തന്‍റെ ജീവന് ഭീഷണിയുണ്ടെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. വി.ഡി. സവര്‍ക്കര്‍ക്കെതിരെയുള്ള പരാമര്‍ശത്തില്‍ മാനനഷ്ടക്കേസ് പരിഗണിക്കവെയാണ് രാഹുല്‍ പുനെ കോടതിയില്‍ ഇക്കാര്യം പറഞ്ഞത്. തന്റെ സമീപകാല രാഷ്ട്രീയ പോരാട്ടങ്ങളും തനിക്കെതിരായ മാനനഷ്ടക്കേസിൽ പരാതിക്കാരനായ സത്യകി സവർക്കറുടെ വംശപരമ്പരയും ചൂണ്ടിക്കാട്ടിയാണ് രാഹുല്‍ ജീവന് ഭീഷണിയുണ്ടെന്ന് കോടതിയിൽ പറഞ്ഞത്. രാഹുല്‍ ഗാന്ധി സര്‍ക്കാറിന്‍റെ സംരക്ഷണം തേടിയതായും ബാർ ആൻഡ് ബെഞ്ച് റിപ്പോർട്ട് ചെയ്തു.
രാഹുൽ ഗാന്ധിയുടെ വാർത്താ സമ്മേളനത്തെ കുറിച്ച് അറിയില്ലെന്ന് സുപ്രീംകോടതി. ബീഹാറിലെ എസ്ഐആർ നിർത്തിവെയ്ക്കണമെന്ന ഹർജികളിലെ വാദത്തിനിടെയാണ് ജസ്റ്റിസ് സൂര്യകാന്ത് ഇക്കാര്യം പറഞ്ഞത്. രാഹുൽ ഗാന്ധിയുടെ വാർത്തസമ്മേളനം കഴിഞ്ഞതോടെ വെബ്സെറ്റിലുള്ള എസ്ഐആർ കരട് പട്ടികയിലെ സെർച്ച് ഓപ്ഷൻ തെരഞ്ഞെടുപ്പ് കമ്മീഷൻ ഒഴിവാക്കിയെന്ന് ഹർജിക്കാർക്ക് വേണ്ടി അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ വാദിച്ചു.
2023–24ൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനായി കേരളത്തിൽ വോട്ടർ പട്ടിക പുതുക്കുന്നതിന്റെ ചുമതല വഹിച്ച സ്വകാര്യ സോഫ്റ്റ്‌വെയർ കമ്പനിയെ സ്വാധീനിച്ചാണ് ബിജെപി കേന്ദ്രനേതൃത്വം തൃശൂർ ലോക്സഭാമണ്ഡലത്തിലെ വോട്ടർ പട്ടികയിൽ അവസാന നിമിഷം 30,000 ത്തിലേറെ വ്യാജ വോട്ടുകൾ തിരുകികയറ്റിയെതെന്ന് കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം ടി എൻ പ്രതാപൻ. ഇതേക്കുറിച്ച് സ്വതന്ത്രമായ അന്വേഷണം വേണം. ഈ കേസുകൾ രജിസ്റ്റർ ചെയ്ത് ജുഡീഷ്യൽ മേൽനോട്ടത്തിൽ അന്വേഷണം വേണമെന്നും ടി എൻ പ്രതാപൻ ആവശ്യപ്പെട്ടു.
