വി ഡി സതീശന്‍ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ കഴിഞ്ഞ് മൂന്നാം നാൾ മന്ത്രിമാരുടെ വകുപ്പ് വിഭജനം പൂർത്തിയായി. പട്ടിക ഗവർണർക്ക് കൈമാറി. വിവാദമായ ഫിഷറീസ് വകുപ്പ് മുസ്ലിം ലീഗിന് തന്നെയാണ് നല്‍കിയത്. വി ഇ അബ്ദുൾ ഗഫൂറാണ് ഫിഷറിസ് മന്ത്രി. ലീഗ് കോൺഗ്രസിന് കൈമാറിയ ഉന്നതവിദ്യാഭ്യാസവകുപ്പ് റോജി എം ജോണിനാണ്. എം ലിജുവിന് എക്സൈസിനൊപ്പം സഹകരണ വകുപ്പും ലഭിച്ചു. റവന്യൂ വകുപ്പ് എപി അനിൽകുമാറിനും വൈദ്യുതി സണ്ണി ജോസഫിനുമാണ്.
സത്യപ്രതിജ്ഞാ വേളയിൽ മുഖ്യമന്ത്രി വിഡി സതീശൻ തന്റെ പിതാവിന്റെ പൂർണ്ണമായ പേര് പറഞ്ഞതുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കെതിരെ കവിയും ചലച്ചിത്ര സംവിധായകനുമായ ശ്രീകുമാരൻ തമ്പി. സ്വന്തം പിതാവിന്റെ പേരിൽ അഭിമാനിക്കുന്ന ഒരു പുത്രന്റെ കടമയാണ് മുഖ്യമന്ത്രി ചെയ്തതെന്ന് ശ്രീകുമാരൻ തമ്പി തന്റെ കുറിപ്പിൽ വ്യക്തമാക്കി.
എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസിൽ അന്വേഷണ സംഘത്തെ വിമർശിച്ച് ഹൈക്കോടതി. അന്വേഷണം ഉടൻ പൂർത്തിയാക്കാൻ നിർദേശിച്ച കോടതി കേസിലെ അന്തിമ റിപ്പോർട്ട് ജൂൺ 20-ാം തീയതിയോ മുൻപോ ആയി സമർപ്പിക്കാൻ ആവശ്യപ്പെട്ടു. കേസിൽ ഇതുവരെ ഒന്നും ചെയ്യാതെ ഇരുന്നത് എന്ത് കൊണ്ടെന്ന് പ്രതിയുടെ പേര് നോക്കിയാൽ നാട്ടുകാർക്ക് മനസ്സിലാകുമെന്ന് കോടതി പരിഹസിച്ചു.
കണ്ണൂർ എകെജി ആശുപത്രിയിൽ ചികിത്സയിലിരിക്കെ പോലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞ പ്രതികൾ വീണ്ടും പിടിയിലായി. സിപിഎം പ്രവർത്തകരായ പെരളശ്ശേരി സ്വദേശി അമൽ, ജിനേഷ് എന്നിവരാണ് അറസ്റ്റിലായത്. നഗര മധ്യത്തിൽ ഒളിവിൽ കഴിയവേ കണ്ണൂർ എസിപിയുടെ സ്ക്വാഡ് ആണ് പിടികൂടിയത്. അഴീക്കോട് മൂന്നുനിരത്തിൽ ബിജെപി പ്രവർത്തകരുമായുണ്ടായ സംഘർഷത്തിൽ പ്രതികളായിരുന്നു ഇരുവരും.
വെള്ളാപ്പള്ളി നടേശനെതിരെ യു പ്രതിഭ. നിയമനടപടി സ്വീകരിക്കാൻ ജില്ലാ കമ്മറ്റിയിൽ പാർട്ടിയുടെ അനുമതി തേടിയിരിക്കുകയാണ് യു പ്രതിഭ. മകനെ മാധ്യമങ്ങളിലൂടെ അവഹേളിച്ചെന്നും ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞ് അപമാനിച്ചുവെന്നും പ്രതിഭ ചൂണ്ടിക്കാട്ടുന്നു. നിയമനടപടിക്ക് അനുമതി നൽകണമെന്ന് ജില്ലാ കമ്മറ്റിയിൽ യു പ്രതിഭ ആവശ്യപ്പെട്ടു. അതേ സമയം പ്രതിഭയുടെ ആവശ്യത്തിന് ജില്ല നേതൃത്വം അനുമതി നൽകിയിട്ടില്ല. പ്രതിഭ ജയിക്കാൻ അർഹയല്ലെന്നും മകൻ കഞ്ചാവ് കച്ചവടത്തിന് പോയപ്പോൾ ഓർക്കണമായിരുന്നെന്നും വെള്ളാപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
കേരള നിയമസഭാ സ്പീക്കർ എ എൻ ഷംസീർ 44 മാസത്തെ സേവനത്തിന് ശേഷം പദവിയൊഴിഞ്ഞു. ഔദ്യോഗിക വസതിയായ ‘നീതി’യിൽ നിന്നും വിടവാങ്ങിയ അദ്ദേഹം, ഇനി കണ്ണൂർ കേന്ദ്രീകരിച്ച് മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തനത്തിൽ സജീവമാകുമെന്ന് അറിയിച്ചു.
