Untitled design 20250112 193040 0000 1

 

 

കോഴിക്കോട് നിപ സ്ഥിരീകരിച്ച രോഗി വെന്റിലേറ്ററിൽ തുടരുന്നുവെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. സമ്പർക്കപ്പട്ടികയിലുള്ളവരുടെ ഫലം നെഗറ്റീവാണ്. സംസ്ഥാനത്ത് 135 ഷിഗെല്ല കേസുകളും മൂന്ന് മരണങ്ങളും റിപ്പോർട്ട് ചെയ്തെന്നും മുരളീധരൻ വ്യക്തമാക്കി

 

നിപ പ്രതിരോധവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ രൂക്ഷമായി പ്രതികരിച്ച് ആരോഗ്യമന്ത്രി കെ മുരളീധരൻ. നിപ ഫലം ഉച്ചയ്ക്ക് വന്നിട്ടും മുൻ ഡിഎച്ച്എസ് ഡോ. റീന അത് അറിയിച്ചില്ലെന്നും, വകുപ്പിൽ തുരപ്പൻ പണി കാണിച്ചതുകൊണ്ടാണ് അവരെ മാറ്റിയതെന്നും മന്ത്രി തുറന്നടിച്ചു

 

ആർഎസ്എസ് പരിപാടിയിൽ മൂന്ന് വൈസ് ചാൻസലർമാർ പങ്കെടുത്തതിനെതിരെ മുഖ്യമന്ത്രി വി ഡി സതീശൻ രംഗത്ത്. ഇത് കേരളത്തിന്റെ വിദ്യാഭ്യാസ പാരമ്പര്യത്തിന് നിരക്കാത്ത ഗുരുതരമായ വീഴ്ചയാണെന്നും വിസിമാർ കേരളത്തോട് മാപ്പ് പറയണമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടു.വിസിമാർ മാപ്പ് പറയണമെന്ന മുഖ്യമന്ത്രി വി.ഡി. സതീശന്റെ ആവശ്യത്തിന്, ആദ്യം മാപ്പ് പറയേണ്ടത് മുഖ്യമന്ത്രിയാണെന്ന് ബിജെപി നേതാവ് കെ. സുരേന്ദ്രൻ പരിഹാസരൂപേണ മറുപടി നൽകി.

 

ആർഎസ്എസിന്റെ 100 വർഷങ്ങൾ ആഘോഷിക്കുന്നതിന്റെ ഭാഗമായി കേരളത്തിലെത്തിയ സർസംഘചാലക് മോഹൻഭഗവതിന്റെ പരിപാടിയിൽ കേരളത്തിലെ മൂന്ന് സർവ്വകലാശാലാ വിസിമാർ പങ്കെടുത്തത് ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഈ മൂന്ന് വൈസ് ചാൻസലർമ്മാരും കേരളീയ സമൂഹത്തോടെ വലിയ തെറ്റാണ് ചെയ്തിരിക്കുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

 

ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത വൈസ് ചാൻസലർമാർക്കെതിരെ മുഖ്യമന്ത്രിക്ക് പിന്നാലെ ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോണും രംഗത്ത്. ഇത് അക്കാദമിക നിഷ്പക്ഷതയുടെ ലംഘനമാണെന്നും വിസിമാർ പൊതുസമൂഹത്തോട് മാപ്പ് പറയണമെന്നും മന്ത്രി ആവശ്യപ്പെട്ടു

 

വിസിമാർ ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത സംഭവത്തിൽ മുഖ്യമന്ത്രിക്കും പ്രതിപക്ഷത്തിനുമെതിരെ ബിജെപി. പങ്കെടുത്തത് അപരാധമെന്ന് എങ്ങനെ പറയുമെന്ന് വി മുരളീധരൻ എംഎൽഎ ചോദിച്ചു. വിസിമാർ ആർ എസ് എസ് പരിപാടിയിൽ പങ്കെടുത്തത് വലിയ അപരാധം എന്ന പ്രസ്താവന മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും പറഞ്ഞുവെന്ന് ചൂണ്ടിക്കാട്ടിയ വി മുരളീധരൻ ആർ എസ് എസ് നിരോധിച്ച സംഘടന ആണോ എന്നും ചോദിച്ചു.

