേഡിയന്‍ ഡോളര്‍ – 68.71.