ആലപ്പുഴയിലെ അമ്മത്തൊട്ടിലിൽ വീണ്ടുമൊരു അതിഥിയെത്തി. ചെറിയൊരു ഇടവേളയ്ക്ക് ശേഷമാണ്, സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിക്ക് സമീപമുള്ള അമ്മത്തൊട്ടിലിൽ ഏഴ് ദിവസം മാത്രം പ്രായമുള്ള ആൺകുഞ്ഞ് എത്തിയത്.
പൊലീസിനെ ബോംബെറിഞ്ഞ് വധിക്കാൻ ശ്രമിച്ച കേസിൽ 20 വർഷം തടവിന് ശിക്ഷിക്കപ്പെട്ട സിപിഎം നേതാവ് വി കെ നിഷാദിന് വീണ്ടും പരോൾ. ആറ് മാസത്തിനിടെ ഇത് മൂന്നാം തവണയാണ് നിഷാദ് കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് പുറത്തിറങ്ങുന്നത്. ഭാര്യയുടെ അമ്മയുടെ ചികിത്സാർത്ഥം ഹൈക്കോടതിയാണ് അഞ്ച് ദിവസത്തെ അടിയന്തര പരോൾ അനുവദിച്ചത്.
സർവകലാശാലകളിലെ ചാൻസലർ -സിൻഡിക്കേറ്റ് അധികാരത്തർക്കത്തിൽ ശ്രദ്ധേയമായ നിരീക്ഷണങ്ങളോടെ ഹൈക്കോടതിയുടെ നിർണ്ണായക ഉത്തരവ്. ചാൻസലറായ ഗവർണറുടെ ഉത്തരവിനെ സിൻഡിക്കേറ്റിന് വെല്ലുവിളിക്കാനാകില്ലെന്നും അത്തരം നടപടികൾ അധികാര ശ്രേണിയ്ക്കെതിരെന്നും കോടതി നിരീക്ഷിച്ചു.
പാചകവാതക ഉപഭോക്താക്കളെ ഒരു വിതരണ ഏജൻസിയിൽ നിന്ന് മറ്റൊന്നിലേക്ക് മാറ്റാൻ എണ്ണക്കമ്പനികൾക്ക് അധികാരമുണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഉപഭോക്താക്കൾക്ക് തടസ്സമില്ലാതെ പാചകവാതക വിതരണം ഉറപ്പാക്കുക എന്നതാണ് പ്രധാന പരിഗണനയെന്നും കോടതി നിരീക്ഷിച്ചു.
മാധ്യമ പ്രവർത്തകൻ കെ എം ബഷീറിനെ വാഹനം ഇടിച്ചു കൊലപ്പെടുത്തിയ കേസിൽ വിചാരണ ആഗസ്റ്റ് 1 മുതൽ തുടങ്ങും. തിരുവനന്തപുരം ഒന്നാം അഡീ.സെഷൻസ് കോടതിയിലാണ് വിചാരണ നടക്കുക. ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമനാണ് കേസിലെ പ്രതി. രണ്ടാം പ്രതിയായിരുന്ന വഫ ഫിറോസിനെ കോടതി കുറ്റപത്രത്തിൽ നിന്നും ഒഴിവാക്കിയിരുന്നു.
എറണാകുളം കിഴക്കമ്പലത്തിനടുത്ത് മലയിടം തുരുത്തിൽ സുപ്രീംകോടതി നിർദ്ദേശപ്രകാരം ഏഴു പട്ടികജാതി കുടുംബങ്ങളെ കുടിയൊഴിപ്പിക്കാനുള്ള നടപടികൾക്കെതിരെ പ്രതിഷേധവുമായി നാട്ടുകാർ. ഇന്ന് രാവിലെ മുതൽ നാട്ടുകാരുടെ പ്രതിഷേധം ശക്തമായിരുന്നു. അഭിഭാഷക കമ്മീഷൻ അഡ്വ. ജയപാലൻ സ്ഥലത്തെത്തി നടപടികൾക്ക് ശ്രമിച്ചെങ്കിലും, നാട്ടുകാർ സംഘടിച്ച് പ്രതിഷേധിച്ചതോടെ മുന്നോട്ടുപോകാനായില്ല.