 

ക്യാനുകളിൽ പെട്രോൾ. ഡീസൽ എന്നിവ നൽകരുതെന്ന ഉത്തരവ് കർഷകരെ ബാധിക്കുന്നുവെന്ന് കൃഷിമന്ത്രി ടി സിദ്ദിഖ്. കർഷകരെ സംരക്ഷിക്കാൻ അടിയന്തര ഇടപെടൽ വേണമെന്നും മന്ത്രി വ്യക്തമാക്കി. മൊത്തം വിതരണ കേന്ദ്രങ്ങളിൽ പലതിലും വിലക്കൂടുതലാണ്. കേന്ദ്ര മന്ത്രിക്ക് ഇക്കാര്യത്തിൽ ഇടപെടൽ തേടി കത്ത് അയച്ചുവെന്ന് കൃഷിമന്ത്രി ടി സിദ്ദിഖ് പറഞ്ഞു.

 

സർക്കാർ തലത്തിൽ ജ്യോതിഷ പഠനത്തിന് സംവിധാനമൊരുക്കണമെന്ന ആവശ്യത്തെക്കുറിച്ച് പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ വിഷയം അക്കാദമിക സമിതിക്ക് വിട്ട് കാലിക്കറ്റ് സർവകലാശാല. നിയമസഭാ സമിതിയുടെ ശുപാർശയെ തുടർന്നുള്ള സ്വാഭാവിക നടപടിയെന്ന് വിശദീകരണം.

 

ശബരിമല സ്വർണക്കൊള്ളയിൽ സന്നിധാനത്ത് പരിശോധനയ്ക്ക് എസ്ഐടി. പ്രഭാമണ്ഡലം അടക്കം ഇളക്കി പരിശോധന നടത്തും. ഹൈക്കോടതിയുടെ പ്രത്യേക അനുമതി വാങ്ങിയാണ് പരിശോധന നടത്തുന്നത്. മിഥുനമാസ പൂജകൾക്കായി ഇന്ന് ശബരിമല ന‍ട തുറന്നിരിക്കുകയാണ്.

 

മൂന്നാം ടേം ഭരണം പാർട്ടി പ്രതീക്ഷിച്ചിരുന്നെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. തൃശുരില്‍ ഇഎംഎസ് അനുസ്മരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.പരാജയത്തിന് നിരവധി കാരണങ്ങൾ ഉണ്ട്. ജനക്കൂട്ടത്തിന്‍റെ ചിന്താഗതിയിലേക്ക് പാർട്ടി മാറി. പാർട്ടി എന്നത് വെറുതെ പിബി ചേരാനും കമ്മിറ്റി ചേരാനും ഉള്ളതല്ല, അതിലെ ഉള്ളടക്കമാണ് പ്രസക്തം എന്നും അദ്ദേഹം പറഞ്ഞു.

 

സംസ്ഥാനത്ത് ഇന്ന് 5 ജില്ലകളിൽ യെല്ലോ അലർട്ടോടെ മഴ തുടരും. നാളെ മുതൽ മഴയുടെ ശക്തി കുറയും. ഈ മാസം 17 വരെ ഒരു ജില്ലയിലും മഴ മുന്നറിയിപ്പില്ല.

 

ലോറി തെറ്റായ രീതിയില്‍ പാര്‍ക്ക് ചെയ്തതിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ യുവാവിന് ജീവന്‍ നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് ഒളിവില്‍ പോയ ലോറി ഡ്രൈവറെ തമിഴ്‌നാട്ടില്‍ നിന്ന് അറസ്റ്റ് ചെയ്തു. കോഴിക്കോട് വെങ്ങളം കരുപ്പാംവയല്‍ വീട്ടില്‍ ജിഷ്ണുലാലി(29)ന്റെ മരണവുമായി ബന്ധപ്പെട്ട് കന്യാകുമാരി വിരുദുനഗള്‍ സ്വദേശി ഇളങ്കോവിനെയാണ് അറസ്റ്റ്‌ചെയ്തത്. ഇയാള്‍ ഓടിച്ചിരുന്ന ലോറിയും കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ഏപ്രില്‍ എട്ടിന് പുലര്‍ച്ചെയായിരുന്നു അപകടം.