സംസ്ഥാനത്തെ ഒരു സ്കൂളും മാനേജ്‌മെന്‍റ് തർക്കങ്ങളുടെ പേരിൽ അടച്ചിടാൻ അനുവദിക്കില്ലെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. വിദ്യാർത്ഥികളുടെ അധ്യയനം മുടക്കുന്ന ഒരു നടപടിയും അംഗീകരിക്കില്ല. ഇത്തരം സാഹചര്യങ്ങളിൽ കർശനമായ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ഐഎച്ച്ആർഡി ജീവനക്കാരുടെ വിരമിക്കൽ പ്രായം ഉയർത്തി. 60 വയസ്സായി ഉയർത്തിക്കൊണ്ടാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ജീവനക്കാരുടെ നിലവിലെ വിരമിക്കൽ പ്രായം 58 ആണ്. ഐഎച്ച്ആർഡി ജീവനക്കാർക്ക് പെൻഷൻ ഇല്ലായെന്നും വിരമിക്കൽ പ്രായം 58 വയസ്സിൽ നിന്നും 60 വയസ്സ് ആക്കണമെന്നും ഐഎച്ച്ആർഡി ഡയറക്ടർ ശുപാർശ സമർപ്പിച്ചിരുന്നു. ഇതിന്മേലാണ് നടപടി.
മലപ്പുറം കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ ഓഫീസിൽ വിജിലൻസ് പരിശോധന. ഉദ്യോഗസ്ഥരെ സ്വാധീനിച്ച് പിവി അൻവർ 12 കോടി വായ്പയെടുത്തു തട്ടിപ്പ് നടത്തിയെന്ന പരാതിയിലാണ് റൈഡ്. 2015 ൽ 12 കോടി എടുത്ത വായ്പ 22 കോടിയായി എന്നാണ് പരാതി. കെഎഫ്സിക്ക് ഭീമമായ നഷ്ടം വരുത്തി എന്നാണ് കണ്ടെത്തൽ. തിരുവനന്തപുരത്തു നിന്നുള്ള വിജിലൻസ് പ്രത്യേക സംഘമാണ് പരിശോധന നടത്തിയത്.
കാരുണ്യ സ്പര്‍ശം സീറോ പ്രോഫിറ്റ് കൗണ്ടറുകള്‍ വഴി അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ കഴിഞ്ഞവര്‍ക്കുള്ള മരുന്നുകളും വിലകുറച്ച് നല്‍കുന്നതിന് നടപടി സ്വീകരിച്ചു വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.മരണാനന്തര അവയവദാനം ചെയ്യുന്ന കുടുംബങ്ങളെ ആദരിക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ വൈകാതെ ഉത്തരവ് പുറത്തിറക്കും എന്നും മന്ത്രി പറഞ്ഞു.
വന്ദേഭാരത് ട്രെയിനിനു നേരെ കല്ലേറ്. മലപ്പുറം- താനൂരിനും തിരൂരിനുമിടയിൽ വച്ചാണ് കല്ലേറുണ്ടായത്. കല്ലേറിൽ സി 7 കോച്ചിലെ ചില്ല് തകർന്നുവീണു. കാസർകോടു നിന്നും തിരുവനന്തപുരത്തേക്ക് വരികയായിരുന്ന ട്രെയിനിന് നേരെയാണ് ആക്രമണമുണ്ടായത്. അതേസമയം, യാത്രക്കാർക്ക് പരിക്കില്ലെന്നാണ് വിവരം. നിലവിൽ ട്രെയിൻ യാത്ര തുടരുകയാണ്.
പെട്രോൾ പമ്പുകളിലെ ശുചിമുറി ഉപയോഗവുമായി ബന്ധപ്പെട്ട് ഇടക്കാല ഉത്തരവിൽ ഭേദഗതി വരുത്തി ഹൈക്കോടതി. ആർക്ക് എപ്പോൾ വേണമെങ്കിലും പെട്രോൾ പമ്പുകളിലെ ശുചിമുറി ഉപയോഗിക്കാമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. സുരക്ഷാ പ്രശ്നം ഉണ്ടെങ്കിൽ മാത്രമേ തടയാവൂ. അധികാരം സ്ഥാപിച്ച് ബോർഡ് സ്ഥാപിക്കരുതെന്ന് എതിർകക്ഷികളായ തൊടുപുഴ, തിരുവനന്തപുരം നഗരസഭകൾക്ക് കോടതി നിർദ്ദേശം നൽകുകയായിരുന്നു.
