വൈ എസ് ആർ തെലങ്കാന പാർട്ടി നേതാവ് വൈ എസ് ശർമ്മിളയെ പൊലീസ് അറസ്റ്റ് ചെയ്തു.ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈഎസ് ജഗൻമോഹൻ റെഡ്ഢിയുടെ സഹോദരിയാണ് വൈ എസ് ശർമ്മിള. കലേശ്വരം ഇറിഗേഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് ദില്ലിയിലെ ജന്ദർ മന്ദറിൽ സമരം ചെയ്യുമെന്ന് ശർമ്മിള അറിയിച്ചിരുന്നു. ഇന്ന് രാവിലെ പ്രതിഷേധിച്ചതോടെ ഇവരെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. കലേശ്വരം ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയിൽ ക്രമക്കേടാരോപിച്ചായിരുന്നു പ്രതിഷേധം സംഘടിപ്പിച്ചത്.ഭൂപാൽപള്ളി ജില്ലയിലെ ഗോദാവരി നദിയിലെ വിവിധോദ്ദേശ്യ ജലസേചന പദ്ധതിയാണിത്. വളരെ സമാധാനപരമായിട്ടായിരിക്കും സമരമെന്ന് ശർമ്മിള അറിയിച്ചിരുന്നു. ജന്ദർമന്ദറിൽ നിന്നും പാർലമെന്റിലേക്ക് പ്രതിഷേധവുമായി നടക്കും. രാജ്യം മുഴുവൻ അഴിമതിയെക്കുറിച്ച് അറിയട്ടെ എന്നും രണ്ടു വർഷമായി ഞങ്ങൾ നടത്തുന്ന പോരാട്ടം ജനങ്ങൾ തിരിച്ചറിയട്ടെയെന്നും അവർ പറഞ്ഞു. തെലങ്കാന സർക്കാരിനെതിരെ പ്രതിപക്ഷം വളരെ ശക്തമായ പ്രതിഷേധങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്.