മലപ്പുറം കോട്ടക്കൽ സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ ഗോവിന്ദ് രാജിനെ ലഹരി കടത്ത് സംഘവുമായുള്ള ബന്ധത്തെ തുടർന്ന് സസ്പെൻഡ് ചെയ്തു. കരിപ്പൂരിൽ എംഡിഎംഎയുമായി പിടികൂടിയ പ്രതികളുമായി ഇയാൾക്ക് അടുത്ത ബന്ധമുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇതേ കേസിൽ നേരത്തെ കരിപ്പൂർ സ്റ്റേഷനിലെ മറ്റൊരു പോലീസുകാരനെയും സസ്പെൻഡ് ചെയ്തിരുന്നു.
59 വർഷത്തെ ഇടവേളയ്ക്ക് ശേഷം തമിഴ്നാട്ടിൽ കോൺഗ്രസിന് മന്ത്രിസ്ഥാനം ലഭിക്കുന്നു. പി വിശ്വനാഥൻ, രാജേഷ് കുമാർ എന്നിവർ വിജയ് സർക്കാരിൽ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യും. വിസികെയും മുസ്‌ലിം ലീഗും മന്ത്രിസഭയിൽ ചേരുമെന്ന് പ്രതീക്ഷിക്കുന്നതായി ടിവികെ അറിയിച്ചു.
എച്ച്ആർഡിഎസ് സ്ഥാപന സെക്രട്ടറി അജി കൃഷ്ണനെതിരായ പോക്സോ കേസിൽ മുൻകൂർ ജാമ്യം അനുവദിച്ച് ദില്ലി കോടതി. ദില്ലി സാകേത് കോടതിയുടേതാണ് നടപടി. പെൺകുട്ടിക്കും കുടുംബത്തിനും സുരക്ഷ ഉറപ്പാക്കാനും കോടതി നിർദ്ദേശം നൽകി. നിബന്ധനകളോടെയാണ് മുൻകൂർ ജാമ്യം അനുവദിച്ചിരിക്കുന്നത്.
ചൂട് 48 ഡിഗ്രി സെൽഷ്യസ് കടന്നതോടെ ജനജീവിതം പൂർണ്ണമായും സ്തംഭിച്ച നിലയിൽ ഉത്തർ പ്രദേശിലെ ബന്ദ ജില്ല. ഉഷ്ണതരംഗം തീവ്രമായതിന് പിന്നാലെ രാവിലെ 10 മണിയോടെ പൂർണമായി അടച്ചിടേണ്ട അവസ്ഥയിലാണ് ബന്ദ.മുൻ വർഷങ്ങളിൽ രാജസ്ഥാനിലെ ചുരു, ജയ്‌സാൽമീർ തുടങ്ങിയ പ്രദേശങ്ങളിലായിരുന്നു ഇന്ത്യയിലെ ഏറ്റവും ഉയർന്ന താപനില അനുഭവപ്പെട്ടിരുന്നത്.
കേന്ദ്രസർക്കാരിനെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് നേതാവും ലോക്സഭ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധി. രാജ്യത്തെ ജനങ്ങൾ നേരിടുന്ന സാമ്പത്തിക പ്രശ്നങ്ങൾ സർക്കാർ ചെവിക്കൊള്ളുന്നില്ലെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. കർഷകരും യുവജനങ്ങളും തൊഴിലാളികളുമടക്കം ജീവിക്കാൻ പാടുപെടുമ്പോൾ ഉന്നത നേതൃത്വം പിആർ പരിപാടികളിൽ ഏർപ്പെട്ടിരിക്കുകയാണെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു.
30 വര്‍ഷം മുമ്പ് രണ്ട് യുഎസ് വിമാനങ്ങള്‍ വെടിവച്ചിട്ട സംഭവത്തില്‍ മുന്‍ ക്യൂബന്‍ പ്രസിഡന്റ് റൗള്‍ കാസ്‌ട്രോയെ ശിക്ഷിക്കാനുറച്ച് അമേരിക്ക. റൗള്‍ കാസ്‌ട്രോയ്ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചേക്കുമെന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു. കുറ്റം ചുമത്തുന്നതിനെക്കുറിച്ച് ഫെഡറല്‍ പ്രോസിക്യൂട്ടര്‍മാര്‍ ആലോചിക്കുന്നതായി കഴിഞ്ഞ ആഴ്ച റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
ഇന്ത്യ- യുകെ സ്വതന്ത്ര വ്യാപാര കരാര്‍ വേഗത്തിലാക്കാന്‍ ആവശ്യപ്പെട്ട് യുകെയിലെ സ്കോച്ച് വിസ്കി അസോസിയേഷൻ. കരാര്‍ പ്രകാരം വിസ്കിയുടെ ഇറക്കുമതി നികുതി കുറയുമെങ്കിലും, യുകെയുടെ പുതിയ സ്റ്റീൽ ഇറക്കുമതി നിയന്ത്രണങ്ങൾ കരാറിന് തടസമായി നിൽക്കുന്നു.