തൃശൂരിലെ വോട്ടര്‍ പട്ടിക ക്രമക്കേട് ആരോപണവുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ വീണ്ടും വിമർശനവുമായി തൃശൂർ ഡിസിസി അധ്യക്ഷൻ ജോസഫ് ടാജറ്റ്. അധാർമ്മികതയുടെ കാര്യമാണ് തൃശൂരിൽ ഉന്നയിച്ചതെന്ന് ജോസഫ് ടാജറ്റ് പറഞ്ഞു. 11 വോട്ടുകൾ ചേർത്തതിൽ അധാർമ്മികതയുണ്ട്. സുരേഷ് ഗോപി മൗനം പാലിച്ചത് തെറ്റ് സമ്മതിക്കുന്നതിന് സമാനമാണ്. അല്ലെങ്കിൽ അയാളുടെ ധാർഷ്ട്യമാണ്. ജനാധിപത്യത്തെ വെല്ലുവിളിക്കുന്ന പ്രസ്താവനയാണ് പോയി തൂങ്ങി ചത്തുകൂടെ എന്നൊക്കെ പറയുന്നതെന്നും ജോസഫ് ടാജറ്റ് പറഞ്ഞു.
മുഖ്യമന്ത്രിയുടെ മകൾ പ്രതിയായ മാസപ്പടി കേസിലെ എസ്എഫ്ഐഒ അന്വേഷണം സംബന്ധിച്ച രേഖകൾ ബിജെപി നേതാവ് ഷോൺ ജോർജ്ജിന് ലഭിക്കില്ല. ഭാഗികമായി രേഖകൾ നൽകണമെന്ന വിചാരണ കോടതി ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ഷോൺ ജോർജ്ജിന് രേഖകൾ നൽകുന്നത് ചോദ്യം ചെയ്ത് സിഎംആർഎൽ കമ്പനി നൽകിയ ഹർജി അനുവദിച്ചാണ് ഹൈക്കോടതി ഉത്തരവ്. എന്നാൽ ഈ ഹർജി വിചാരണ കോടതി വീണ്ടും പരിഗണിച്ച് തീരുമാനമെടുക്കാൻ ഹൈക്കോടതി നിർദ്ദേശം നൽകി.
സാങ്കേതിക സർവകലാശാലയിൽ പൂർണമായും ഇയർ ഔട്ട് ഒഴിവാക്കാൻ ധാരണ. വൈസ് ചാൻസിലർ കെ ശിവപ്രസാദും എസ്എഫ്ഐയുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. ഇയർ ഔട്ട് പൂർണമായും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് എസ്എഫ്ഐ കെടിയുവിലേക്ക് മാർച്ച് നടത്തിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു ഇന്നത്തെ ചർച്ച. ചർച്ചയിൽ വിദ്യാർത്ഥികളുടെ വിഷയം ചർച്ച ചെയ്യാനായി സിൻഡിക്കേറ്റ് യോഗം ചേരാമെന്നും സമ്മതിച്ചു.
വയനാട് ബാണാസുര സാഗർ അണക്കെട്ടിലെ റിസർവോയറില്‍ യുവാവ് മുങ്ങി മരിച്ചു. കുറ്റ്യാംവയൽ ഉന്നതിയിലെ ശരത്ത് ആണ് മരിച്ചത്. നീന്തുന്നതിനിടെ അപകടം ഉണ്ടാകുകയായിരുന്നു. ഇയാളുടെ മൃതദേഹം കൽപ്പറ്റയിൽ നിന്നുള്ള ഫയർഫോഴ്സ് സംഘമെത്തി കണ്ടെടുത്തു.
