പകർച്ചവ്യാധി പ്രതിരോധത്തിൽ വിദ്യാർഥികൾക്ക് നിർണായക പങ്ക് വഹിക്കാനാകുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ. മുരളീധരൻ പറഞ്ഞു. ആരോഗ്യ-വിദ്യാഭ്യാസ വകുപ്പുകൾ സംയുക്തമായി സംഘടിപ്പിക്കുന്ന പകർച്ചവ്യാധി പ്രതിരോധ സ്കൂൾതല പ്രചാരണ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം ഗവ. കോട്ടൺ ഹിൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നിർവഹിക്കുകയായിരുന്നു മന്ത്രി.
സംസ്ഥാനത്ത് നിപ ഭീതി ഒഴിഞ്ഞതായി ആരോഗ്യവകുപ്പ് അറിയിച്ചു, സമ്പർക്കത്തിലുള്ളവർ ക്വാറന്റൈൻ പൂർത്തിയാക്കുകയും രോഗിയുടെ പരിശോധനാഫലം നെഗറ്റീവാകുകയും ചെയ്തു. അതേസമയം, എട്ട് പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചതോടെ സംസ്ഥാനത്ത് ആശങ്ക തുടരുകയാണ്.
സംസ്ഥാനത്ത് ഗുരുതര വൈദ്യുതി പ്രതിസന്ധിയുണ്ടെന്ന് മന്ത്രി സണ്ണി ജോസഫ്. ഇന്ത്യയിലാകമാനം പ്രതിസന്ധിയുണ്ട്. കൂടുതൽ വില കൊടുത്ത് സംസ്ഥാനത്ത് വൈദ്യുതി വാങ്ങാൻ ശ്രമം നടത്തുന്നുവെന്നും കഴിഞ്ഞ നാലഞ്ച് ദിവസം വൈദ്യുതി നിയന്ത്രം ഏർപ്പെടുത്തേണ്ടി വന്നുവെന്നും മന്ത്രി പറഞ്ഞു.
നെല്ല് സംഭരണതിന് കൃത്യമായ സംവിധാനം ഉണ്ടാക്കുമെന്ന് ഭക്ഷ്യ- സിവില് സപ്ലൈസ് മന്ത്രി അനൂപ് ജേക്കബ്. സപ്ലൈകോ നെല്ല് സംഭരണത്തിന് സ്ഥിര സംവിധാനമുണ്ടാക്കുമെന്നും കർഷകർക്ക് കൃത്യമായ തുക ലഭ്യമാക്കുമെന്നും മന്ത്രി ഉറപ്പ് നല്കി.സപ്ലൈകോ മെഡിക്കൽ ഷോപ്പുകൾ കൂടുതൽ ആരംഭിക്കണമെന്നും അദ്ദേഹം പറഞ്ഞു.
യുഡിഎഫ് സർക്കാർ സംഘപരിവാർ അജണ്ട നടപ്പാക്കുകയാണെന്നും മന്ത്രിമാർ ആർഎസ്എസ് വിധേയത്വം പ്രഖ്യാപിക്കാൻ മത്സരിക്കുകയാണെന്നും എംവി ഗോവിന്ദൻ ആരോപിച്ചു. പിഎംഎവൈ പദ്ധതിയിൽ മോദിയുടെ ചിത്രം വെക്കുന്നതിനെയും സർവകലാശാല നിയമനങ്ങളെയും അദ്ദേഹം വിമർശിച്ചു.
സംസ്ഥാന ചീഫ് സെക്രട്ടറി പദവിയിൽ നിന്നും ഡോ. എ ജയതിലക് വിരമിച്ചു. ബിശ്വനാഥ് സിൻഹ പുതിയ ചീഫ് സെക്രട്ടറിയായി ചുമതലയേറ്റു. ദർഹാർ ഹാളിൽ നടന്ന ചടങ്ങിൽ ചീഫ് സെക്രട്ടറിക്ക് സർക്കാർ യാത്ര അയപ്പ് നൽകി.
സംസ്ഥാനത്ത് എൽനിനോ സാഹചര്യം തുടരുന്നതിനാൽ ജൂലൈ മാസത്തിലും സാധാരണയേക്കാൾ കുറഞ്ഞ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. അടുത്ത അഞ്ച് ദിവസത്തേക്ക് വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.