 

സസ്പെൻഷൻ കഴിഞ്ഞ് ജോലിയിൽ തിരികെ പ്രവേശിച്ച കെഎസ്ആർടിസി ഡ്രൈവർ ജീവനൊടുക്കി. കൊട്ടാരക്കര ഡിപ്പോയിലെ ഡ്രൈവർ ആർ ബാബുവിനെയാണ് കെഎസ്ആർടിസി ഷോപ്പിംഗ് കോംപ്ലക്സിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സാമ്പത്തിക ബാധ്യതയും സസ്പെൻഷൻ മൂലമുണ്ടായ മാനസിക പ്രയാസവുമാണ് ആത്മഹത്യക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം.

 

പട്ടിമറ്റം ചെങ്ങരയിലെ റബർ തോട്ടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ നോർത്ത് വലമ്പൂർ ആക്കാംപാറ തെക്കേക്കര സ്വദേശി ജിജോ (ജോൺ, 53)യുടെ തലയ്ക്ക് ഗുരുതര പരിക്ക് സംഭവിച്ചിരുന്നുവെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്.സംഭവത്തിൽ ജിജോയ്‌ക്കൊപ്പം ഉണ്ടായിരുന്നവരെ പൊലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്.

 

ഒമാൻ തീരത്ത് മുങ്ങിയ എംഎസ്‍വി വിരാട് 1 എന്ന പായ്ക്കപ്പലിലെ 14 ഇന്ത്യാക്കാരെയും രക്ഷപ്പെടുത്തി. അമേരിക്കൻ നാവിക സേനയുടെ നേതൃത്വത്തിൽ നടന്ന രക്ഷാപ്രവർത്തനത്തിൽ ഇന്ത്യൻ നാവികസേനയും പങ്കാളികളായി. എഞ്ചിൻ തകരാറാണ് അപകടത്തിന് കാരണമെന്ന് അധികൃതർ അറിയിച്ചു.

 

പശ്ചിമ ബംഗാളിൽ ഭരണം നഷ്ടപ്പെട്ട തൃണമൂൽ കോൺഗ്രസിൽ മമത ബാനർജിക്കെതിരെ വിമത നീക്കം ശക്തമാകുന്നു. എംപി കകോലി ഘോഷ് ദസ്തിദാറിന്റെ നേതൃത്വത്തിൽ 22 എംപിമാർ വിമത പക്ഷത്തുണ്ടെന്ന് അവകാശപ്പെടുന്നു. പാർലമെന്റിന് പുറമെ നിയമസഭയിലും ഭൂരിഭാഗം എംഎൽഎമാരും വിമത പക്ഷത്തേക്ക് മാറിയതോടെ പാർട്ടി പിളർപ്പിന്റെ വക്കിലാണ്.

 

തൃണമൂൽ കോൺഗ്രസിന് പിന്നാലെ ശിവസേന ഉദ്ദവ് വിഭാഗത്തിലും കൂറുമാറ്റത്തിന് സാധ്യത തെളിയുന്നു. ചില എംപിമാർ ഏക്നാഥ് ഷിൻഡെ പക്ഷവുമായി ബന്ധപ്പെട്ടുവെന്ന റിപ്പോർട്ടുകളെ തുടർന്ന് ഉദ്ധവ് താക്കറെ അടിയന്തര യോഗം വിളിച്ചു. പാർട്ടിയുടെ ഒൻപത് എംപിമാരിൽ നാല് പേർ വരെ മറുകണ്ടം ചാടാൻ തയ്യാറെടുക്കുന്നുവെന്നാണ് സൂചന.

 

നീറ്റ് യുജി 2026 പുനഃപരീക്ഷയുടെ അഡ്മിറ്റ് കാർഡുകൾ നാഷണൽ ടെസ്റ്റിങ് ഏജൻസി ഔദ്യോഗിക വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. ജൂൺ 14-ഓടെ അഡ്മിറ്റ് കാർഡുകൾ ലഭ്യമാക്കുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ നേരത്തെ അറിയിച്ചിരുന്നു.