കോതമംഗലത്ത് 23 കാരി ആത്മഹത്യ ചെയ്ത കേസിൽ എൻഐഎ അന്വേഷണം ആവശ്യപ്പെട്ട് പെൺകുട്ടിയുടെ കുടുംബാംഗങ്ങൾ മുഖ്യമന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്കും കത്ത് നൽകി. കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപിയും ജോർജ് കുര്യനും, പെൺകുട്ടിയുടെ ബന്ധുക്കളെ ആശ്വസിപ്പിക്കാൻ വീട്ടിൽ എത്തിയിരുന്നു. ആവശ്യമായ എല്ലാ നിയമസഹായവും സുരേഷ് ഗോപി ഉറപ്പുനൽകിയതായി പെൺകുട്ടിയുടെ സഹോദരൻ പറഞ്ഞു.
സാങ്കേതിക സർവകലാശാലയിൽ പൂർണമായും ഇയർ ഔട്ട് ഒഴിവാക്കാൻ ധാരണ. വൈസ് ചാൻസിലർ കെ ശിവപ്രസാദും എസ്എഫ്ഐയുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. ഇയർ ഔട്ട് പൂർണമായും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് എസ്എഫ്ഐ കെടിയുവിലേക്ക് മാർച്ച് നടത്തിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു ഇന്നത്തെ ചർച്ച. ചർച്ചയിൽ വിദ്യാർത്ഥികളുടെ വിഷയം ചർച്ച ചെയ്യാനായി സിൻഡിക്കേറ്റ് യോഗം ചേരാമെന്നും സമ്മതിച്ചു.
മാധ്യമ സ്വാതന്ത്ര്യത്തിന് സർക്കാർ നിയന്ത്രണം ഇല്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി. സംസ്ഥാനത്ത് മാധ്യമസ്വാതന്ത്ര്യത്തിന് സർക്കാർ നിയന്ത്രണം ഏർപ്പെടുത്തുന്നു എന്നത് അടിസ്ഥാനരഹിതമായ പ്രചാരണമാണ്, അത്തരം ഒരു നീക്കവും സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല എന്ന് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള വാർത്താ കുറിപ്പ് പറയുന്നു.
കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ക്യാംപ് ഓഫിസിന്‍റെ ബോർഡിൽ പൂമാല ചാർത്തി ബിജെപി പ്രവർത്തകർ. വിജയൻ മേപ്രത്ത്, രതീഷ് കടവിൽ തുടങ്ങിയ നേതാക്കൾ പൂമാല ചാർത്തി മുദ്രാവാക്യം വിളിച്ചു. ചേറൂരിൽ സുരേഷ് ഗോപിയുടെ ക്യാംപ് ഓഫിസിന്‍റെ ബോർഡിൽ ഇന്നലെ കരിഓയിൽ സിപിഎം പ്രവർത്തകർ കരി ഓയിൽ ഒഴിച്ചിരുന്നു. പിന്നാലെയാണ് ഇന്ന് ബിജെപിക്കാർ പൂമാല ചാർത്തിയത്.
കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ 2800 നായ്ക്കളെ കൊന്നതായി ജനതാദൾ സെക്കുലര്‍ പാര്‍ട്ടിയിലെ നേതാവിന്‍റെ തുറന്ന് പറച്ചില്‍. എംഎൽസി എസ്‌എൽ ഭോജഗൗഡയാണ് നായ്ക്കളെ കൊലപ്പെടുത്തിയെന്ന് വെളിപ്പെടുത്തിയത്. നായ്ക്കൾക്കെതിരെ നടപടിയെടുക്കാൻ സുപ്രീം കോടതിയോട് ആവശ്യപ്പെടുന്ന ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനം കർണാടകയാകട്ടെയെന്നും അദ്ദേഹം പറഞ്ഞു.
മഹാരാഷ്ട്രയിലെ ജാംനറിൽ 21കാരനെ തട്ടിക്കൊണ്ട് പോയി ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയതായി റിപ്പോർട്ട്. ജാംനർ സ്വദേശിയായ മുസ്ലിം യുവാവിനെയാണ് കുടുംബത്തിന് മുന്നിൽ വച്ച് ആൾക്കൂട്ടം മർദ്ദിച്ച് കൊലപ്പെടുത്തിയത്. യുവാവിനെ ആശുപത്രിയിലെത്തിക്കാൻ ശ്രമിച്ച അമ്മയേയും സഹോദരിയേയും ആൾക്കൂട്ടം മർദ്ദിച്ചതായാണ് പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തത്.