കാസർകോട് ജില്ലയിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് നാളെ ഓറഞ്ച് അലർട്ട് പ്രവചിച്ചിരിക്കുന്നതിനാലും ശക്തമായ മഴ തുടരുന്നതിനാലും മുൻകരുതൽ നടപടിയായി ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (ജൂലൈ 1 ബുധൻ) ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ അവധി പ്രഖ്യാപിച്ചു.
ഡിഎംഎഫ് സംസ്ഥാന വ്യാപകമായി വിപുലീകരിക്കുമെന്ന് മുന് എംഎല്എ പി.കെ. ശശി. ജൂലായ് ആറിന് പാലക്കാട് നയ പ്രഖ്യാപന കൺവെഷൻ. സിഎംപി നേതാവും ഗതാഗത മന്ത്രിയുമായ സി.പി. ജോൺ പങ്കെടുക്കും. സിഎംപിയുമായി ഒരുമിച്ച് പ്രവർത്തിക്കാനാണ് ഡിഎംഎഫിന്റെ തീരുമാനം.
വ്യാജ കാഫിർ സ്ക്രീൻ ഷോട്ട് കേസിൽ അറസ്റ്റിലായ ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്കറിന്റെ ജാമ്യാപേക്ഷ നാളെ പരിഗണിക്കും. കോഴിക്കോട് ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുക. തെളിവ് നശിപ്പിക്കാൻ സാധ്യതയുണ്ടെന്നും ജാമ്യം നൽകരുതെന്നും പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു.
ഇടുക്കി ഇരട്ടയാറിൽ വാട്ടർ അതോറിറ്റിയുടെ അനാസ്ഥ മൂലം കുടിവെള്ള ടാങ്ക് കവിഞ്ഞൊഴുകി. കെ എസ് ഇ ബിയുടെ ക്വാർട്ടേഴ്സുകൾക്ക് നാശനഷ്ടം സംഭവിച്ചു. മരം വീണ് ക്വാർട്ടേഴ്സ് തകരുകയും ചെയ്തു. തകർന്ന ക്വാർട്ടേഴ്സിൽ ഉണ്ടായിരുന്നവരെ മാറ്റി പാർപ്പിച്ചു. പ്രദേശം ഇപ്പോഴും മണ്ണിടിച്ചിൽ ഭീഷിണിയിലാണ്.
കോഴിക്കോട് സുൽത്താൻബത്തേരി പ്രിയദർശിനി ബസിൽ തർക്കവും വാക്കേറ്റവും. ബസ് മാറി കയറിയ സ്ത്രീകളാണ് ബസ് ജീവനക്കാരുമായി പ്രശ്നമുണ്ടാക്കിയത്. ബസ് നിർത്തണം എന്ന ആവശ്യപ്പെട്ടായിരുന്നു തർക്കം. വാക്കേറ്റത്തിന് പിന്നാലെ സ്ത്രീകള് ബസിന്റെ ബെൽ വലിച്ചു പൊട്ടിച്ചു. സംഭവത്തില് യാത്രക്കാരായ മൂന്ന് സ്ത്രീകളെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഫുട്ബോൾ ഇതിഹാസം ലയണൽ മെസിയെയും ന്യൂയോർക്ക് സിറ്റിയുടെ മേയർ സൊഹ്റാൻ മംദാനിയേയും പൊന്നാനിയിലേക്ക് കൊണ്ട് വരാൻ ആലോചനയുണ്ടെന്ന് കെ പി നൗഷാദലി എംഎൽഎ.പൊന്നാനിയിൽ വെച്ച് നടന്ന കുടുംബ സംഗമത്തിലാണ് കെ പി നൗഷാദലിയുടെ പ്രഖ്യാപനം.
ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഒരു സംഭാഷണത്തിൽ എന്റേതായി വന്ന ഒരു പരാമർശത്തിൽ കടന്നു കൂടിയ തെറ്റ് സംബന്ധിച്ച് ഡോ. ഷിംന അസീസിന്റെ തിരുത്ത് മാധ്യമങ്ങളിലൂടെ ശ്രദ്ധയിൽപ്പെട്ടു തുടർന്നായിരുന്നു അദ്ദേഹത്തിന്റെ തിരുത്ത്.