 

സമാജ്‌വാദി പാർട്ടി തലവൻ അഖിലേഷ് യാദവിന്റെ മകൾക്കെതിരെ സോഷ്യൽ മീഡിയയിൽ വ്യാജ പരാമർശങ്ങൾ നടത്തിയവർക്കെതിരെ ഉത്തർപ്രദേശ് സർക്കാർ കർശന നടപടി സ്വീകരിച്ചു. പെൺമക്കൾക്കെതിരെയുള്ള ആക്ഷേപം അംഗീകരിക്കാനാവില്ലെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, സ്വന്തം പാർട്ടി പ്രവർത്തകരെ നിയന്ത്രിക്കാൻ അഖിലേഷിന് ഉപദേശവും നൽകി.

 

130 അടി ഉയരത്തിൽ നിന്നുള്ള സാഹസിക ബഞ്ചി ജംപിനിടെ 21കാരിക്ക് ദാരുണാന്ത്യം. യുവതിയുടെ ശരീരത്തിൽ സുരക്ഷാ സംവിധാനത്തിൽ കയർ ഘടിപ്പിക്കാൻ ജീവനക്കാർ മറന്നതോടെയാണ് അപകടമുണ്ടായത്. സാവോ പോളോയിലെ സ്കെലിറ്റൻ ബ്രിഡ്ജിൽ നടന്ന ഈ ദാരുണമായ അപകടത്തിൽ മരിയ എഡ്വേർഡ റോഡ്രിഗസ് ഡി ഫ്രീറ്റാസ് എന്ന യുവതിയാണ് കൊല്ലപ്പെട്ടത്.

 

ലബനനിലെ ഇസ്രായേൽ വ്യോമാക്രമണത്തിൽ പ്രതിഷേധിച്ച് അമേരിക്കയുമായുള്ള സമാധാന ചർച്ചകളിൽ നിന്ന് പിന്മാറുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി. കരാർ ഒപ്പിടാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെയാണ് ഈ നീക്കം. അമേരിക്കക്ക് വാക്ക് പാലിക്കാൻ കഴിയുന്നില്ലെന്നാണ് ഇറാൻ വാദം.

 

അന്താരാഷ്ട്ര ഉപരോധങ്ങൾ മറികടന്ന് എണ്ണ കടത്താൻ ശ്രമിച്ച റഷ്യയുടെ നിഴൽ കപ്പൽപ്പടയിൽപ്പെട്ട ഒരു എണ്ണടാങ്കർ ബ്രിട്ടീഷ് സായുധ സേന പിടിച്ചെടുത്തു. ഞായറാഴ്ച പുലർച്ചെ ഇംഗ്ലീഷ് ചാനലിലൂടെ കടന്നുപോകാൻ ശ്രമിക്കുന്നതിനിടയിലാണ് സ്മിർട്ടോസ് എന്ന ഈ കപ്പൽ ബ്രിട്ടൻ തടഞ്ഞത്.

 

ലബനൻ തലസ്ഥാനമായ ബയ്‌റുത്തിന്റെ തെക്കൻ മേഖലയിലുള്ള ഹിസ്ബുള്ളയുടെ ആസ്ഥാനം വ്യോമാക്രമണത്തിൽ തകർത്തതായി ഇസ്രയേൽ വ്യോമസേന അവകാശപ്പെട്ടു. ആക്രമണത്തിന്റെ ദൃശ്യങ്ങൾ ഇസ്രയേൽ വ്യോമസേന തങ്ങളുടെ എക്സ് (ട്വിറ്റർ) ഹാൻഡിലിലൂടെ പുറത്തുവിട്ടു.

 

സ്ലൊവാക്യ സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയായി നരേന്ദ്ര മോദി ചരിത്രം കുറിക്കുന്നു. സ്ലൊവാക്യൻ പ്രധാനമന്ത്രി റോബർട്ട് ഫിക്കോയുടെ ക്ഷണപ്രകാരം പ്രാദേശിക സമയം ഞായറാഴ്ച വൈകിട്ട് അദ്ദേഹം തലസ്ഥാനമായ ബ്രാറ്റിസ്ലാവയിൽ എത്തും. ജൂൺ 16 വരെ നീളുന്ന ഈ ഔദ്യോഗിക സന്ദർശനം ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര… ബന്ധത്തിൽ പുതിയ അധ്യായം തുറക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *