പാക് നടന് ഫവാദ് ഖാന് അഭിനയിച്ച ബോളിവുഡ് ചിത്രം ‘അബിര്‍ ഗുലാല്‍’ ഇന്ത്യയില്‍ റിലീസ് ചെയ്യില്ലെന്ന് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയവുമായി അടുത്ത വൃത്തങ്ങള്‍. പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷമാണ് തീരുമാനം. മെയ് 9ന് ആയിരുന്നു സിനിമ റിലീസ് ചെയ്യാനിരുന്നത്. ഇതിനെതിരെ കടുത്ത വിമര്‍ശനങ്ങളാണ് കഴിഞ്ഞ ദിവസം മുതല്‍ സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നത്. ഒമ്പത് വര്‍ഷത്തിന് ശേഷം ഫവാദ് ഖാന് ബോളിവുഡിലേക്ക് തിരിച്ചെത്തുന്ന സിനിമയായിരുന്നു അബിര്‍ ഗുലാല്‍. ഖൂബ്സുരത് (2014), കപൂര്‍ & സണ്‍സ് (2016), ഏ ദില്‍ ഹേ മുഷ്കില്‍ (2016) എന്നീ മൂന്ന് സിനിമകളിലാണ് ഫവാദ് ഖാന് അഭിനയിച്ചിട്ടുള്ളത്. ആര്‍തി എസ് ബാഗ്ദിയുടെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രത്തില്‍ വാണി കപൂര്‍ ആണ് നായിക. ചിത്രത്തിലെ രണ്ട് പാട്ടുകള്‍ നേരത്തെ പുറത്തിറങ്ങിയിരുന്നു. ഭീകരാക്രണത്തിന് പിന്നാലെ യൂട്യൂബ് ഇന്ത്യയില്‍ നിന്ന് ഇരുപാട്ടുകളും അപ്രത്യക്ഷമായി.
പാക് നടന്റെ ചിത്രം ‘അബിര്‍ ഗുലാല്‍’ റിലീസ് ചെയ്യില്ല
