കണ്ണൂർ തലശ്ശേരിയിൽ സിപിഎം പ്രവർത്തകർക്കെതിരെ കേസെടുത്ത എസ്ഐമാരെ സ്ഥലം മാറ്റിയതിൽ പൊലീസിൽ പ്രതിഷേധം പരസ്യമായി. കഴിഞ്ഞ മാസം മണോളിക്കാവിലെ ഉത്സവത്തിനിടെ പൊലീസിനെ ആക്രമിച്ചതിനായിരുന്നു സിപിഎം പ്രവർത്തകർക്കെതിരെ കേസ്. എന്നാൽ സിപിഎം പ്രവർത്തകർക്കെതിരെ കേസെടുത്തതിന്റെ പേരിൽ തലശ്ശേരി സ്റ്റേഷനിലെ രണ്ട് എസ്ഐമാരായ ടി.കെ.അഖിലിനും വി.വി.ദീപ്തിക്കും സ്ഥലം മാറ്റം കിട്ടി.ഇതേ തുടർന്ന് ബുധനാഴ്ച ഇരുവർക്കും നൽകിയ യാത്രയയപ്പിൽ സേനയിലെ അമർഷം പരസ്യമായി. ഉപഹാരമായി നൽകിയ ഫലകത്തിലെ വരികളിൽ ചെറുത്തുനിൽപ്പിന്റെ പോരാട്ടത്തിൽ കരുത്തുകാട്ടിയവർക്ക് സഹപ്രവർത്തകരുടെ സ്നേഹാഭിവാദ്യമെന്ന് എഴുതിയായിരുന്നു പ്രതിഷേധം. മണോളിക്കാവിൽ ഫെബ്രുവരി 19,20 തീയതികളിലുണ്ടായ സംഘർഷത്തിലാണ് എൺപതോളം സിപിഎം പ്രവർത്തകർക്കെതിരെ കേസെടുത്തിരുന്നത്. കേരളം ഭരിക്കുന്നത് തങ്ങളാണെന്നും കളിച്ചാൽ തലശ്ശേരിയിലുണ്ടാകില്ലെന്നും ഭീഷണിപ്പെടുത്തിയെനന്നായിരുന്നു എഫ്ഐആർ. സംഭവത്തിന് ഒരു മാസം തികയും മുമ്പേ എസ്ഐ അഖിലിനെ കൊളവല്ലൂരിലേക്കും ദീപ്തിയെ കണ്ണൂർ ടൗണിലേക്കും മാറ്റുകയും ചെയ്തു.
സിപിഎം പ്രവർത്തകർക്കെതിരെ കേസെടുത്ത എസ്ഐമാരെ സ്ഥലം മാറ്റിയതിൽ പൊലീസിൽ പ്രതിഷേധം
