മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി ഡോ.രത്തൻ ഖേൽക്കര്‍ ചുമതലയേറ്റു. മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരമാണ് അവധി ദിനത്തിൽ തന്നെ ചുമതലയേറ്റെടുത്ത്. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറായിരുന്ന ഡോ. രത്തൻ യു. ഖേൽക്കറെ മുഖ്യമന്ത്രിയുടെ സെക്രട്ടറിയാക്കിയതിൽ സാമൂഹിക മാധ്യമങ്ങളിൽ അടക്കം വിമർശനമുയർന്നിരുന്നു.
വ്യവസായ വകുപ്പ് ഡയറക്ടറുടെ നിയമന വിഷയത്തിൽ പ്രതികരണത്തിനില്ലെന്നു മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി. അതൊക്കെ ആഭ്യന്തര കാര്യമാണെന്നും മാധ്യമങ്ങളെ അറിയിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. സെക്രട്ടറിമാരുടെ നിയമനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ക്യാബിനറ്റിന് ശേഷമേ പ്രതികരിക്കാൻ പറ്റൂവെന്ന് തദ്ദേശ മന്ത്രി കെ.എം. ഷാജിയും പ്രതികരിച്ചു.
മലബാർ മേഖലയിൽ പ്ലസ് വൺ സീറ്റുകളിൽ വലിയ തോതിൽ കുറവുണ്ടെന്ന് മന്ത്രി എൻ. ഷംസുദ്ദീൻ. മലപ്പുറവും പാലക്കാടുമാണ് ഏറ്റവും കുറവ്. ആദ്യ അലോട്ട്മെന്റിൽ തന്നെ അഡീഷണൽ ബാച്ചുകൾ ഉൾപ്പെടുത്തണമെന്നാണ് സർക്കാരിന്റെ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.
ഗ്രാമസഭകളുടെ എടുത്തു കളയപ്പെട്ട അധികാരം തിരിച്ചു കൊടുക്കുമെന്ന് പറഞ്ഞാൽ ലൈഫ് മിഷൻ പദ്ധതി ഇല്ലാതാക്കും എന്നല്ലെന്ന് മന്ത്രി കെ എം ഷാജി. ഒരു സർക്കാരിന്റെ എല്ലാ പദ്ധതിയും തകർക്കാൻ അടുത്ത സർക്കാർ തീരുമാനിച്ചാൽ രാജ്യം എങ്ങനെ മുന്നോട്ട് പോകുമെന്നും അദ്ദേഹം ചോദിച്ചു.
മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി ആയി നിയമിച്ചെന്ന വ്യാജ പ്രചാരണത്തിൽ വിശദീകരണ പോസ്റ്റുമായി കെ എസ് ശബരീനാഥൻ. വാർത്തകൾ മിഥ്യയെന്നും ചർച്ചകൾ ഒന്നും നടന്നിട്ടില്ല, ഒരു പദവിയും ലക്ഷ്യം വെച്ച് പ്രവർത്തിക്കുന്നില്ല. എല്ലാം പാർട്ടി തീരുമാനിക്കുമെന്നും പോസ്റ്റില്‍ പറയുന്നു.
സംസ്ഥാന ഘടകത്തിന് സംഘടന വീഴ്ച പരിഹരിക്കാൻ സിപിഐഎം കേന്ദ്ര കമ്മിറ്റി യോഗം കർശന നിർദ്ദേശം നല്കി. സംഘടന പ്ളീനം അടക്കം വിളിച്ച് തോൽവി വിശദമായി ചർച്ച ചെയ്യാനാണ് നിർദ്ദേശം. അടുത്ത മാസം ആദ്യം ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റ്, കമ്മിറ്റി യോഗങ്ങൾ ഇതിനുള്ള രൂപരേഖ തയ്യാറാക്കും.
മുഖ്യമന്ത്രിയായി സ്ഥാനമേറ്റ ശേഷം സ്വന്തം നാടായ പറവൂരിന്‍റെ സ്നേഹം ഏറ്റുവാങ്ങി വി ഡി സതീശൻ. തന്നെ കുറിച്ച് ഓർത്ത് അപമാന ഭാരത്താൽ ഒരു പറവൂരുകാരനും തല കുനിച്ചു നിൽക്കേണ്ട സാഹചര്യം ഉണ്ടാക്കില്ല എന്ന് ജനങ്ങൾക്ക് ഉറപ്പ് നൽകുന്നു എന്നാണ് സതീശൻ സ്വന്തം ജനതക്ക് നൽകിയ വാക്ക്. മോഹൻലാലും ശ്രീകുമാരൻ തമ്പിയും സലീം കുമാറും അടക്കമുള്ളവരെ സാക്ഷിയാക്കിയാണ് മുഖ്യമന്ത്രി പറവൂരിന് വാക്ക് നൽകിയത്.
സിപിഎം പിബി അംഗം എ വിജയരാഘവനെതിരെ രൂക്ഷ വിമർശനവുമായി തിരൂരിൽ ഫ്ലെക്സ് ബോർഡ്. വർഗീയ വാദികളെ കൂട്ടു പിടിച്ചു പാർട്ടിയെ വിറ്റു കാശാക്കിയ വിജയരാഘവനല്ലേ ശരിക്കും പരനാറിയെന്നാണ് ഫ്ലെക്സ് ബോർഡിലുള്ളത്. വിജയരാഘവനോടല്ലേ കടക്കു പുറത്ത് എന്ന് പറയേണ്ടതെന്നും ബോർഡിൽ പരാമർശമുണ്ട്. സേവ് സിപിഎം എന്ന പേരിലാണ് ബോർഡ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
മുൻ മുഖ്യമന്ത്രി പിണറായി വിജയന് ജന്മദിനാശംസകൾ നേർന്ന് മന്ത്രി മുഹമ്മദ് റിയാസ്. കോർപ്പറേറ്റ് മാധ്യമങ്ങളും ഫ്യൂഡൽ വരേണ്യതയും പിണറായിയെ നിരന്തരം ആക്രമിക്കുകയാണെന്നും, മുൻ മുഖ്യമന്ത്രിമാർ പ്രതിപക്ഷ നേതാക്കളാകുന്നത് പുതിയ സംഭവമല്ലെന്നും റിയാസ് ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.
മനസ്സിൽ ചങ്ങാതിയുടെ സ്ഥാനം ആണ് മുഖ്യമന്ത്രി വി ഡി സതീശനെന്ന് നടൻ മോഹൻലാൽ. ഇരട്ടി സന്തോഷമുള്ള നേരമാണിത്. മലയാളികൾക്ക് മുഖ്യമന്ത്രിയിൽ വലിയ പ്രതീക്ഷയുണ്ട്. നാട് അദ്ദേഹത്തെ സിഎം ആക്കാൻ മുറവിളി കൂട്ടിയത് അമ്പരപ്പിച്ചു. സത്യസന്ധതയും സുതാര്യതയും ഇഴ ചേർന്ന ആളാണ് അദ്ദേഹം. അതാവും ജനം വിഡിക്കായി തെരുവിൽ ഇറങ്ങിയതെന്നും മോഹൻലാൽ പറഞ്ഞു.
സംസ്ഥാനത്തെ എല്ലാ ആശുപത്രികളെയും സമ്പൂർണ്ണ ശുചിത്വത്തിലേക്ക് കൊണ്ടുവരുമെന്ന് ആരോഗ്യ ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ. ആശുപത്രികളിലെ ശുചിത്വമില്ലായ്മ കൂടുതൽ രോഗങ്ങൾക്ക് കാരണമാകുമെന്നും അത് അനുവദിക്കില്ലെന്നും ടെറുമോ പെൻപോൾ എംപ്ലോയീസ് കോൺഗ്രസ്സ് സമ്മേളനം ഉദ്ഘാടനം ചെയ്യവേ അദ്ദേഹം വ്യക്തമാക്കി.
കോളപ്ര ടൂറിസം പദ്ധതിയിൽ ക്രമക്കേടില്ലെന്നും ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നുവെന്നും വിജിലൻസ് അന്വേഷണത്തോട് സഹകരിക്കുമെന്നും മുൻ മന്ത്രി റോഷി അഗസ്റ്റിൻ. ടൂറിസം പദ്ധതിയിൽ 112 കോടിയുടെ ക്രമക്കേടുണ്ടെന്നാണ് ആരോപണം.
മുഖ്യമന്ത്രി വി.ഡി. സതീശൻ ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി. ദർശനത്തിനു ശേഷം വെണ്ണയും തീർഥവും കൊണ്ട് തുലാഭാരവും നടത്തി. റവന്യൂ മന്ത്രി എ.പി അനിൽ കുമാറിന്റെ മകന്റെ വിവാഹച്ചടങ്ങിൽ പങ്കെടുത്തു. കെ കരുണാകരന് ശേഷം ഗുരുവായൂർ ക്ഷേത്രത്തിൽ പ്രവേശിക്കുന്ന ആദ്യത്തെ മുഖ്യമന്ത്രി കൂടിയാണ് വി ഡി സതീശൻ.
ഗുരുവായൂർ ക്ഷേത്ര സന്ദർശനം നടത്തിയ മുഖ്യമന്ത്രി വി ഡി സതീശൻ ജനങ്ങളുടെ ദർശനം തടസ്സപ്പെടുത്തിയെന്ന് ആരോപിച്ച് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ പരാതി നല്കി. വി ഐ പി ദർശനം അനുവദിച്ചു, വീഡിയോ ചിത്രീകരണത്തിന് വിലക്കുള്ള മേഖലയിൽ വീഡിയോ ചിത്രീകരിച്ചുവെന്നും പരാതിയിലുണ്ട്.
എറണാകുളം ജില്ലയിലെത്തിയ മുഖ്യമന്ത്രി വിഡി സതീശന് കൊച്ചി പൗരാവലി സ്വീകരണം നൽകി. ചടങ്ങിൽ നടൻമാരായ മമ്മൂട്ടി, കുഞ്ചാക്കോ ബോബൻ എന്നിവർ പങ്കെടുത്തു. മുഖ്യമന്ത്രിയായി അഭിനയിക്കുക എളുപ്പമുള്ള കാര്യമാണെന്നും യഥാർത്ഥത്തിൽ മുഖ്യമന്ത്രി ആവുക എളുപ്പം അല്ലെന്നും മമ്മൂട്ടി പറഞ്ഞു.
കൊച്ചി പൗരാവലി നൽകിയ സ്വീകരണത്തിൽ ഇത് ദൈവീകമായ നിയോഗമാണെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. മാറ്റം ഉണ്ടാക്കാൻ കഴിയും, എനിക്ക് വിശ്വാസം ഉണ്ട്, ഒറ്റക്ക് ഒന്നും ചെയ്യാൻ കഴിയില്ല, ടീം ആയി മുന്നോട്ട് പോകണമെന്നും വിഡി സതീശൻ മറുപടി പ്രസംഗത്തിൽ പറഞ്ഞു.
മുഖ്യമന്ത്രിയെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം അദ്ദേഹത്തിന്റെ ഗൺമാൻ ഉൾപ്പെടെയുള്ള അംഗരക്ഷകർക്കുണ്ടെന്നും അവർ ചെയ്തത് അവരുടെ ഔദ്യോഗിക ജോലിയാണെന്നും ഇ പി ജയരാജൻ. ആറുപേരെ വെടിവെച്ച് കൊന്നതിനേക്കാൾ വലിയ സംഭവമൊന്നുമല്ലല്ലോ എന്നും ജയരാജൻ പറഞ്ഞു.
പാളയം മാർക്കറ്റിലെ അനധികൃത കയ്യേറ്റങ്ങൾക്കും നിർമാണങ്ങൾക്കുമെതിരെ കർശന നടപടിയുമായി തിരുവനന്തപുരം നഗരസഭ. നഗരസഭ ഹെൽത്ത് സ്ക്വാഡിന്റെ നേതൃത്വത്തിൽ മാർക്കറ്റിലെ ചില അനധികൃത നിർമാണങ്ങൾ പൊളിച്ചുനീക്കി.
അഞ്ചൽ ആർച്ചലിൽ വീട്ട് മുറ്റത്ത് വെച്ചിരുന്ന പൊലീസുകാരൻ്റെ ബുള്ളറ്റ് കത്തിച്ചു. ആറന്മുള സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ ആയ വിവേകിന്റെ ബുള്ളറ്റാണ് കത്തിച്ചത്. കത്തിച്ചതാരാണെന്ന് കണ്ടെത്താനായിട്ടില്ല.
കോഴിക്കോട് പെരുമണ്ണയില്‍ ഷിഗല്ല രോഗം സ്ഥിരീകരിച്ചു. രണ്ടരയും മൂന്നും വയസുള്ള കുട്ടികൾക്കാണ് രോഗബാധ. ഇരുവരും കോഴിക്കോട് മെഡിക്കൽ കോളേജിലെ മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ ചികിത്സയിലാണ്. പെരുമണ്ണ പഞ്ചായത്തിൽ ആരോഗ്യ വകുപ്പ് ജാഗ്രതാ നിർദേശം നൽകി.