സംസ്ഥാനത്തെ ഗതാഗത മേഖലയിൽ സർക്കാർ വിപുലമായ പരിഷ്കാരങ്ങൾ നടപ്പിലാക്കുന്നു. കെ.എസ്.ആർ.ടി.സിയിൽ പ്രിയദർശിനി സൗജന്യയാത്ര, ഡിജിറ്റൽ ടിക്കറ്റിങ്, ചലോ ആപ്പ് തുടങ്ങിയവയും, വരുമാനം വർദ്ധിപ്പിക്കാൻ ‘റോളിങ് ആഡ്സ്’ എന്ന പുതിയ ആപ്ലിക്കേഷനും അവതരിപ്പിച്ചു.
ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി കെ സുധാകരൻ എം പി വിളിച്ച യോഗത്തിൽ പങ്കെടുത്തയാൾ കൊച്ചിയിലെ ബാറിൽ മദ്യപിച്ച് സംഘർഷമുണ്ടാക്കിയതിന് അറസ്റ്റിലായി. വയോധികനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച മട്ടാഞ്ചേരി സ്വദേശി ഷിബുവാണ് കെ സുധാകരൻ വിളിച്ച് ചേർത്ത യോഗത്തിൽ പങ്കെടുത്തത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഷിബു.
തമിഴ്നാട് രാഷ്ട്രീയത്തിൽ ഡിഎംകെയ്ക്കും എഐഎഡിഎംകെയും കനത്ത തിരിച്ചടിയായി ഡി.എം.കെ സഖ്യം ഉപേക്ഷിച്ച് നടൻ വിജയ്യുടെ നേതൃത്വത്തിലുള്ള തമിഴക വെട്രി കഴകത്തിനൊപ്പം ചേരാൻ വിടുതലൈ ചിരുതൈകൾ കക്ഷി(വിസികെ). ചെറു പാർട്ടികളെ ഒരുമിച്ച് കൂട്ടി സഖ്യമുണ്ടാക്കാൻ ടിവികെ ശ്രമം നടത്തുന്നതിനിടെയാണ് വിസികെ നിർണ്ണായക തീരുമാനമെടുക്കുന്നത്.
ഹോംസ്റ്റേയിൽ 26കാരിയായ ഫിസിയോ തെറാപ്പിസ്റ്റിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ലവ് ജിഹാദ് ആരോപണവുമായി യുവതിയുടെ ബന്ധുക്കൾ. ബെംഗളൂരുവിലെ ജയാനഗർ സ്വദേശിയായ സായ് സുരഭിയെയാണ് നന്ദി ഹിൽസിലെ ഹോംസ്റ്റേയിൽ തിങ്കളാഴ്ച മരിച്ച നിലയിൽ കണ്ടെത്തിയത്.
വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ മഴക്കെടുതി അതിരൂക്ഷമായി തുടരുന്നു. അരുണാചൽ പ്രദേശിൽ മിന്നൽ പ്രളയത്തിലും ഉരുൾപൊട്ടലിലും ഇതുവരെ മൂന്ന് പേര് മരിച്ചു. കാണാതായവർക്കായുള്ള തെരച്ചിൽ തുടരുകയാണ്. പലയിടങ്ങളിലും മലവെള്ളപ്പാച്ചിലിൽ റോഡുകളും പാലങ്ങളും ഒലിച്ചുപോയി. അസമിൽ ഏഴ് ജില്ലകളിലായി 45,000ത്തിലധികം ആളുകളെ പ്രളയം ബാധിച്ചെന്നാണ് കണക്കുകൾ.
പഞ്ചാബ് നാഷണൽ ബാങ്ക്, കനറ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്നീ പൊതുമേഖലാ ബാങ്കുകൾ തമ്മിൽ ലയിപ്പിക്കാൻ കേന്ദ്ര സർക്കാർ അനുമതി നൽകിയെന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്ന് ഇത്തരമൊരു ഔദ്യോഗിക അറിയിപ്പോ അനുമതിയോ ഉണ്ടായിട്ടില്ലെന്നും പി.ഐ.ബി വ്യക്തമാക്കി.
മഹാരാഷ്ട്രയിൽ ശിവസേന ഉദ്ധവ് വിഭാഗത്തിന്(യുബിടി) വീണ്ടും തിരിച്ചടി. പാർട്ടി നേതൃത്വത്തെ ഞെട്ടിച്ച് ഉദ്ധവ് വിഭാഗത്തിന്റെ വിശ്വസ്തനും ആദിത്യ താക്കറെയുടെ വലംകൈ എന്ന് വിശേഷിപ്പിക്കുന്ന നേതാവുമായ സച്ചിൻ ആഹിർ ശിവസേന ഷിന്ദേ വിഭാഗത്തിൽ ചേർന്നു. മുതിർന്ന നേതാവും മഹാരാഷ്ട്ര നിയമ നിർമാണ കൗൺസിൽ അംഗവുമായ സച്ചിൻ ആഹിർ ചൊവ്വാഴ്ചയാണ് ഷിന്ദേ വിഭാഗത്തിന്റെ ഭാഗമായത്.
