കത്തോലിക്കാ സഭാ മെത്രാൻമാരുടെ സിനഡിൽ പ്രതിനിധികളായി പങ്കെടുക്കുന്ന സ്ത്രീകൾക്ക് വോട്ടവകാശം നൽകാൻ ഫ്രാൻസിസ് മാർപ്പാപ്പ അനുമതി നൽകി. സഭാകാര്യങ്ങളിൽ സ്ത്രീകൾ ഉൾപ്പെടെയുള്ള അത്മായർക്കു കൂടുതൽ പങ്കാളിത്തം നൽകുന്നതിന്റെ ഭാഗമായുള്ള ചരിത്ര തീരുമാനമാണിത്. ഒക്ടോബറിലാണ് അടുത്ത സിനഡ്. സഭയെ സംബന്ധിച്ച സുപ്രധാന കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി മാർപ്പാപ്പ വിളിച്ചു കൂട്ടുന്ന മെത്രാൻ സിനഡിൽ ലോകമെങ്ങും നിന്നുള്ള മെത്രാൻമാർക്കു പുറമെ സന്യാസസഭ പ്രതിനിധികളായി 5 വൈദികരും 5 കന്യാസ്ത്രീകളും പങ്കെടുക്കാറുണ്ട്. ചർച്ചകൾക്കുശേഷം നിർദേശങ്ങൾ വോട്ടിനിട്ട് തീരുമാനത്തിലെത്തി പാപ്പയ്ക്കു സമർപ്പിക്കും. ഈ വോട്ടവകാശമാണ് ഇനിമുതൽ കന്യാസ്ത്രീകൾക്കും ലഭിക്കുന്നത് .
സഭാ സിനഡിൽ സ്ത്രീകൾക്കും വോട്ടവകാശം നൽകി ഫ്രാൻസിസ് മാർപാപ്പ