അമ്മ നേതൃത്വം പിരിച്ചു വിടണമെന്ന ആവശ്യവുമായി നടി പൊന്നമ്മ ബാബു. ഇപ്പോഴുള്ളവർ തുടർന്നാൽ പ്രശ്നങ്ങൾ കൂടുതൽ വഷളാകുമെന്ന് പൊന്നമ്മ ബാബു പറഞ്ഞു. പ്രസിഡന്റിനും സെക്രട്ടറിക്കും ഈഗോ പ്രശ്നമാണ്. ഒന്നിച്ചു നിൽക്കേണ്ടവരാണ് ഇങ്ങനെ കലഹിക്കുന്നതെന്നും പൊന്നമ്മ ബാബു പറഞ്ഞു
സംസ്ഥാനത്ത് അടുത്ത 5 ദിവസങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ്.
കാസർഗോഡ് പാണലത്ത് ഭർതൃവീട്ടുകാരുടെ മുന്നിൽ യുവതി ആസിഡ് കുടിച്ച് ആത്മഹത്യ ചെയ്തു. ചർലടുക്ക സ്വദേശി 24കാരിയായ ഫാത്തിമത്ത് സുഫൈദയാണ് മരിച്ചത്. ഭർതൃ വീട്ടുകാരുടെ പീഡനത്തെ തുടർന്നാണ് യുവതി ജീവനൊടുക്കിയതെന്ന് പരാതി. സംഭവത്തിൽ ഭർത്താവ് ആദിലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്സൈറ്റിന്റെ സാങ്കേതിക പിഴവിനെ കുറിച്ചും വിദ്യാർത്ഥികൾക്ക് ഉണ്ടായ ബുദ്ധിമുട്ട് സംബന്ധിച്ചും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ സിബിഎസ്ഇയിൽനിന്ന് വിശദമായ റിപ്പോർട്ട് നേടി.
സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പുനർമൂല്യനിർണ്ണയ പ്രതിസന്ധിയിൽ സാങ്കേതിക തകരാറുകൾ ഒഴിവാക്കുവാനും സിബിഎസ്ഇയെ സഹായിക്കാനും പ്രത്യേകസംഘം. ഐഐടി മദ്രാസിലെ പ്രൊഫസർ അടക്കമുള്ള സംഘത്തെ വിദ്യാഭ്യാസ മന്ത്രാലയം നിയോഗിച്ചു.
ഡൽഹിയിലെത്തിയ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. വിസ ചട്ടങ്ങളിലെ മാറ്റം ഇന്ത്യയെ ലക്ഷ്യമിട്ടല്ലെന്നും നടപടി അനധികൃത കുടിയേറ്റം തടയാനെന്നും മാർക്കോ റൂബിയോ വ്യക്തമാക്കി.
എബോള വൈറസ് രോഗബാധയുടെ പശ്ചാത്തലത്തിൽ ആഫ്രിക്കൻ രാജ്യങ്ങളായ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ഉഗാണ്ട, സൗത്ത് സുഡാൻ എന്നീ രാജ്യങ്ങളിലേക്കുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ഇന്ത്യൻ പൗരന്മാർക്ക് നിർദേശം നൽകി.
പാകിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിൽ റെയിൽവേ ട്രാക്കിന് സമീപം ഉണ്ടായ ഉഗ്ര സ്ഫോടനത്തിൽ 24 പേർ കൊല്ലപ്പെട്ടതായും 50ലധികം പേർക്ക് പരിക്കേറ്റതായും റിപ്പോർട്ട്. സൈനികർ സഞ്ചരിച്ച ട്രെയിൻ ലക്ഷ്യമിട്ടാണ് സ്ഫോടനം നടത്തിയത്.
മുൻ തെരഞ്ഞെടുപ്പ് കമ്മീഷണർ രത്തൻ ഖേൽക്കറെ മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി നിയമിച്ചത് ദേശീയതലത്തിൽ വിവാദമായി. ബംഗാൾ വിഷയത്തിലെ മുൻനിലപാട് ചൂണ്ടിക്കാട്ടി ബിജെപിയും സിപിഎമ്മും രാഹുൽ ഗാന്ധിക്കെതിരെ തിരിഞ്ഞപ്പോൾ, കെ.സി വേണുഗോപാലിന്റെ ഒഴിഞ്ഞുമാറൽ കോൺഗ്രസ് നേതൃത്വത്തിന്റെ അതൃപ്തിയായുടെ സൂചനയെന്നാണ് വിലയിരുത്തലുകൾ.
കോക്രോച്ച് ജനതാ പാർട്ടിയെ പിന്തുണക്കുന്നവർ ഇന്ത്യക്ക് പുറത്ത് നിന്നുള്ളവരാണെന്ന ബി്ജെപിയുടെ വാദം സിജെപി സ്ഥാപകൻ അഭിജിത് ദിപ്കേ തള്ളി. സിജെപിയെ പിന്തുടരുന്ന 94.7 ശതമാനം പേരും ഇന്ത്യക്കാരാണെന്ന ഇൻസ്റ്റഗ്രാം വിവരം ദിപ്കേ പുറത്തുവിട്ടു. പാകിസ്ഥാനികളാണ് ഫോളോവേഴ്‌സ് എന്ന് ആരോപണം കേന്ദ്രമന്ത്രി കിരൺ റിജിജുവടക്കം ഉന്നയിച്ചിരുന്നു.
പശ്ചിമ ബംഗാളിലെ ഫാൽത്ത മണ്ഡലത്തിൽ ബിജെപിക്ക് ജയം. 100921 വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് ബിജെപി സ്ഥാനാർത്ഥി ദേബാംഗ്ഷു പാണ്ഡ വിജയിച്ചത്. ആകെ 1,49,666 വോട്ടാണ് ബിജെപി സ്ഥാനാർത്ഥി പിടിച്ചത്. 40,645 വോട്ടു നേടി സിപിഎമ്മിൻ്റെ ശംഭുനാഥ് കുർമിയാണ് രണ്ടാം സ്ഥാനത്ത് എത്തിയത്.
അമേരിക്കയുമായി നടത്തുന്ന സമാധാന ചർച്ചകളിൽ നിലപാടുകൾക്ക് അയവ് വരുത്തി ഇറാൻ. ആണവായുധ നിർമ്മാണത്തിനായി ഉയർന്ന തോതിൽ സമ്പുഷ്ടീകരിച്ച തങ്ങളുടെ യുറേനിയം പൂർണ്ണമായും ഉപേക്ഷിക്കാൻ ഇറാൻ തത്വത്തിൽ സമ്മതിച്ചതായാണ് റിപ്പോർട്ട്.
അടുത്ത ഏതാനും മണിക്കൂറുകൾക്കുള്ളിൽ ലോകത്തിന് ചില നല്ല വാർത്തകൾ ലഭിക്കാനുള്ള സാധ്യതയുണ്ടെന്ന് താൻ കരുതുന്നതായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ. നാല് ദിവസത്തെ ഇന്ത്യ സന്ദർശനത്തിനെത്തിയ മാർക്കോ റൂബിയോ ദില്ലിയിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഇക്കാര്യം അറിയിച്ചത്.
അമേരിക്ക – ഇറാൻ സമാധാന ചർച്ചകളിലേക്ക് വീണ്ടും നീങ്ങുന്നതിന് കയ്യടിച്ച് ലോകം. ഇതുവരെയുള്ള ചർച്ചകളിലെ പുരോഗതിയെ സ്വാഗതം ചെയ്ത് യൂറോപ്യൻ യുണിയനും ബ്രിട്ടനുമടക്കം രംഗത്തെത്തി. ചർച്ചകളിൽ പുരോഗതി ഉള്ളതായി അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും വ്യക്തമാക്കി.
പശ്ചിമേഷ്യൻ സമാധാന ചർച്ചകളിൽ അമേരിക്കയുമായുള്ള ഏത് ധാരണയും ഇസ്രയേലിനും ബാധകമായിരിക്കുമെന്ന് ഇറാൻ വ്യക്തമാക്കി. ഇസ്രയേലിനെ കരാറിൽ നിന്ന് മാറ്റി നിർത്തിയെന്ന വാർത്തകൾ തള്ളിയ ഇറാൻ മാധ്യമങ്ങൾ, ലബനൻ ഉൾപ്പടെയുള്ള മേഖലകളിൽ യുദ്ധം നിർത്തുന്ന ധാരണയാണ് ലക്ഷ്യമിടുന്നതെന്നും വ്യക്തമാക്കി.
