നെഞ്ച് വേദന, ശ്വാസം മുട്ടല്‍ എന്നിങ്ങനെ പല ലക്ഷണങ്ങളും ഹൃദയാഘാതത്തിന് തൊട്ട് മുന്‍പ് പലരിലും വരാറുണ്ട്. എന്നാല്‍ ഇതിനൊക്കെ മുന്‍പ് ചിലപ്പോള്‍ വര്‍ഷങ്ങള്‍ നേരത്തെ നിങ്ങളുടെ ഹൃദയാഘാത സാധ്യത കണ്ടെത്താന്‍ ലളിതമായ ഒരു രക്തപരിശോധനയിലൂടെ സാധിക്കും. രക്തത്തിലെ സി- റിയാക്ടീവ് പ്രോട്ടീനുകളുടെ സാന്നിധ്യം അളക്കുന്ന സിആര്‍പി പരിശോധനയാണ് ഇക്കാര്യത്തില്‍ അനുഗ്രഹമാകുന്നത്. ശരീരത്തിലെ നീര്‍ക്കെട്ടിന്റെ തോത് അളക്കാന്‍ സഹായിക്കുന്ന പ്രധാനപ്പെട്ട അടയാളങ്ങളാണ് സി-റിയാക്ടീവ് പ്രോട്ടീനുകള്‍. പനി, ചുമ, ജലദോഷം, ന്യുമോണിയ, വൈറല്‍ അണുബാധകള്‍ എന്നിവ വരുമ്പോഴോ രോഗി വെന്റിലേറ്ററിലാകുമ്പോഴോ ഒക്കെ സിആര്‍പി നിരക്കുകള്‍ ഉയരാറുണ്ട്. ലീറ്ററിന് ഒരു മില്ലിഗ്രാമൊക്കെയാണ് സാധാരണ തോതിലുള്ള സിആര്‍പി. നീര്‍ക്കെട്ടിന്റെയും അണുബാധയുടെയും സമയത്ത് ഇത് 100 വരെയോ അതിനും മുകളിലേക്കോ ഒക്കെ ഉയരാം. സിആര്‍പിയുടെ തന്നെ കുറച്ച് കൂടി സംവേദക്ഷമതയുള്ള പരിശോധനയാണ് എച്ച്എസ്-സിആര്‍പി. രക്തക്കുഴലുകളിലെ ചെറിയ തോതിലുള്ള നീര്‍ക്കെട്ട് വരെ ഇത് മൂലം കണ്ടെത്താം. ഹൃദയാരോഗ്യം കണക്കാക്കുന്നതില്‍ ഈ പരിശോധന വളരെ നിര്‍ണ്ണായകമാണ്. ഒന്നിന് താഴെയാണ് സിആര്‍പിയുടെ സാധാരണ തോത്. ഒന്ന് മുതല്‍ മൂന്ന് മില്ലിഗ്രാം പെര് ലീറ്റര്‍ വരെയൊക്കെയുള്ള എച്ച്എസ്-സിആര്‍പി മിതമായ തോതിലുള്ള നീര്‍ക്കെട്ടിനെയും ഹൃദ്രോഗസാധ്യതയെയും അടയാളപ്പെടുത്തുന്നു. ഇത് മൂന്നിന് മുകളിലാണെങ്കില്‍ ഹൃദയത്തിലെ രക്തധമനികളില്‍ നീര്‍ക്കെട്ടും ഹൃദയാഘാതം പോലുള്ള സങ്കീര്‍ണ്ണതകളും ഉണ്ടാകാനുള്ള സാധ്യത വളരെയധികമാണെന്ന് മനസ്സിലാക്കാം. ധമനികളില്‍ ചെറിയ അള്‍സറിന്റെയും സൂചനയായി ഇതിനെ കണക്കാക്കാം. അതേ സമയം ശരീരത്തില്‍ അണുബാധ വരുമ്പോഴും എച്ച്എസ്-സിആര്‍പി ഉയരുമെന്നതിനാല്‍ മറ്റ് പരിശോധനകള്‍ കൂടി നടത്തി മാത്രമേ ഹൃദ്രോഗം സ്ഥിരീകരിക്കാന്‍ സാധിക്കൂ.