മഹാരാഷ്ട്രയിലെ ചില തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിയില്‍ സ്വാതന്ത്ര്യദിനത്തില്‍ മാംസം നിരോധിച്ചു. സ്വാതന്ത്ര്യദിനത്തിൽ മാംസ വിൽപ്പന നിരോധിച്ചുകൊണ്ടുള്ള കല്യാൺ-ഡോംബിവ്‌ലി മുനിസിപ്പൽ കോർപ്പറേഷന്റെ (കെഡിഎംസി) ഉത്തരവാണ് വിവാദത്തിന് കാരണമായത്. പ്രതിപക്ഷമായ എൻസിപി (എസ്പി), ശിവസേന (യുബിടി) നേതാക്കൾ ഉത്തരവിനെതിരെ രംഗത്തെത്തി. ജനങ്ങളുടെ ഭക്ഷണ തിരഞ്ഞെടുപ്പുകൾക്ക് നേരെയുള്ള ആക്രമണമാണെന്ന് പ്രതിപക്ഷം ആരോപിച്ചു.
45 വർഷം മുമ്പ് സോണിയ ഗാന്ധി ഇന്ത്യൻ പൗരത്വമെടുക്കുന്നതിന് മുൻപ് തന്നെ വോട്ടർ പട്ടികയിൽ ഉൾപ്പെട്ടിരുന്നു എന്ന ആരോപണവുമായി ബിജെപി. വോട്ടർ തട്ടിപ്പ് നടത്താൻ തെരഞ്ഞെടുപ്പ് കമ്മീഷനുമായി ബിജെപി ഒത്തുകളിക്കുന്നു എന്ന കോൺഗ്രസിൻ്റെ ആരോപണത്തിന് മറുപടിയായാണ് ഇത്തരമൊരു ആക്ഷേപം ഉയർത്തിയിട്ടുള്ളത്. ഇറ്റലിയിൽ ജനിച്ച സോണിയ ഗാന്ധി 1980 മുതൽ 1982 വരെയുള്ള കാലഘട്ടത്തിൽ വോട്ടർ പട്ടികയിൽ ഉണ്ടായിരുന്നുവെന്നും, അവർക്ക് 1983-ലാണ് ഇന്ത്യൻ പൗരത്വം ലഭിച്ചതെന്നും മുൻ കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ ആരോപിച്ചു.
ഇന്ത്യൻ പൗരത്വം ലഭിക്കും മുന്നേ സോണിയ ഗാന്ധി വോട്ടർ പട്ടികയിൽ ഇടം നേടിയെന്ന വിവാദത്തിൽ പ്രതികരിച്ച് കോൺഗ്രസ്. എ ഐ സി സി പ്രവർത്തക സമിതി അംഗം താരിഖ് അൻവറാണ് വിവാദച്ചിൽ മറുപടിയുമായി രംഗത്തെത്തിയത്. സോണിയ ഗാന്ധി വോട്ടർ പട്ടികയിൽ ഇടംനേടിയത് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ കാല് പിടിച്ചല്ലെന്നാണ് അൻവർ ന്യായീകരിച്ചത്. തെരഞ്ഞെടുപ്പ് കമ്മീഷൻ സ്വമേധയാ പേര് ചേർത്തതാണെന്നും താരിഖ് അൻവർ വിവരിച്ചു.
