പുകവലി ആരോഗ്യത്തിന് എത്ര ഹാനികരമാണെന്ന് ഒരിക്കല്‍ കൂടി ഓര്‍മിപ്പിക്കുന്നതാണ് അടുത്തിടെ ലണ്ടന്‍ യൂണിവേഴ്സിറ്റി കോളജിലെ ഗവേഷകര്‍ നടത്തിയ പുതിയ പഠനം. ഒരു സിഗരറ്റ് ഒരു വ്യക്തിയുടെ ആയുസിന്റെ ഏകദേശം 20 മിനിറ്റ് വെട്ടിച്ചുരുക്കുമെന്നാണ് പഠനം വ്യക്തമാക്കുന്നത്. അതായത് ഒരു ദിവസം 20 സിഗരറ്റ് വലിക്കുന്നത് ഒരാളുടെ ആയുസ്സിന്റെ ഏഴ് മണിക്കൂര്‍ കുറയ്ക്കും. ഒരു ദിവസം 10 സിഗരറ്റ് വലിക്കുന്ന ഒരാള്‍ 2025 ജനുവരി ഒന്നിന് പുകവലി ഉപേക്ഷിക്കുകയാണെങ്കില്‍ ജനുവരി എട്ടോടെ ഒരു ദിവസത്തെ ആയുസും, ഫെബ്രുവരി 20-ഓടെ ഒരു ആഴ്ചയും, ഓഗസ്റ്റ് അഞ്ചോടെ ഒരു മാസവും നഷ്ടപ്പെടുന്നത് തടയാന്‍ കഴിയും. വര്‍ഷാവസാനത്തോടെ, അവര്‍ക്ക് 50 ദിവസത്തെ ആയുസ് നഷ്ടപ്പെടുന്നത് ഒഴിവാക്കാമായിരുന്നും ഗവേഷകര്‍ പറയുന്നു. പുകവലി പ്രാഥമികമായി ഒരാളുടെ ആരോഗ്യകരമായ മധ്യവര്‍ഷങ്ങളെയാണ് ബാധിക്കുക. ഏത് പ്രായത്തിലും പുകവലി ഉപേക്ഷിക്കുന്നത് ദീര്‍ഘകാല ആരോഗ്യ ഗുണങ്ങള്‍ നല്‍കുമെന്ന് പഠനം വ്യക്തമാക്കുന്നു. 1996 മുതല്‍ സ്ത്രീകളുടെ ആരോഗ്യം നിരീക്ഷിച്ചുവരുന്ന മില്യണ്‍ വിമന്‍ എന്ന പഠനത്തില്‍ നിന്നുമുള്ള ഏറ്റവും പുതിയ ഡാറ്റ ഉപയോഗിച്ചാണ് ഈ പഠനം നടത്തിയിരിക്കുന്നത്. 2000-ല്‍ ബിഎംജെയില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ ഒരു സിഗരറ്റ് വലിക്കുന്നത് ശരാശരി 11 മിനിറ്റ് ആയുര്‍ദൈര്‍ഘ്യം കുറയ്ക്കുമെന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍ ജേണല്‍ ഓഫ് അഡിക്ഷനില്‍ പ്രസിദ്ധീകരിച്ച പഠനം ഈ കണക്ക് ഇരട്ടിയാക്കുന്നതാണ്. അതായത് ഒരു സിഗരറ്റ് പുരുഷന്മാര്ക്ക് 17 മിനിറ്റ് വീതവും സ്ത്രീകള്‍ക്ക് 22 മിനിറ്റ് വീതവും നഷ്ടമാകുമെന്നാണ് പഠനത്തില്‍ പറയുന്നത്.
ഒരു സിഗരറ്റ് ആയുസിന്റെ 20 മിനിറ്റ് വെട്ടിച്ചുരുക്കും!
