കൊച്ചി ആസ്ഥാനമായ പ്രമുഖ വ്യാവസായിക കെമിക്കല്‍ അസംസ്കൃത വസ്തു നിര്‍മാതാക്കളായ നിറ്റ ജെലാറ്റിന്‍ നടപ്പു സാമ്പത്തിക വര്‍ഷത്തെ (2024-25) മൂന്നാം പാദമായ ഒക്ടോബര്‍- ഡിസംബറില്‍ 24.45 കോടി രൂപയുടെ സംയോജിത ലാഭം രേഖപ്പെടുത്തി. മുന്‍ വര്‍ഷത്തെ സമാനപാദത്തില്‍ 20.52 കോടി രൂപയും ഇക്കഴിഞ്ഞ ഓഗസ്റ്റ്-സെപ്റ്റബറില്‍ 20.28 കോടി രൂപയുമായിരുന്നു ലാഭം. പാദാടിസ്ഥാനത്തില്‍ ലാഭം 20.56 ശതമാനവും വാര്‍ഷികാടിസ്ഥാനത്തില്‍ 19.15 ശതമാനവും വര്‍ധിച്ചു. മൂന്നാം പാദത്തില്‍ ലാഭമാര്‍ജിന്‍ 17.79 ശതമാനമാണ്. അതേസമയം, മൊത്ത വരുമാനം മുന്‍ വര്‍ഷത്തെ സമാനപാദത്തിലെ 134.53 കോടി രൂപയില്‍ നിന്ന് 137.42 കോടി രൂപയായി ഉയര്‍ന്നു. 2.15 ശതമാനമാണ് വര്‍ധന. തൊട്ടു മുന്‍ പാദത്തിലെ 139 കോടിയുമായി നോക്കുമ്പോള്‍ വരുമാനത്തില്‍ ഒരു ശതമാനത്തിലധികം കുറവു രേഖപ്പെടുത്തി. കമ്പനിക്കു കീഴിലുള്ള ജെലാറ്റിന്‍ ഡിവിഷന്റെ പ്രതിവര്‍ഷ ശേഷി 1,500 മെട്രിക് ടണ്‍ കൂടി ഉയര്‍ത്താന്‍ ഡയറക്ടര്‍ ബോര്‍ഡ് അനുമതി നല്കി. 33 മാസത്തിനുള്ളില്‍ ശേഷി ഉയര്‍ത്തല്‍ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. 154.9 കോടിയാണ് ഇതിനായി നിക്ഷേപം കണക്കാക്കുന്നത്.
നിറ്റ ജെലാറ്റിന്‍ കമ്പനിക്ക് മൂന്നാം പാദത്തില്‍ ലാഭം