യുദ്ധസാഹചര്യങ്ങളെത്തുടർന്നുണ്ടാകുന്ന ഇന്ധന പ്രതിസന്ധി ഒഴിവാക്കാൻ, ഒരു മാസത്തേക്ക് രാജ്യത്തിനാവശ്യമായ ക്രൂഡ് ഓയിൽ, എൽപിജി, എൽഎൻജി എന്നിവയുടെ വലിയ കരുതൽ ശേഖരം ഒരുക്കാൻ ഇന്ത്യയുടെ പദ്ധതി. നിലവിലെ ക്രൂഡ് ഓയിൽ ശേഖരം 120 ദശലക്ഷം ബാരലായി ഉയർത്താനും, സുരക്ഷാ വെല്ലുവിളികളുള്ള എൽപിജി, എൽഎൻജി എന്നിവയുടെ സംഭരണം വർദ്ധിപ്പിക്കാനും സർക്കാർ ലക്ഷ്യമിടുന്നു.
യുഎഇയുടെ അഭിമാന പദ്ധതിയായ ഇത്തിഹാദ് റെയിലിലെ ആദ്യ ഇന്ത്യൻ ട്രെയിൻ ക്യാപ്റ്റനായി ചരിത്രം കുറിച്ച് മലയാളിയായ നിഷാദ്. സാധാരണ ജോലികളിൽ നിന്ന് പ്രവാസ ജീവിതം ആരംഭിച്ച്, കഠിനാധ്വാനത്തിലൂടെയും പ്രതിസന്ധികളെ അതിജീവിച്ചും നേടിയ ഈ വിജയം മലയാളികൾക്ക് അഭിമാനമാണ്.
സൗദി അറേബ്യൻ ഫുട്ബാൾ ഫെഡറേഷൻ പ്രസിഡൻറ് യാസിർ അൽ മിസ്ഹൽ ഔദ്യോഗിക പദവി ഒഴിഞ്ഞു. ലോകകപ്പിൻ്റെ അടുത്ത റൗണ്ടിലേക്ക് യോഗ്യത നേടാൻ സൗദി ടീമിന് സാധിക്കാതെ പോയതിൻ്റെ പൂർണ ഉത്തരവാദിത്തം ഏറ്റെടുത്താണ് കാലാവധി തീരും മുൻപുള്ള ഈ പിന്മാറ്റമെന്ന് അദ്ദേഹം വ്യക്തമാക്കി.
ലോകകപ്പിൽ ബ്രസീൽ ജപ്പാനോട് തോൽക്കുമെന്ന ജോക്കിം ക്ലെമെന്റിന്റെ പ്രവചനം തെറ്റിയതിനെ നെയ്മർ പരിഹസിച്ചു. നോക്കൗട്ടിൽ ബ്രസീൽ ജപ്പാനെ തോൽപ്പിച്ചപ്പോൾ, കിരീടം നേടുമെന്ന് പ്രവചിക്കപ്പെട്ട നെതർലൻഡ്സ് മൊറോക്കോയോടും ജർമ്മനി പരാഗ്വായോടും തോറ്റ് പുറത്തായി.
ഇംഗ്ലണ്ടിനെതിരായാ ടി20 പരമ്പരയ്ക്ക് ടീം ഇന്ത്യ നാളെ ഇറങ്ങും. അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയിലെ ആദ്യ പോരാട്ടം നാളെ ചെസ്റ്റർ ലീ സ്ട്രീറ്റിലെ റിവർസൈഡ് ഗ്രൗണ്ടിൽ നടക്കും. ഹാരി ബ്രൂക്ക് നയിക്കുന്ന ഇംഗ്ലണ്ട് ടീമിനെതിരെ പുതിയ ക്യാപ്റ്റനായ ശ്രേയസ് അയ്യരുടെ നേതൃത്വത്തിലാണ് ഇന്ത്യ ഇറങ്ങുന്നത്.
