അഞ്ച് വര്‍ഷത്തിനുശേഷം റീപോ നിരക്ക് കാല് ശതമാനം (25 ബേസിസ് പോയിന്റ്) കുറച്ച് റിസര്‍വ് ബാങ്ക്. ബാങ്കുകള്‍ അടിയന്തര സാഹചര്യത്തില്‍ റിസര്‍വ് ബാങ്കില്‍ നിന്ന് എടുക്കുന്ന ഏകദിന വായ്പയുടെ പലിശയാണ് റീപോ നിരക്ക്. ബാങ്ക് റേറ്റ്, മാര്‍ജിനല്‍ സ്റ്റാന്‍ഡിംഗ് ഫസിലിറ്റി തുടങ്ങിയ അനുബന്ധ നിരക്കുകളും കാല്‍ശതമാനം കുറച്ചു. റിസര്‍വ് ബാങ്ക് പണനയ സമീപനം ന്യൂട്രല്‍ ആയി തുടരും. ആവശ്യമായ സമയത്ത് ഇടപെടാന്‍ ഇതു സഹായിക്കും. റിസര്‍വ് ബാങ്ക് പണനയ കമ്മിറ്റി ഏകകണ്ഠമായിട്ടാണു തീരുമാനം എടുത്തത്. വിലക്കയറ്റം ഗണ്യമായി താഴ്ന്നെന്ന് കമ്മിറ്റി വിലയിരുത്തി. അടുത്ത വര്‍ഷത്തെ വളര്‍ച്ച പ്രതീക്ഷ 6.7 ശതമാനമായി കുറച്ചത് ഓഹരി സൂചികകളെയും രൂപയെയും താഴ്ത്തി. 2025-26 വര്‍ഷം ജിഡിപി വളര്‍ച്ച 6.7 ശതമാനമാകും എന്നു ബാങ്ക് കണക്കാക്കുന്നു. നേരത്തേ എഴു ശതമാനം പ്രതീക്ഷിച്ചിരുന്നതാണ്. ഈ വര്‍ഷത്തെ വളര്‍ച്ച നിഗമനം 6.6 ശതമാനം നിലനിര്‍ത്തി. നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് 6.4 ശതമാനമാണ് പറയുന്നത്. ജൂലൈ – സെപ്റ്റംബര്‍ വളര്‍ച്ച പ്രതീക്ഷ 7.3 ല്‍ നിന്ന് എഴു ശതമാനമായി കുറച്ചു. ഈ ത്രൈമാസത്തിലെ വിലക്കയറ്റ നിഗമനം 4.5-ല്‍ നിന്നു 4.4 ശതമാനമായി കുറച്ചു. വാര്‍ഷിക വിലക്കയറ്റം 4.8 ശതമാനം ആയിരിക്കും. അടുത്ത ധനകാര്യ വര്‍ഷം അവസാനത്തോടെ വിലക്കയറ്റം 4.2 ശതമാനമായി കുറയുമെന്നു കേന്ദ്ര ബാങ്ക് കണക്കാക്കി.
റീപോ നിരക്ക് കാല് ശതമാനം കുറച്ച് റിസര്‍വ് ബാങ്ക്