തമിഴ്നാട്ടിലെ തിരുനെൽവേലിയിൽ നടന്ന ബിരുദദാന ചടങ്ങിൽ ഗവർണറുടെ കൈയിൽ നിന്ന് സർട്ടിഫിക്കറ്റ് സ്വീകരിക്കാൻ വിസമ്മതിച്ച് ഗവേഷക വിദ്യാർത്ഥി. തമിഴ്നാട് ഗവർണർ ആർഎൻ രവിയിൽ നിന്നുമാണ് ഗവേഷക വിദ്യാർത്ഥിയായ ജീൻ ജോസഫ് സർട്ടിഫിക്കറ്റ് വാങ്ങാൻ വിസമ്മതിച്ചത്. ഗവർണർ തമിഴ്നാടിനും ഇവിടുത്തെ ജനങ്ങൾക്കും എതിരാണ്. അതുകൊണ്ടാണ് അദ്ദേഹത്തിൽ നിന്നും സർട്ടിഫിക്കറ്റ് സ്വീകരിക്കാത്തതെന്ന് ജീൻ ജോസഫ് പറഞ്ഞു.
തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ കൊളത്തൂർ മണ്ഡലത്തിൽ കള്ളവോട്ട് ആരോപണവുമായി ബിജെപി രംഗത്തെത്തിയതിനെതിരെ ശക്തമായ പ്രതികരണവുമായി ഡി എം കെ. ആരോപണങ്ങൾ തെളിയിക്കാൻ ബി ജെ പിയെ വെല്ലുവിളിക്കുന്നതായി ഡി എം കെ നേതാവ് ആർ എസ് ഭാരതി പറഞ്ഞു.
ഗാസയിൽ ഇസ്രായേൽ നടത്തുന്നത് വംശഹത്യയാണെന്നാരോപിച്ച പ്രിയങ്കാ ഗാന്ധിക്കെതിരെ ഇസ്രായേൽ അംബാസഡർ റൂവൻ അസർ രംഗത്തെത്തിയതിൽ വിമർശനവുമായി കോൺഗ്രസ്. ഇസ്രായേൽ അംബാസഡർ റൂവൻ അസറിനെതിരെ കോൺഗ്രസ് നേതാവ് പവൻ ഖേര രംഗത്തെത്തി. ഇന്ത്യൻ പാർലമെന്റിലെ ഒരു അംഗത്തെ ലക്ഷ്യമിട്ട ഇസ്രായേൽ അംബാസഡറുടെ നീക്കത്തെ പവൻ ഖേര എക്സിൽ രൂക്ഷമായി വിമർശിച്ചു. ഇസ്രായേലിന്റെ നടപടി കേട്ടുകേൾവിയില്ലാത്തതാണെന്നും അദ്ദേഹം പറഞ്ഞു.
വോട്ടർ പട്ടിക ക്രമക്കേടിനെതിരായ പ്രതിഷേധത്തിൽ തന്‍റെ ചിത്രം പ്രിയങ്ക ഗാന്ധിയടക്കമുള്ള എംപിമാർ ടീ ഷർട്ടിൽ ഉപയോഗിച്ചതിനെതിരെ പരാതിയുമായി ബിഹാറിലെ വോട്ടറായ മിന്‍റ ദേവി. വോട്ടർ ഐഡി കാർഡിലെ പിഴവാണ് തന്‍റെ പ്രായം 124 എന്ന് തെറ്റായി എഴുതാൻ കാരണമെന്ന് മിന്‍റ ദേവി പ്രതികരിച്ചു. തന്നോട് ചോദിക്കാതെയാണ് ചിത്രം ഉപയോഗിച്ചതെന്നും മിന്‍റ ദേവി പറയുന്നു.
തമിഴ്നാട്ടിലും വിഭജന ഭീതി ദിനം ആചരിക്കാൻ തീരുമാനം. വിഭജന സ്മരണകളുമായി നാളെ ചിത്രപ്രദർശനം സംഘടിപ്പിക്കും. തമിഴ്നാട് ഗവർണർ ആർഎൻ രവി ഉദ്ഘാടനം ചെയ്യും. അതേ സമയം, വിഭജന ഭീതി ദിനം ആചരിക്കുന്നതിനെ ചൊല്ലി ഗവർണ്ണറും കേരള സർക്കാറും തമ്മിൽ ഭിന്നത രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. നാളെ ക്യാമ്പസുകളിൽ പരിപാടികൾ നടത്തണമെന്ന് ഓർമ്മിപ്പിച്ച് വിസിമാർക്ക് വീണ്ടും ഗവർണ്ണർ കത്തയച്ചിരുന്നു. എന്നാൽ ഒരു പരിപാടിയും നടത്തരുതെന്ന് സർക്കാർ ആവശ്യപ്പെട്ടു.
ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം പുനഃസ്ഥാപിക്കുന്നതിന്‍റെ ഭാഗമായി ഇരു രാജ്യങ്ങളും അടുത്ത മാസം ആദ്യം തന്നെ നേരിട്ടുള്ള വിമാന സർവീസുകൾ പുനരാരംഭിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. നേരിട്ടുള്ള സര്‍വീസുകള്‍ ആരംഭിക്കാന്‍ നേരത്തെ തീരുമാനിച്ചിരുന്നു. ഇന്ത്യൻ വിമാനക്കമ്പനികളോട് സർവീസുകൾ തയാറാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഓഗസ്റ്റിൽ ചൈനയിൽ നടക്കുന്ന എസ്‌സിഒ ഉച്ചകോടിക്ക് മുമ്പ് ഇത് സംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതിയ്ക്ക് 50 ശതമാനം തീരുവ അമേരിക്ക ഏര്‍പ്പെടുത്തിയ പശ്ചാത്തലത്തില്‍ കയറ്റുമതി കേന്ദ്രീകൃത വാണിജ്യമേഖലയ്ക്ക് പ്രവര്‍ത്തന മൂലധനം സംബന്ധിച്ച പ്രശ്നങ്ങള്‍ പരിഗണിക്കുമെന്ന് സംസ്ഥാനതല ബാങ്കുകളുടെ സമിതി (എസ് എല്‍ ബി സി) പറഞ്ഞു. സംസ്ഥാന വ്യവസായ വകുപ്പ് മന്ത്രി പി രാജീവുമായി എസ് എല്‍ ബി സി പ്രതിനിധികള്‍ നടത്തിയ ചര്‍ച്ചയ്ക് ശേഷമാണ് ഈ ധാരണയായത്.
അമേരിക്കയിൽ ഹൈന്ദവ ക്ഷേത്രത്തിന് നേരെ വീണ്ടും ആക്രമണം. ഗ്രീൻവുഡ് സിറ്റിയിലെ ബിഎപിഎസ് സ്വാമിനാരായണ ക്ഷേത്രത്തിന് നേരെയാണ് ആക്രമണം നടന്നത്. ക്ഷേത്രത്തിന്റെ ചുവരുകൾ ഇന്ത്യാ വിരുദ്ധവും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരായ ചുവരെഴുത്തുകൾ കൊണ്ട് വികൃതമാക്കിയെന്ന് ഹിന്ദു അമേരിക്കൻ ഫൗണ്ടേഷൻ എക്സിൽ കുറിച്ചു. ഒരു വർഷത്തിനിടെ ഇത് നാലാമത്തെ ക്ഷേത്രമാണ് അമേരിക്കയിൽ ആക്രമിക്കപ്പെടുന്നത്.
ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി ഇന്ത്യയിലേക്ക്. ഇരു രാജ്യങ്ങളും തമ്മിലുള്ള അതിര്‍ത്തി പ്രശ്നത്തെക്കുറിച്ച് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി ചര്‍ച്ച നടത്താനാണ് പ്രധാനമായും വാങ് യി ഇന്ത്യ സന്ദര്‍ശിക്കുന്നത്. ഷാങ്ഹായ് കോര്‍പ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ടിയാന്‍ജിനിലേക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി നടത്താനിരിക്കുന്ന യാത്രയ്ക്ക് മുന്നോടിയായാണ് വിദേശകാര്യമന്ത്രിയുടെ സന്ദര്‍ശനം.